Wednesday, February 16, 2011

ഭാഗ്യവാന്‍; പിന്നെ നിര്‍ഭാഗ്യവാന്‍

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നു പറയുന്നത്‌ സത്യമാണെന്നു ബോബ്‌ ബിക്കര്‍ഡിക്കിന്റെ കുടുംബം സമ്മതിക്കും. അല്ലെങ്കില്‍ ഒരു അപകടത്തില്‍നിന്നു രക്ഷപെട്ടെന്നു വിളിച്ചു പറഞ്ഞതിനു തൊട്ടുപിന്നാലെ ബ്രിട്ടീഷുകാരനായ ബോബിനെ മരണം കൊണ്ടുപോകുമായിരുന്നോ. ഹെലികോപ്‌റ്റര്‍ പൈലറ്റായിരുന്ന ബോബിന്റെ വിനോദമായിരുന്നു ബലൂണ്‍ പറത്തല്‍.

വമ്പന്‍ ബലൂണില്‍ അറ്റ്‌ലാന്റിക്‌ സമുദ്രത്തിനു കുറുകേ സഞ്ചരിച്ചിട്ടുണ്ട്‌ സാഹസികനായ ബോബ്‌. എന്നാല്‍, കഴിഞ്ഞ ദിവസം അവധിക്കാലം ആഘോഷിക്കാനായി ഫ്രാന്‍സിലെത്തിയ ബോബിനെ നിര്‍ഭാഗ്യം പിടികൂടുകയായിരുന്നു. ഫ്രഞ്ച്‌ പ്രദേശത്തെ ആല്‍പ്‌സ് പര്‍വത നിരകളില്‍ ബലൂണ്‍ പറപ്പിക്കാനായിരുന്നു ബോബും മറ്റ്‌ അഞ്ചു സുഹൃത്തുക്കളും എത്തിയത്‌. രണ്ടു ബലൂണുകളിലായിരുന്നു ഇവരുടെ സഞ്ചാരം.

ഒരു ബലൂണില്‍ ബോബ്‌ തനിച്ചും രണ്ടാമത്തെ ബലൂണില്‍ മറ്റു മൂന്നു പേരും ശേഷിക്കുന്നവര്‍ താഴെ ഇവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയും നിന്നിരുന്നു. ആല്‍പ്‌സിനു 6,000 അടി ഉയരത്തിലെത്തിയപ്പോഴാണ്‌ ബോബിന്റെ ബലൂണ്‍ അപകടത്തില്‍പ്പെട്ട്‌ തകര്‍ന്നത്‌. രണ്ടാമത്തെ ബലൂണിലുള്ള സുഹൃത്തുകള്‍ നോക്കുമ്പോള്‍ ബോബിന്റെ ബലൂണ്‍ പര്‍വതക്കെട്ടുകളില്‍ ഇടിച്ചു തകര്‍ന്നു താഴേക്കു പതിക്കുന്നു. ബോബ്‌ മരിച്ചെന്നുതന്നെ സുഹൃത്തുക്കള്‍ കരുതി. എന്നാല്‍, ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ബോബിന്റെ വിളി അവരെ തേടിയെത്തി. അപകടം പറ്റിയെങ്കിലും തനിക്കു കുഴപ്പമൊന്നുമില്ലെന്നും താന്‍ പര്‍വതത്തിനു താഴേക്കു വരികയാണെന്നും അവിടെവച്ചുകാണാമെന്നുമായിരുന്നു ബോബ്‌ സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്‌.

കൂട്ടുകാര്‍ക്കു സന്തോഷമായി. പര്‍വതത്തില്‍ അകപ്പെട്ട ബോബിനെ രക്ഷിക്കാന്‍ ഹെലികോപ്‌റ്റര്‍ അയയ്‌ക്കണമെന്ന്‌ അവര്‍ അധികൃതരോട്‌ ആവശ്യപ്പെട്ടു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഹെലികോപ്‌റ്റര്‍ പറന്നെത്തി. പര്‍വതപ്രദേശത്തു ബോബിനായി തെരച്ചില്‍ ആരംഭിച്ചു.

എന്നാല്‍, എത്ര തെരഞ്ഞിട്ടും ബോബിനെ കണ്ടില്ല. ബോബിന്റെ മൊബൈലില്‍ വിളിച്ചിട്ടും കിട്ടുന്നില്ല. ഒടുവില്‍ ഹെലികോപ്‌റ്റര്‍ താഴ്‌ന്നു പറന്നപ്പോള്‍ കാണുന്നത്‌ പാറക്കെട്ടി തലഇടിച്ചു മരിച്ച നിലയില്‍ കിടക്കുന്ന ബോബിന്റെ മൃതദേഹമാണ്‌. ബലൂണ്‍ അപകടത്തില്‍ തനിക്കൊന്നും പറ്റിയില്ലെന്നു കൂട്ടുകാരെ വിളിച്ചു പറഞ്ഞു കഴിഞ്ഞ ഉടന്‍തന്നെ ബോബ്‌ നിന്നിരുന്ന മഞ്ഞുപാളി ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. ഈ വീഴ്‌ചയില്‍ പാറയില്‍ തലയിടിച്ചു ബോബ്‌ മരിക്കുകയായിരുന്നു. നിര്‍ഭാഗ്യവാന്‍ എന്നല്ലാതെ ആറു മക്കളുടെ ഈ പിതാവിനെ എന്തു വിളിക്കാനാണ്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...