Monday, February 14, 2011

കാമുകനെ വാടകയ്‌ക്ക് ആവശ്യമുണ്ട്‌

കാമുകിമാരെ കണ്ടെത്തുക എന്നത്‌ ഭാഗ്യമായാണ്‌ പല പുരുഷന്മാരും കരുതുന്നത്‌. സ്‌ത്രീകള്‍ മുടിഞ്ഞ്‌ അഹങ്കാരികളാണെന്നും അല്‌പം സൗന്ദര്യം കുറഞ്ഞാല്‍പ്പോലും അവര്‍ ആണുങ്ങളെ മൈന്‍ഡു ചെയ്യില്ലെന്നുമാണ്‌ ഇവര്‍ പരാതി പറയുന്നത്‌. എന്നാല്‍, സുന്ദരിയായ താംഗ്‌ യോഗ്‌ഷി എന്ന ചൈനീസ്‌ സുന്ദരി ഒരു കാമുകനെ കണ്ടെത്താന്‍ സഹിച്ച കഷ്‌ടതകള്‍ അറിഞ്ഞാല്‍ സ്‌ത്രീ വിരോധികളായ നിരാശാ കാമുകന്മാരുടെ അഭിപ്രായം മാറും. ചൈനയിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ്‌ വസന്തോത്സവം. ചൈനീസ്‌ ആളുകളെല്ലാം ലോകത്തെവിടെയാങ്കിലും വസന്തോത്സവത്തിനു വീട്ടിലെത്തും. താംഗിനും വീട്ടില്‍ പോകണം. പക്ഷേ, വീട്ടുകാര്‍ നിരന്തരമായി വിവാഹത്തെക്കുറിച്ചാണ്‌ ഈ സുന്ദരിയോട്‌ സംസാരിക്കുന്നത്‌.

താംഗിനൊപ്പം പഠിച്ചവരും അവളുടെ കൂട്ടുകാരുമെല്ലാം വിവാഹിതരായി പലര്‍ക്കും കുട്ടികളുമായി. എന്നിട്ടും പ്രായം മുപ്പതോട്‌ അടുക്കുന്ന താംഗിനു പേരിനൊരു കാമുകന്‍ പോലുമില്ല. വീട്ടുകാര്‍ക്ക്‌ അവളെക്കുറിച്ചു വിഷമിക്കാന്‍ ഇതിലേറെ കാരണം എന്തു വേണം. പുരനിറഞ്ഞു നില്‍ക്കുന്ന തന്നെക്കുറിച്ചുള്ള മാതാപിതാക്കളുടെ വിഷമം തീര്‍ക്കണമെന്നതാണ്‌ താംഗിന്റെ ഏറ്റവും വലിയ ആഗ്രഹം.

മികച്ച ശമ്പളത്തില്‍ നല്ല ജോലിയുണ്ടെങ്കിലും തിരക്കിനിടയില്‍ കാമുകനെ കണ്ടെത്താനൊന്നും താംഗിനു കഴിഞ്ഞില്ല. വസന്തോത്സവത്തിനു വീട്ടില്‍ പോവുകയും വേണം. കാമുകനെ കൊണ്ടു ചെന്നില്ലെങ്കില്‍ വീട്ടില്‍ കയറ്റുകയുമില്ല. എന്തു ചെയ്യും. പരിചയക്കാരോടെല്ലാം താംഗ്‌ കാര്യം പറഞ്ഞു. ആരും സഹകരിക്കാന്‍ തയാറല്ല. ഒടുവില്‍ താംഗ്‌ എന്തു ചെയ്‌തെന്നോ. കാമുകനെ ആവശ്യമുണ്ടെന്ന്‌ ഒരു ബോര്‍ഡും പിടിച്ച്‌ തെരുവിലിറങ്ങി. സിഷ്വാങ്‌ പ്രവശ്യയുടെ തലസ്‌ഥാനമായ ഷെംങ്‌ഡുവിലെ നിരത്തിലാണ്‌ താംഗ്‌ കാമുകനെ ആവശ്യമുണ്ടെന്ന ബോര്‍ഡുമായി രംഗത്തെത്തിയത്‌.

വെറും അഞ്ചു ദിവസത്തേക്കു കാമുകനായി അഭിനയിച്ചാല്‍ മതി. പിന്നീട്‌ യാതൊരു ബന്ധവും പാടില്ല എന്ന വ്യവസ്‌ഥയും താംഗിനുണ്ട്‌.

കാമുകന്‌ അത്യാവശ്യം സൗന്ദര്യം വേണം, 26നും 30നും മധ്യേ പ്രായം, ആറടിയോളം ഉയരം എന്നിവയാണ്‌ താംഗ്‌ വാടക കാമുകന്‌ ആവശ്യപ്പെടുന്ന ലക്ഷണങ്ങള്‍. എന്നാല്‍, ബോര്‍ഡും തൂക്കി നടന്നതല്ലാതെ താംഗിനു കാമുകനെ തടഞ്ഞോ എന്നറിയില്ല.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...