Sunday, February 20, 2011

രഹസ്യനിരീക്ഷണത്തിന്‌ ഇനി കൃത്രിമ കുരുവികളും


രഹസ്യനിരീക്ഷണത്തിനായി കൃത്രിമ കുരുവി നിര്‍മിച്ചിരിക്കുകയാണ്‌ അമേരിക്കയിലെ ഒരു പ്രതിരോധ കമ്പനി. ഹമ്മിംഗ്‌ബേഡിന്റെ കൃത്രിമ രൂപത്തിലാണ്‌ ഈ കുരുവിയെ നിര്‍മിച്ചിരിക്കുന്നത്‌. 16 സെന്റീമീറ്റര്‍ ഉയരം മാത്രമുള്ള ഈ കരുവിക്ക്‌ ഒരു മണിക്കൂറുകൊണ്ടു 17.6 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും.

പറന്നു നില്‍ക്കാനും പുറകോട്ടു പറക്കാനും കഴിയുന്ന കുരുവിയാണ്‌ ഹമ്മിംഗ്‌ബേഡുകള്‍. ഹമ്മിംഗ്‌ബേഡുകളുടെ പ്രവര്‍ത്തന രീതിയെ അനുകരിച്ചാണ്‌ ഈ കൃത്രിമ കുരുവിയെ നിര്‍മിച്ചിട്ടുള്ളത്‌. രൂപത്തിലും പ്രവര്‍ത്തനത്തിലുമെല്ലാം ഇത്‌ ഒറിജിനല്‍ ഹമ്മിംഗ്‌ ബേഡിനെ കടത്തിവെട്ടും.

കുരുവി ചാരന്‍ എന്നാണ്‌ ഈ കൃത്രിമ ഹമ്മിംഗ്‌ബേഡിനെ കമ്പനി വിളിക്കുന്നത്‌. ചെറിയൊരു ബാറ്ററി മതി ഇതിന്റെ പ്രവര്‍ത്തനത്തിന്‌. പറക്കുമ്പോള്‍ ഈ കുരുവിയില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ ദൃശ്യങ്ങള്‍ പകര്‍ത്തി അയയ്‌ക്കും. ഈ ദൃശ്യങ്ങള്‍ നിരീക്ഷിച്ച്‌ ശത്രുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനാവും.

ഏതു മേഖലയിലും ഈ കുരുവിയെ ഉപയോഗിക്കാമെന്നാണ്‌ കുരുവിയെ നിര്‍മിച്ച പ്രതിരോധ സ്‌ഥാപനമായ ഏറോ വിറോണ്‍മെന്റ്‌ പറയുന്നത്‌. ആകാശത്തുകൂടി പറക്കുന്ന ഒരു കുരുവിയെന്നേ ആളുകള്‍ ഇതിനെ കരുതു. അതിനാല്‍ ആളില്ലാത്ത ചെറുവിമാനത്തേക്കാളും കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ ശത്രുവിന്റെ രഹസ്യങ്ങളെക്കുറിച്ചറിയാന്‍ ഈ കുരുവിക്കു സാധിക്കുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിനായിരിക്കും കമ്പനി ഈ കുരുവികളെ കൈമാറുക. അഞ്ചു വര്‍ഷമെടുത്താണ്‌ കൃത്രിമ കുരുവിയെ വികസിപ്പിച്ചെടുത്തത്‌. 18 കോടി രൂപയാണ്‌ ഇതിന്റെ നിര്‍മാണത്തിനായി ചെലവായത്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...