Thursday, February 3, 2011

ഡ്രൈവര്‍ മദ്യപിച്ചാല്‍ ഓടാത്ത കാര്‍!


ഡ്രൈവര്‍ മദ്യപിച്ചാല്‍ സ്‌റ്റാര്‍ട്ടാകാത്ത കാര്‍ യാഥാര്‍ഥ്യമാകുന്നു. ഡ്രൈവറുടെ ശ്വാസോച്‌ഛാസവും രക്‌തവും പരിശോധിച്ച്‌ മദ്യത്തിന്റെ അളവ്‌ കണ്ടെത്തുന്ന സെന്‍സറുകള്‍ ഘടിപ്പിച്ച കാറായിരിക്കും ഇത്‌. ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന്‌ കാര്‍ സ്‌റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന്‌ ഈ കാര്‍ ചൂണ്ടിക്കാട്ടും.

അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഈ കാറിന്റെ എന്‍ജിന്‍ സ്‌റ്റാര്‍ട്ടാകില്ല. പിന്നെ പുറത്തിറങ്ങി ടാക്‌സി പിടിച്ചു പോവുകയേ ഡ്രൈവര്‍ക്കു ഗതിയുള്ളൂ.

ഡ്രൈവിംഗ്‌ സിറ്റിലും സ്‌റ്റീയറിംഗിലുമാണ്‌ മദ്യത്തിന്റെ സാന്നിധ്യം അറിയാനുള്ള സെന്‍സറുകള്‍ ഘടിപ്പിക്കുക. എന്നാല്‍, വിപണിയില്‍ കാര്‍ എത്തണമെങ്കില്‍ 2020 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ്‌ ഈ സാങ്കേതിക വിദ്യയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്‌ത്രജ്‌ഞരുടെ സംഘം പറയുന്നത്‌. കൈനെറ്റിക്യൂ എന്ന കമ്പനിയാണ്‌ ഇതിന്റെ പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌. അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ പരീക്ഷണങ്ങളില്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. 13 ലക്ഷത്തോളം ആളുകള്‍ ഓരോ വര്‍ഷവും വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്നാണ്‌ ഐക്യരാഷ്ര്‌ടസഭയുടെ കണക്ക്‌. ഇതില്‍ ഏറിയ പങ്കും മദ്യപിച്ചുള്ള ഡ്രൈവിംഗിന്റെ ഭാഗമാണെന്നാണ്‌ ഐക്യരാഷ്ര്‌ട സഭ പറയുന്നത്‌. വര്‍ഷം ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍, മദ്യപരായ ഡ്രൈവര്‍മാരെ കണ്ടെത്തുന്ന ഇത്തരം കാറുകളില്‍ ഭൂരിപക്ഷവും നിരത്തിലിറങ്ങില്ലെന്നാണ്‌ മദ്യകമ്പനിക്കാര്‍ പറയുന്നത്‌. കാരണം ഡ്രൈവിംഗ്‌ ചെയ്യുന്നവരില്‍ ഏറിയ പങ്കും മദ്യപിക്കുന്നവരാണെന്നാണ്‌ മദ്യകമ്പനിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്‌. 2020-ല്‍ കേരളത്തില്‍ ഈ വാഹനം നിര്‍ബന്ധമാക്കിയാല്‍ നാഷണല്‍ ഹൈവേയില്‍ ക്രിക്കറ്റ്‌, ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാമെന്നാണ്‌ കായിക സംഘടനകളുടെ പ്രതീക്ഷ.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...