Sunday, February 27, 2011

മരണം പ്രവചിക്കുന്ന പൂച്ച

പോത്തിന്റെ പുറത്തേറി വരുന്ന കാലനാണ്‌ ഭാരതത്തില്‍ മരണത്തിന്റെ പ്രതീകം. എന്നാല്‍, ഇംഗ്ലണ്ടില്‍ അതൊരു പൂച്ചയാണ്‌. ജീവനുള്ള ഒരു പൂച്ചയാണ്‌ ഇംഗ്ലണ്ടിലെ മരണങ്ങള്‍ പ്രവചിക്കുന്നത്‌. അഞ്ചുവയസുള്ള ഓസ്‌കര്‍ എന്നു പേരുള്ള ഈ പൂച്ച ഇതുവരെയും 50 മരണങ്ങള്‍ പ്രവചിച്ചിട്ടുണ്ടെന്നാണ്‌ ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഓസ്‌കറിന്റെ മരണ പ്രവചനങ്ങളില്‍ ഒന്നുപോലും തെറ്റിയിട്ടുമില്ല. ന്യൂഇംഗ്ലണ്ടിലെ സ്‌റ്റീര്‍ ഹൗസ്‌ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ സെന്ററിലാണ്‌ ഈ പൂച്ചയുടെ താമസം. പ്രായമായ രോഗികളെ ചികിത്സിക്കുന്ന കേന്ദ്രമാണിത്‌.

സ്‌മൃതിഭ്രംശം സംഭവിച്ച രോഗികളും മരണം കാത്തു കഴിയുന്നവരുമാണ്‌ ഇവരില്‍ ഭൂരിപക്ഷവും. ഇവര്‍ കഴിയുന്ന വാര്‍ഡുകളിലൂടെ ഡോക്‌ടര്‍മാര്‍ക്കൊപ്പമോ അല്ലെങ്കില്‍ പരിചരിക്കാനെത്തുന്ന നഴ്‌സുമാര്‍ക്കൊപ്പമോ ആണ്‌ ഓസ്‌കര്‍ സഞ്ചരിക്കുന്നത്‌്. ഈ സഞ്ചാരത്തില്‍ ഏതെങ്കിലും രോഗിയുടെ കട്ടിലില്‍ ഓസ്‌കര്‍ കയറി ഇരുന്നാല്‍ ഉറപ്പിക്കാം 24 മണിക്കൂറിനുള്ളില്‍ അയാള്‍ മരിക്കുമെന്ന്‌. ഓസ്‌കര്‍ രോഗിയുടെ കട്ടിലില്‍ കയറി ഇരുന്നാല്‍ ആശുപത്രി അധികൃതര്‍ ഉടനെ അവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കും. കാരണം, ഓസ്‌കറിന്റെ പ്രവചനങ്ങള്‍ കടുകിട തെറ്റാറില്ലെന്ന്‌ അവര്‍ക്കറിയാം. ചിലപ്പോള്‍ മരിക്കുന്നതുവരെയും ഓസ്‌കര്‍ രോഗിക്കു കൂട്ടിരിക്കാറുണ്ട്‌.

മണം പിടിക്കാനുള്ള കഴിവായിരിക്കാം ഓസ്‌കറിനെ ഈ പ്രത്യേക ശേഷിക്കു കാരണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. കോശങ്ങള്‍ നശിക്കുന്നതും അതേത്തുടര്‍ന്നുണ്ടാകുന്ന ചില പ്രത്യേക ഘടകങ്ങളുടെ മണം തിരിച്ചറിയാനുള്ള കഴിവായിരിക്കാം ഓസ്‌കറിനെ മരണ പ്രവചനത്തിലേക്കു നയിക്കുന്നതെന്നാണ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഓസ്‌കറിന്റെ കഥ സിനിമയാക്കാനുള്ള തയാറെടുപ്പിലാണ്‌ ഹോളിവുഡ്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...