Wednesday, February 23, 2011

മോഷണം പോയ പേഴ്‌സ്‌ തിരിച്ചുകിട്ടിയത്‌ 40 വര്‍ഷത്തിനുശേഷം

പേഴ്‌സുകള്‍ മോഷണം പോയാല്‍ തിരിച്ചു കിട്ടുന്നതുതന്നെ അപൂര്‍വമാണ്‌. തിരിച്ചുകിട്ടിയാലോ അതില്‍ പണവും കാണില്ല. എഴുപത്തിയേഴുകാരനായ റുഡോള്‍ഫ്‌ റെസ്‌റ്റയുടെ മോഷണം പോയ പേഴ്‌സ് തിരിച്ചുകിട്ടിയതും പണം നഷ്‌ടപ്പെട്ട നിലയിലായിരുന്നു. എന്നാല്‍, പണം നഷ്‌ടപ്പെട്ടാലെന്താ പേഴ്‌സ് തിരിച്ചുകിട്ടിയല്ലോ എന്ന സന്തോഷത്തിലാണ്‌ റുഡോള്‍ഫ്‌. കാരണം മോഷണം നടന്ന്‌ 40 വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ പേഴ്‌സ് റുഡോള്‍ഫിനു തിരികെ ലഭിക്കുന്നത്‌.

അമേരിക്കയിലെ വിഖ്യാതമായ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രത്തിലെ ആര്‍ട്ട്‌ ഡയറക്‌ടറായിരുന്നു റുഡോള്‍ഫ്‌. ന്യൂയോര്‍ക്ക്‌ ടൈംസില്‍ പ്രവര്‍ത്തിക്കവേയാണ്‌ റുഡോള്‍ഫിന്റെ പേഴ്‌സ് മോഷണം പോകുന്നത്‌. ജാക്കറ്റില്‍നിന്നാണ്‌ മോഷ്‌ടാവ്‌ പേഴ്‌സുമായി കടന്നത്‌. നാളുകളോളം തെരഞ്ഞെങ്കിലും റുഡോള്‍ഫിനു പേഴ്‌സ് കണ്ടെത്താനായില്ല. ഭാര്യയുടെയും മക്കളുടെയും പിതാവിന്റെ ചിത്രങ്ങളും പ്രധാനപ്പെട്ട ചില ബില്ലുകളും ആ പേഴ്‌സിലുണ്ടായിരുന്നു. മോഷ്‌ടാവാകട്ടെ പേഴ്‌സിലെ പണം മാത്രമെടുത്ത ശേഷം പേഴ്‌സ് മാന്‍ഹാട്ടണിലുള്ള ടൈംസ്‌ കെട്ടിടത്തിന്റെ ഭിത്തിയിലെ വിടവിനിടെ ഉപേക്ഷിക്കുകയായിരുന്നു.

40 വര്‍ഷങ്ങള്‍ക്കുശേഷം കെട്ടിടത്തിലെ ഒരു സുരക്ഷാ ജീവനക്കാരനാണ്‌ അവിചാരിതമായി ഈ പേഴ്‌സ് കണ്ടെത്തുന്നത്‌. പേഴ്‌സില്‍ റുഡോള്‍ഫിന്റെ സെക്യൂരിറ്റി നമ്പരുള്ളതിനാല്‍ അദ്ദേഹത്തെ കണ്ടെത്താനായെന്നാണ്‌ സെക്യരിറ്റി ജീവനക്കാരന്‍ പറയുന്നത്‌. 40 വര്‍ഷത്തിനുശേഷം തന്റെ പ്രിയപ്പെട്ട ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങള്‍ കണ്ടുകിട്ടിയ സന്തോഷത്തിലായിരുന്നു പേഴ്‌സ് തിരികെ ലഭിച്ച റുഡോള്‍ഫ്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...