Sunday, February 13, 2011

ഫ്‌ളാറ്റ്‌ വാങ്ങിയ യുവതിയെ കാത്തിരുന്നത്‌ മുന്‍ ഉടമയുടെ മൃതദേഹം

വീടു വാങ്ങുകയെന്നത്‌ ഏതൊരാളുടെയും സ്വപ്‌നമാണ്‌. എന്നാല്‍, പുതുതായി വാങ്ങിയ വീട്ടില്‍ താമസിക്കാന്‍ എത്തിയ പോര്‍ച്ചുഗീസ്‌ യുവതിയെ കാത്തിരുന്നതോ മുന്‍ ഉടമസ്‌ഥയുടെ എട്ടു വര്‍ഷം പഴക്കമുള്ള മൃതദേഹവും. പോര്‍ച്ചുഗലിലെ ലിസ്‌ബണിലാണ്‌ സംഭവം. ലേലത്തിലൂടെയാണ്‌ പോര്‍ച്ചുഗീസ്‌ യുവതി തലസ്‌ഥാന നഗരിയിലെ വീടു വാങ്ങിയത്‌. വാങ്ങിയശേഷം ആദ്യമായി വീടു കാണാന്‍ എത്തിയപ്പോഴാണ്‌ യുവതിയെ ദുര്‍വിധി കാത്തിരുന്നത്‌. ഫ്‌ളാറ്റിലെ ഓരോ മുറികളും കയറിനോക്കി ഒടുവില്‍ അടുക്കളയില്‍ എത്തിയപ്പോഴാണ്‌ യുവതി ഞെട്ടിപ്പോയത്‌. അടുക്കളയുടെ തറയില്‍ ഒരു അസ്‌ഥികൂടം. സമീപത്തായി ഒരു നായയുടെ അസ്‌ഥികൂടവുമുണ്ട്‌. ഫ്‌ളാറ്റിന്റെ മുന്‍ ഉടമസ്‌ഥയായ അഗസ്‌റ്റ മാര്‍ട്ടിനോയുടേയും വളര്‍ത്തു നായയുടേതുമായിരുന്നു ഈ അസ്‌ഥികൂടങ്ങള്‍. വര്‍ഷങ്ങളായി അഗസ്‌റ്റ ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്കായിരുന്നു താമസം. 2002 ഓഗസ്‌റ്റിലാണ്‌ അഗസ്‌റ്റയെ കാണാതാവുന്നത്‌. അപ്പോള്‍ 88 വയസുണ്ടായിരുന്നു അഗസ്‌റ്റയ്‌ക്ക്. അയല്‍പക്കക്കാരുമായി ബന്ധം പുലര്‍ത്താതെയായിരുന്നു അഗസ്‌റ്റയുടെ ജീവിതം.

മൂന്നുമാസമായി അഗസ്‌റ്റയെ കാണാനില്ലെന്നായിരുന്നു അയല്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കിയത്‌. പോലീസ്‌ ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കായി എത്തിയെങ്കിലും വാതില്‍ തുറക്കാനാവാതെ മടങ്ങുകയായിരുന്നു. അഗസ്‌റ്റ ജീവനൊടുക്കിയിരിക്കാമെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതേത്തുടര്‍ന്നായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം അധികൃതര്‍ ഫ്‌ളാറ്റ്‌ ലേലം ചെയ്യാന്‍ തീരുമാനിച്ചത്‌.

ഫ്‌ളാറ്റില്‍വച്ചു അഗസ്‌റ്റ മരിച്ചിരുന്നതായും പിന്നീട്‌ ഭക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന്‌ നായയും മരിച്ചുപോവുകയായിരുന്നെന്നുമാണ്‌ പോലീസ്‌ പറയുന്നത്‌. എന്തായാലും ഈ ഫ്‌ളാറ്റില്‍ താമസിക്കില്ലെന്നാണ്‌ വാങ്ങിയ യുവതി പറയുന്നത്‌. കാരണം ചിലപ്പോള്‍ അഗസ്‌റ്റയുടെ പ്രേതം തന്നെ പിടികൂടിയേക്കാമെന്നാണ്‌ അവര്‍ പറയുന്നത്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...