Wednesday, February 2, 2011

ബാല്യകാല പ്രണയം സഫലമായത്‌ 92-ാം വയസില്‍

ബാല്യത്തില്‍ പരസ്‌പരം തോന്നിയ സ്‌നേഹവും ഇഷ്‌ടവും സഫലമാകാന്‍ അമേരിക്കക്കാരായ സെസെലിയ ഹാല്‍സെത്തിനും ഫ്‌ളോഡി ഷെഫിനും കാത്തിരിക്കേണ്ടിവന്നത്‌ 80 വര്‍ഷങ്ങള്‍. ബൊണ്ണറിലുള്ള സെന്റ്‌ ആന്‍ പള്ളിയില്‍ മക്കളുടെയും കൊച്ചുമക്കളുടെയും അവരുടെ മക്കളുടെയും സാന്നിധ്യത്തില്‍ ഫ്‌ളോഡിയും സെസെലിയയും വിവാഹിതരാകുമ്പോള്‍ ഇരുവര്‍ക്കും പ്രായം 92 വയസ്‌. കുട്ടിക്കാലത്ത്‌ അയല്‍വാസികളായിരുന്നു ഇരുവരും. ഒരുമിച്ച്‌ കുതിരകള്‍ ഓടിക്കുന്നതായിരുന്നു ഇവരുവരുടെയും പ്രിയപ്പെട്ട വിനോദം. മണിക്കൂറുകളോളം കുതിരപ്പുറത്ത്‌ പാഞ്ഞു നടന്ന ബാല്യകാലത്തെ സ്‌മരണകളാണ്‌ ഇരുവരെയും ജീവിത സായാഹ്നത്തില്‍ വീണ്ടുമൊരു ജീവിതത്തിനു പ്രേരിപ്പിച്ചത്‌. തന്റെ ആദ്യ കാമുകിയാണ്‌ സെസെലിയയെന്നാണ്‌ ഫ്‌ളോഡി പറയുന്നത്‌. 17-ാം വയസിലാണ്‌ ഇരുവരും പിരിയുന്നത്‌. പ്രിയപ്പെട്ടവനെ ചുംബിച്ച്‌ യാത്രയാക്കിയ സെസെലിയ കാത്തിരുന്നത്‌ 75 വര്‍ഷമായിരുന്നു. ഫ്‌ളോഡി തൊഴില്‍തേടി പോയതോടെ സെസെലിയ ബിസിനസ്‌ സ്‌കൂളില്‍ ചേര്‍ന്ന്‌ പഠനം തുടര്‍ന്നു. പിന്നീട്‌ ജോലിക്കിടെ പരിചയപ്പെട്ട മെല്‍വിന്‍ ഹാല്‍സെത്തിനെ 49 വര്‍ഷത്തിനു മുമ്പ്‌ വിവാഹം കഴിച്ച്‌ പുതിയ ജീവിതം ആരംഭിച്ചു. എന്നാല്‍, 1999ല്‍ മെല്‍വിന്‍ മരിച്ചതോടെ സെസെലിയ വീണ്ടും ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു.

ഫ്‌ളോഡിയും ഇതിനിടെ വിവാഹിതനായിരുന്നു. അന്ന മെയ്‌ എന്ന സ്‌ത്രീയെ വിവാഹം കഴിച്ച ഫ്‌ളോഡി മക്കളും കൊച്ചുമക്കളുമായി ജീവിതം ആസ്വദിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ്‌ ഭാര്യ മരിച്ച്‌ ഫ്‌ളോഡി വാര്‍ധക്യത്തില്‍ ഒറ്റയ്‌ക്കായത്‌. റോണന്‍ എന്ന പ്രദേശത്താണ്‌ സെസെലിയും ഫ്‌ളോഡിയും കുട്ടിക്കാലം ചെലവഴിച്ചത്‌. ഇരുവരും ജോലിക്കായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി താമസം മാറ്റിയിരുന്നെങ്കിലും ഫ്‌ളോഡിയുടെ സഹോദരനും ബന്ധുക്കളും റോണനില്‍ താമസിക്കുന്നുണ്ടായിരുന്നു.

സെസെലിയയുടെ സഹോദരനെ ഫ്‌ളോഡി കണ്ടെത്തിയതാണ്‌ വഴിത്തിരുവായത്‌. ഇരുവരുടെയും സംഭാഷണം ഒടുവില്‍ സെസെലിയയിലെത്തി. സെസെലിയയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ഫ്‌ളോഡി സെസെലിയയെ വിളിക്കുകയായിരുന്നു. സെസെലിയയുടെ മാതാവിന്റെ സംസ്‌കാര വേളയിലായിരുന്നു ഫ്‌ളോഡിയും സെസെലിയയും അവസാനം പരസ്‌പരം കണ്ടത്‌. പരസ്‌പരമുള്ള ഫോണ്‍ വിളികള്‍ മണിക്കൂറുകളോളും നീണ്ടും; കാര്യങ്ങള്‍ മനസിലാക്കിയ മക്കള്‍ ഇരുവര്‍ക്കും കാണാനുള്ള അവസരം ഒരുക്കിക്കൊടുത്തു. പിന്നീടാണ്‌ മക്കളും ചെറുമക്കളുമെല്ലാം ചേര്‍ന്ന്‌ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചത്‌. ബാല്യത്തിലേക്കാളും സുന്ദരിയായിരിക്കുന്നു സെസെലിയ എന്നാണ്‌ ഫ്‌ളോഡി പറയുന്നത്‌. രണ്ടുപേരുടെയും മക്കളും ചെറുമക്കളും അവരുടെ മക്കളും ചേര്‍ന്നൊരു വലിയ കുടുംബത്തില്‍ ജീവിക്കുകയാണ്‌ ഇപ്പോള്‍ സെസെലിയയും ഫ്‌ളോഡിയും.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...