Thursday, June 9, 2011

മത്സ്യബന്ധനം ഒഴിവാക്കൂ; പ്ലാസ്‌റ്റിക്‌ പെറുക്കൂ

ഫ്രാന്‍സിലെ മത്സ്യബന്ധനതൊഴിലാളികളോട്‌ മീന്‍ പിടിക്കരുതെന്നാണ്‌ യൂറോപ്യന്‍ യൂണിയന്റെ ഉത്തരവ്‌. കടലില്‍പോയി മീന്‍ പിടിക്കേണ്ട പകരം പ്ലാസ്‌റ്റിക്‌് പെറുക്കാനാണ്‌ യൂറോപ്യന്‍ യൂണിയന്‍ ഇവരോട്‌ പറയുന്നത്‌. മെഡിറ്ററേനിയന്‍ കടലില്‍ പ്ലാസ്‌റ്റിക്കിന്റെ ആധിക്യം കുറയ്‌ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ മത്സ്യബന്ധന തൊഴിലാളികളോട്‌ കടലില്‍നിന്ന്‌ പ്ലാസ്‌റ്റിക്ക്‌ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഇതിനു പ്രതിഫലവും ഇവര്‍ക്ക്‌ ലഭിക്കും.

കൂടുതല്‍ മീന്‍ പിടിച്ചാല്‍ കൂടുതല്‍ പണം ലഭിക്കുമെന്നതുപോലെയാണ്‌ കൂടുതല്‍ പ്ലാസ്‌റ്റിക്കുകള്‍ കടലില്‍നിന്നുശേഖരിച്ചാല്‍ കൂടുതല്‍ വേതനം ഇവര്‍ക്ക്‌ നല്‍കുന്നത്‌. വിനോദസഞ്ചാരികള്‍ കടലിലേക്കു വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളാണ്‌ മെഡിറ്ററേനിയനിലെ മത്സ്യസമ്പത്ത്‌ നേരിടുന്ന പ്രധാന ഭീഷണിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ പുതിയ പദ്ധതി.

റെക്കോര്‍ഡ്‌ സൃഷ്‌ടിക്കാന്‍ ശരീരത്തില്‍ തറച്ചത്‌ 3,200 സൂചികള്‍

ശരീരത്തില്‍ സൂചി ചെറുതായൊന്ന്‌ തൊട്ടാല്‍ പോലും കഠിനമായ വേദനയെടുക്കും. എങ്കില്‍ ഈ സൂചി തൊലിപ്പുറത്ത്‌ കുത്തിക്കയറ്റിയാലോ. വേദന അസഹനീയമായിരിക്കും. എന്നാല്‍, വേദന കടിച്ചമര്‍ത്തി ശരീരത്തില്‍ 3,200 സൂചികള്‍ തറച്ച്‌ റെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു അമേരിക്കന്‍ യുവതി. ഒറ്റയിരിപ്പില്‍ ശരീരത്തില്‍ കൂടുതല്‍ സൂചി തറച്ചു കയറ്റിയെന്ന റെക്കോഡാണ്‌ സറ്റ്യഷ റാന്‍ഡല്‍ എന്ന ഇരുപത്തിരണ്ടുകാരി സ്വന്തമാക്കിയത്‌. ഒമ്പതിഞ്ച്‌ നീളമുള്ള 3,200 വമ്പന്‍ സൂചികളാണ്‌ തൊലിപ്പുറത്തുകൂടി സറ്റ്യഷ തറച്ചു കയറ്റിയത്‌.

ലാസ്‌വേഗസിലായിരുന്നു സറ്റ്യഷയുടെ പ്രകടനം. പുറംഭാഗത്തും തുടയിലുമാണ്‌ സറ്റ്യഷ സൂചി തുളച്ചു കയറ്റിയത്‌. ബില്‍ റോബിന്‍സണ്‍ എന്നയാളും സഹായികളുമാണ്‌ ഈ സറ്റ്യയുടെ ശരീരത്തില്‍ സൂചികള്‍ തുളച്ചുകയറ്റിയത്‌. ആറു മണിക്കൂറും 15 മിനിട്ടുമെടുത്തു ഇത്രയും സൂചികള്‍ തുളച്ചു കയറ്റാന്‍.

3,600 സൂചികള്‍ തുളച്ചു കയറ്റാനായിരുന്നു ലക്ഷ്യം. എന്നാല്‍, മുന്‍ റെക്കോഡായ 3,100 എന്നത്‌ തിരുത്തിയതോടെ സറ്റ്യക്ഷ വേദന സഹിക്കവയ്യാതെ പ്രകടനം നിറുത്തുകയായിരുന്നു. സൂചി ഓരോ തവണ തൊലിയില്‍ കയറുമ്പോഴും സറ്റ്യഷയുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ വരുമായിരുന്നു. ചിലപ്പോള്‍ വേദന സഹിക്കവയ്യാതെ സറ്റ്യഷ അലറിക്കരയും. അപ്പോഴെല്ലാം സഹായികള്‍ സറ്റ്യഷയെ ബലമായി പിടിച്ചായിരുന്നു സൂചികള്‍ കയറ്റിയിരുന്നത്‌.

Tuesday, May 24, 2011

12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പല്‍ വലിച്ചു നീക്കി റെക്കോഡിട്ടു

20,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ കപ്പല്‍ വലിച്ചു നീക്കി ലോകറെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു സംഘം എസ്‌റ്റോണിയാക്കാര്‍. 20 പേരടങ്ങിയ സംഘമാണ്‌ കപ്പല്‍ വടം ഉപയോഗിച്ച്‌ വലിച്ചു നീക്കിയത്‌. 12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലാണ്‌ എസേ്‌റ്റാണിയാക്കാര്‍ വലിച്ചുനീക്കിയത്‌. ബാള്‍ട്ടിക്ക്‌ ക്യൂന്‍ എന്നാണ്‌ കപ്പലിന്റെ പേര്‌. 212 മീറ്ററാണ്‌് ഈ കപ്പലിന്റെ നീളം.

അന്താരാഷ്ര്‌ടതലത്തിലെ ശക്‌തി മത്സരങ്ങളില്‍ കരുത്തുതെളിയിച്ചിട്ടുള്ളവര്‍ അടങ്ങിയതാണ്‌ ഈ സംഘം. 40 ടണ്‍ ഭാരമുള്ള കൂറ്റന്‍ ബോയിംഗ്‌ 737-500 വിമാനം ഒറ്റക്കൈകൊണ്ട്‌ തള്ളിനീക്കി ലോകറെക്കോഡ്‌ സ്വന്തമാക്കിയ ആന്‍ഡ്രസ്‌ മുറുമെറ്റ്‌സാണ്‌ സംഘത്തെ നയിച്ചത്‌. കഴിഞ്ഞവര്‍ഷം 200 ടണ്‍ ഭാരമുള്ള ഒരു കൂറ്റന്‍ ട്രെയിന്‍ വലിച്ചു നീക്കിയും ഈ സംഘം ലോകശ്രദ്ധനേടിയിരുന്നു.

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളുമില്ല

ഹെല്‍മെറ്റ്‌ ധരിക്കുന്നതെന്തിനാണെന്ന്‌ ഭോപ്പാലുകാരോട്‌ ചോദിച്ചാല്‍ പെട്രോള്‍ ലഭിക്കാനാണ്‌ എന്നായിരിക്കും ഉത്തരം. കാരണം, ഹെല്‍മെറ്റ്‌ ധരിക്കാത്ത മോട്ടോര്‍ സൈക്കിളുകാര്‍ക്ക്‌ ഇന്ധനം നല്‍കരുതെന്നാണ്‌ പെട്രോള്‍ പമ്പ്‌ ഉടമകള്‍ക്ക്‌ ഭോപ്പാല്‍ ജില്ലാ അധികൃതര്‍ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌. മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിക്കണമെന്നാണ്‌ നിയമം. എന്നാല്‍, ഭോപ്പാലുകാര്‍ക്ക്‌ ഇതത്ര ഇഷ്‌ടമുള്ള കാര്യമല്ല. കാരണം, ഹെല്‍മെറ്റുധരിച്ച്‌ യാത്ര ചെയ്‌താല്‍ സുന്ദരന്മാരായ തങ്ങളെ സുന്ദരിമാര്‍ കാണുകയില്ലെന്നാണ്‌ ഇവരുടെ പരാതി. പക്ഷേ, ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെയാണ്‌ മോട്ടോര്‍സൈക്കിളുകാരെ ഹെല്‍മെറ്റ്‌ ധരിപ്പിക്കാന്‍ ജില്ലാ അധികൃതര്‍ രംഗത്തെത്തിയത്‌.

ഹെല്‍മെറ്റ്‌ ധരിക്കാത്തവരില്‍നിന്ന്‌ പിഴ ഈടാക്കുകയായിരുന്നു ആദ്യനടപടി. മേയ്‌ 10ന്‌ ആരംഭിച്ച ഈ നടപടികൊണ്ടു കാര്യമായി പ്രയോജനമുണ്ടായില്ല. കഴിഞ്ഞ പത്തു ദിവസത്തിനിടെ 45,000 പേരെയാണ്‌ ഹെല്‍മെറ്റില്ലാതെ പിടികൂടിയത്‌. ഒടുവില്‍ കടുത്ത നടപടിയെന്ന നിലയിലാണ്‌ ഇന്ധനനിഷേധ മാര്‍ഗം പോലീസും ജില്ലാ അധികൃതരും പരീക്ഷിക്കുന്നത്‌. ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ പെട്രോള്‍ നല്‍കരുതെന്ന ജില്ലാ കളക്‌ടറുടെ ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പമ്പുടമകളില്‍നിന്ന കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്‌.

ഒബാമയ്‌ക്ക്‌ ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പ്‌ നല്‍കിയ പതിമൂന്നുകാരന്‍ കുടുങ്ങി

വിറ്റോ ലാപിന്റോ എന്ന പതിമൂന്നുകാരന്‍ ഇന്റര്‍നെറ്റിലെ സൗഹൃദശൃംഖല വെബ്‌സൈറ്റായ ഫേസ്‌ബുക്കില്‍ സജീവമാണ്‌. അമേരിക്കന്‍ സൈനികര്‍ ഒസാമയെ വധിച്ച ദിവസം വിറ്റോ ഫേസ്‌ബുക്കില്‍ എഴുതി. ഒസാമ മരിച്ചു. എന്നാല്‍, ഒബാമ കരുതിയിരിക്കണം. ചാവേര്‍ ബോംബാക്രമണങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്‌.

കൗമാരക്കാരന്‍ നടത്തിയ നിരുപദ്രവമായൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു ഇത്‌. എന്നാല്‍, അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ഇതിനെ അത്ര ചെറുതായല്ല കണ്ടത്‌. അവര്‍ സ്‌കൂളിലെത്തി വിറ്റോയെ ചോദ്യം ചെയ്‌തു. അല്‍ ക്വയ്‌ദയുടെ ഏതെങ്കിലും കുട്ടിക്കൂട്ടാളിയായിരിക്കും വിറ്റോ എന്നു കരുതിയാണ്‌ അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോഴേ വിറ്റോ കരഞ്ഞുതുടങ്ങി. ഒടുവില്‍ ഇനി ഫേസ്‌ബുക്കില്‍ പ്രവേശിക്കില്ലെന്ന്‌ സത്യം ചെയ്‌തതോടെയാണ്‌ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു മടങ്ങിയത്‌.

ഫേസ്‌ബുക്ക്‌ പ്രേമികളായ ദമ്പതികള്‍ മകള്‍ക്ക്‌ പേരിട്ടു... ലൈക്ക്‌

സൗഹൃദ വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്റെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണ്‌. ടുണീഷ്യയിലെയും ഈജിപ്‌തിലെയും ലിബിയയിലെയും ജനകീയ വിപ്ലവങ്ങളില്‍ ഫേസ്‌ബുക്കിനുള്ള സ്‌ഥാനം തള്ളിക്കളയാനാവില്ല. എന്നാല്‍, ഫേസ്‌ബുക്കിനോടുള്ള പ്രേമം തലയ്‌ക്കു പിടിച്ച്‌ ഈ വെബ്‌സൈറ്റിലെ ഒരു ടാബിന്റെ പേര്‌ മകള്‍ക്കിട്ടാലോ. ഇസ്രേലി ദമ്പതികളായ ലിയോറും വാര്‍ദിത്‌ ആഡ്‌ലറുമാണ്‌ മകള്‍ ലൈക്ക്‌ എന്നു പേരിട്ട്‌ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചത്‌.

ഫേസ്‌ബുക്കില്‍ ഓരോ ഫോട്ടോയുടെയും കമന്റിന്റെയും ചുവടെ ലൈക്ക്‌ എന്നൊരു ടാബും കാണും. വലതുകൈ ചുരട്ടി തള്ളവിരല്‍ മാത്രം ഉയര്‍ത്തി പിടിച്ചുള്ള ചിഹ്നത്തോടൊപ്പം ലൈക്ക്‌ എന്ന്‌ എഴുതിയിട്ടുണ്ടാവും. ഫോട്ടോയും കമന്റുമൊക്കെ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഈ ലൈക്ക്‌ ടാബില്‍ ക്ലിക്ക്‌ ചെയ്യാം. ഈ ലൈക്ക്‌ ടാബ്‌ ഇഷ്‌ടപ്പെട്ടാണ്‌ ലിയോറും വാര്‍ദിതും തങ്ങളുടെ മൂന്നാമത്തെ പുത്രിക്ക്‌ ലൈക്ക്‌ എന്നു പേരിട്ടത്‌. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക്‌ ഇസ്രേലി പേരുകളാണ്‌ ഇവര്‍ നല്‍കിയത്‌. മൂന്നാമത്തെ കുട്ടി ജനിച്ചപ്പോള്‍ വ്യത്യസ്‌തമായൊരു പേരു നല്‍കണമെന്ന ആഗ്രഹത്താലാണ്‌ ഇവര്‍ ലൈക്ക്‌ എന്നു പേരിട്ടത്‌. ഫേസ്‌ബുക്കിലെ ലൈക്ക്‌ എന്ന ടാബാണ്‌ കുഞ്ഞിന്‌ ഈ പേരു നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ ദമ്പതികള്‍ പറയുന്നത്‌.

ചന്ദ്രനിലേക്കൊരു വിനോദയാത്ര

ആകാശത്ത്‌ വിളങ്ങിനില്‍ക്കുന്ന ചന്ദ്രനിലേക്കൊരു യാത്ര നടത്താന്‍ ആഗ്രഹിക്കാത്താവരായി ആരുണ്ട്‌. ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങള്‍ നിധിപോലെ സൂക്ഷിച്ചുവച്ചായിരിക്കും ഇത്തരക്കാര്‍ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം നടത്തുന്നത്‌. എന്നാല്‍, ചന്ദ്രയാത്രയെന്നുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഒരു കമ്പനി രംഗത്തെത്തിയിരിക്കുകയാണ്‌. 17 ദിവസം നീളുന്നൊരു ബഹിരാകാശ യാത്ര. ഇന്റര്‍നാഷണല്‍ സ്‌പേസ്‌ സെന്ററിലെ താമസവും ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ ചുറ്റക്കറക്കവും ഉള്‍പ്പെടുന്നതാണ്‌ ഈ ട്രിപ്പ്‌.

ചെലവ്‌ അല്‌പം കൂടുമെന്നുമാത്രം. 675 കോടി രൂപ മുടക്കാന്‍ തയാറാകുന്ന ഏതൊരാള്‍ക്കും ചന്ദ്രനെ ചുറ്റിയടിച്ച്‌ ഭൂമിയിലെത്താം. സ്‌പേസ്‌ അഡ്‌വെഞ്ചര്‍ എന്ന കമ്പനിയാണ്‌ ട്രാവല്‍ ഏജന്റുമാര്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. റഷ്യന്‍ ബഹിരാകാശ വാഹത്തിലായിരിക്കും ചന്ദ്രനെ ചുറ്റിയടിച്ചുവരാന്‍ ബഹിരാകാശ വിനോദസഞ്ചാരികള്‍ യാത്രയാവുക.

2015 മുതല്‍ വിനോദസഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്‌ ഇവര്‍. നിലവില്‍ ഒരാള്‍ ചാന്ദ്രയാത്രയ്‌ക്കായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു കഴിഞ്ഞു. 2020തോടെ 140 വിനോദയാത്രക്കാരെയെങ്കിലും ചന്ദ്രന്‍ ചുറ്റിയടിച്ച്‌ കാണിക്കാനാണ്‌ കമ്പനിയുടെ പദ്ധതി.

യേശുവാണെന്ന്‌ അവകാശപ്പെട്ട്‌ ഓസ്‌ട്രേലിയക്കാരന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ആള്‍ ദൈവം വിവാദത്തിലേക്ക്‌ . അലന്‍ ജോണ്‍ മില്ലര്‍ - മേരി സൂസെയ്‌ന്‍ ലക്ക്‌ എന്നിവരാണ്‌ തങ്ങള്‍ യേശുക്രിസ്‌തുവും മര്‍ദ്ദല മറിയവുമാണെന്ന്‌ അവകാശപ്പെട്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌ . ഇതു വരെ 40 തോളം അനുയായികളെയും സംഘടിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ . 2007 മുതല്‍ വില്‍കേസ്‌ഡേലിലാണ്‌ ഇരുവരുടേയും താമസം. അനുയായികള്‍ മില്ലറിന്റെ വീടിനടുത്തുള്ള സ്‌ഥലം വാങ്ങിക്കുന്ന തിരക്കിലാണ്‌ .

ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളാണ്‌ മില്ലര്‍ക്കുള്ളത്‌ . മുന്‍ ജന്മത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ന്നപ്പോഴാണ്‌ ആദ്യ ഭാര്യയില്‍ നിന്ന്‌ വിവാഹ മോചനം തേടിയത്‌

92 കിലോ ഭാരമുള്ള ആറു വയസുകാരി

സുമന്‍ ഖാടനെന്ന പെണ്‍കുട്ടിയെ കണ്ടാല്‍ ഒരു കച്ചിത്തുറൂ ഉരുണ്ടുവരികയാണെന്നേ തോന്നൂ. മൂന്നടി അഞ്ചിഞ്ച്‌ പൊക്കമുള്ള സുമന്റെ ഭാരം 92 കിലോയാണ്‌. ലോകത്തെ ഏറ്റവും ഭാരമുള്ള ബാലികയാണ്‌ സുമന്‍. എന്തുകഴിച്ചാലും മതിവരാത്ത വിശപ്പാണ്‌ സുമന്റെ പ്രശ്‌നം. രാവിലെ ഏഴുമണിക്ക്‌ 20 ബിസ്‌ക്കറ്റും 12 ഏത്തപ്പഴവും കഴിക്കുന്ന സുമന്‍ 9.30 ആകുമ്പോള്‍ രണ്ടു പ്ലേറ്റ്‌ ചോറും 5 മുട്ടയും കഴിക്കും. പിന്നെ ഉച്ചഭക്ഷണത്തിനുമുമ്പ്‌ 15 ബിസ്‌ക്കറ്റും രണ്ടു പായ്‌ക്കറ്റ്‌ ചിപ്‌സും 10 ഏത്തപ്പഴവും കഴിക്കും. 12-നാണ്‌ ഉച്ചഭക്ഷണം. രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ടു പ്ലേറ്റ്‌ മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌കറിയും രണ്ട്‌ ഓംലൈറ്റുമാണ്‌ ഉച്ചയ്‌ക്ക് സുമന്‍ അകത്താക്കുന്നത്‌. വൈകുന്നേരം മധുരപലഹാരങ്ങളാണ്‌ സുമന്‌ പ്രിയം ഇതോടൊപ്പം 15 ബിസ്‌ക്കറ്റും 10 ഏത്തപ്പഴവും രണ്ട്‌ പായ്‌ക്കറ്റ്‌ ചിപ്‌സും സുമന്‍ കഴിക്കും. രാത്രി ഭക്ഷണത്തിന്‌ രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ട്‌ പാത്രം മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌ കറിയും സുമനു വേണം.

ചില ദിവസങ്ങളില്‍ ഇത്രയൊക്കെക്കഴിച്ചാലും സുമന്റെ വിശപ്പ്‌ അടങ്ങില്ല. ഭക്ഷണം ചോദിച്ച്‌ വീട്ടുകാരോട്‌ അവള്‍ വഴക്കു തുടങ്ങും. വിശന്നാല്‍ അയല്‍വീടുകളില്‍പ്പോയി ഭക്ഷണം ചോദിച്ചുവാങ്ങിക്കഴിക്കാനും ഈ ആറു വയസുകാരിക്കു മടിയില്ല. ആരും ഭക്ഷണം തന്നില്ലെങ്കില്‍ മണ്ണുവാരിത്തിന്നായിരിക്കും സുമന്‍ വിശപ്പടക്കുക.

ആഴ്‌ചയില്‍ 14 കിലോ അരി, 8 കിലോ ഉരുളന്‍കിഴങ്ങ്‌, 8 കിലോ മീന്‍, 140 ഏത്തപ്പഴം എന്നിവ വേണ്ടിവരും. അതോടൊപ്പം മധുരപലഹാരങ്ങളും ചിപ്‌സുമൊക്കെ വേറെയും. ദിവസക്കൂലിക്കാരനായ സുമന്റെ പിതാവിനു ലഭിക്കുന്ന വേതനം മുഴുവന്‍ മകളുടെ ഭക്ഷണത്തിനായി ചെലവഴിക്കുകയാണ്‌. കുട്ടികള്‍ കളിയാക്കുന്നതിനാല്‍ സുമന്‍ സ്‌കൂളില്‍ പോകാറില്ല. സ്‌കൂളില്‍ ചെന്നാലും ആവശ്യത്തിന്‌ ഭക്ഷണം കഴിക്കാന്‍ തനിക്കു സാധിക്കില്ലെന്നാണ്‌ സുമന്‍ പറയുന്നത്‌. ആറു വസയുപ്രായമുള്ള സാധാരണകുട്ടികളേക്കാള്‍ അഞ്ചിരട്ടിയിലധികമാണ്‌ സുമന്റെ ഭാരം. അമിതഭാരമുള്ളതിനാല്‍ അധികനേരം നടക്കാന്‍ സുമനു സാധിക്കില്ല. ഏതാനും മിനിട്ടുകള്‍ നടന്നാല്‍ സുമന്‍ കുഴഞ്ഞു വീഴും.

എന്തുകൊണ്ടാണ്‌ സുമന്‌ അമിതമായ വിശപ്പ്‌ വരുന്നതെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ കണ്ടെത്തനായില്ല. സുമന്‍ ഇങ്ങനെ അമിതവണ്ണം വച്ചാല്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

കാന്തിക ബാലന്‍

ഇവാന്‍ സ്‌റ്റോയില്‍ജോകവിച്ച്‌ എന്ന ക്രൊയേഷ്യന്‍ ബാലന്‍ അന്നാട്ടിലെ ഒരു അത്ഭുത പ്രതിഭാസമാണ്‌. ആറു വയസുള്ള ഈ ബാലന്റെ കാന്തിക ശക്‌തിയാണ്‌ അവനെ വ്യത്യസ്‌തനാക്കുന്നത്‌. ലോഹവസ്‌തുക്കളെന്തും ഇവാന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കും. 25 കിലോഭാരമുള്ള ലോഹങ്ങള്‍ വരെ തടിമാടനായ ഇവാന്റെ ശരീരത്തില്‍ കാന്തികശക്‌തിയാല്‍ ഒട്ടിനില്‍ക്കും. കാന്തിക ശക്‌തിമാത്രമല്ല. രോഗങ്ങളും വേദനകളും സുഖപ്പെടുത്താനുള്ള സിദ്ധിയും ഇവാനുണ്ടെന്നാണ്‌ വടക്കന്‍ ക്രോയേഷ്യയിലെ കൊപ്രിവ്‌നിക ഗ്രാമത്തിലുള്ളവരുടെ വിശ്വാസം.

വേദനയുള്ള ഭാഗത്ത്‌ ഇവാന്റെ കൈയൊന്നുവച്ചാല്‍ മതി വേദന പമ്പകടക്കാനെന്നാണ്‌ ഗ്രാമവാസികള്‍ പറയുന്നത്‌. അതേപോലെ തന്നെ കരുത്തനാണ്‌ ഇവാനെന്നും ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടുന്നത്‌. തന്റെ പ്രായത്തിലുള്ള കുട്ടികളേക്കാളേറെ ഭാരം കൂളായി ചുമക്കാന്‍ ഈ വിരുതനു സാധിക്കുമെന്നാണ്‌ ഇവാന്റെ വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നത്‌.

വസ്‌ത്രം മാറ്റിയാല്‍ മാത്രമേ ഇവാന്റെ ശരീരത്തില്‍ ലോഹവസ്‌തുക്കള്‍ ഒട്ടിപ്പിടിക്കൂ. 25 കിലോ ഭാരമുള്ള സിമിന്റ്‌ ചാക്കൊക്കെ നിസാരമായി ചുമന്നു നടക്കാന്‍ ഈ കുഞ്ഞു തടിമാടനാവും.

13 കോടിയുടെ സൂപ്പര്‍ കാര്‍

സ്‌റ്റാര്‍ട്ട്‌ ചെയ്‌താലുടന്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന കാറുകള്‍ ഹോളിവുഡ്‌ ശാസ്‌ത്രസിനിമകളിലെ മാത്രം യാഥാര്‍ഥ്യമാണ്‌. എന്നാല്‍, ഈ ഭാവനകള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്‌ ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. ഭാവിയുടെ കാര്‍ ഡിസൈനെന്ന്‌ വിലയിരുത്തുന്ന രൂപക്ലപനയോടെയാണ്‌ ലംബോര്‍ഗിനി ലോകത്തെ ഏറ്റവും വിലകൂടിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. സെസ്‌റ്റോ എലിമെന്റോ എന്ന പേരിട്ടിരിക്കുന്ന ഈ കാര്‍ സ്വന്തമാക്കാന്‍ 13 കോടി രൂപയാണ്‌ മുടക്കേണ്ടത്‌. കാര്‍ബണ്‍ ഫബറിലാണ്‌ ഈ സൂപ്പര്‍ കാറിന്റെ ഷാസി നിര്‍മിച്ചിരിക്കുന്നത്‌. നിലവില്‍ കാര്‍ നിര്‍മിക്കാനുപയോഗിക്കുന്ന വസ്‌തുക്കളില്‍വച്ച്‌ ഏറ്റവും ശക്‌തിയേറിയതാണ്‌ കാര്‍ബണ്‍ ഫൈബറുകള്‍. ഈ സൂപ്പര്‍ കാറിനു 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ വെറും 2.5 സെക്കന്‍ഡുകള്‍ മതി. അതായത്‌ കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയാല്‍ ഉടന്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഇസെസ്‌റ്റോ എലിമെന്റോയ്‌ക്കാവും. മണിക്കൂറില്‍ 320 കിലോമീറ്ററാണ്‌ പരമാവധി വേഗം.

വളരെ സുരക്ഷാ മുന്‍കരുതലോടും ആഢംബരത്തോടുമാണ്‌ ലംബോര്‍ഗിനി ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്‌. വെറും 20 എണ്ണം മാത്രമാണ്‌ ലംബോര്‍ഗിനി വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്‌. എന്നാല്‍, കാര്‍ പുറത്തിറക്കിയ ഉടനെ നൂറുകണക്കിനു കോടീശ്വരന്മാണ്‌ ഈ കാര്‍ വാങ്ങാനായി ക്യൂ നില്‍പ്പാരംഭിച്ചത്‌.

തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്‌

91 വയസായെങ്കിലും ജോണ്‍ ബ്രേയ്‌ ഇപ്പോഴും ന്യൂസിലാന്‍ഡിലെ വൈപാവയില്‍ രാത്രിയില്‍ റോന്തു ചുറ്റാറുണ്ട്‌. വയസും പ്രായവുമൊക്കെയായപ്പോള്‍ ഉറക്കം കിട്ടാത്തതിനാല്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നതാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. നഗരത്തിലെ കുറ്റവാളികളെ തെരഞ്ഞ്‌ നടക്കുകയാണ്‌ ഈ വൃദ്ധന്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌ ജോണ്‍ ബ്രോയ്‌. സൈന്യത്തില്‍നിന്നു റിട്ടയറായി നാട്ടില്‍ തിരികെയെത്തിയപ്പോള്‍ മുതലാണ്‌ കുറ്റവാളികള്‍ക്കെതിരേ ജോണ്‍ കുരിശുയുദ്ധവുമായി തെരുവുകളില്‍ രാത്രി റോന്ത്‌ ചുറ്റല്‍ ആരംഭിച്ചത്‌.

അഭിനവ ബാറ്റ്‌്മാനാണ്‌ താനെന്നാണ്‌ ജോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. രാത്രിയില്‍ ടോര്‍ച്ചും ആയുധങ്ങളുമൊക്കെയായിട്ടാണ്‌ ജോണിന്റെ റോന്തുചുറ്റല്‍. രാത്രിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും പോലീസിനെ അറിയിക്കുകയാണ്‌ ജോണ്‍ ചെയ്യുന്നത്‌.

അതോടൊപ്പം അക്രമികളില്‍നിന്നു നിരപരാധികളെ രക്ഷിക്കാനും ജോണ്‍ തന്റെ കായികശേഷി പ്രകടിപ്പിക്കാറുണ്ട്‌. പ്രായമായതോടെ ഒരു സഹായിക്കൊപ്പമായിരുന്നു ജോണിന്റെ റോന്ത്‌ ചുറ്റല്‍. എന്നാല്‍, രാത്രിയിലുള്ള ഈ റോന്തു ചുറ്റല്‍ ജോണ്‍ അവസാനിപ്പിക്കണമെന്നാണ്‌ പോലീസ്‌ ആവശ്യപ്പെടുന്നത്‌. കാരണം, കുറ്റവാളികള്‍ ജോണിനെ കൈകാര്യം ചെയ്‌താല്‍ തങ്ങള്‍ ഉത്തരം പറയേണ്ടിവരുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

നിങ്ങള്‍ക്കും ലാദനെ വധിക്കാം

അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ച വാര്‍ത്ത സന്തോഷത്തോടെയാണ്‌ ലോകമെങ്ങും സ്വീകരിച്ചത്‌. എന്നാല്‍, ഈ സന്തോഷത്തിനിടയിലും ദുഃഖിക്കുന്ന ചിലരുണ്ട്‌. ലാദന്റെ അനുയായികളൊന്നുമല്ല ഇവര്‍. ലാദനെ വധിക്കുന്നത്‌ സ്വപ്‌നം കണ്ടു നടന്നവര്‍ക്കാണ്‌ ഈ വിഷമം. ലാദനെ ഒളിത്താവളത്തില്‍ വധിച്ച്‌ ആഗോള ഹീറോയാകുന്നത്‌ മനക്കണ്ണില്‍ കണ്ട്‌ ആസ്വദിച്ചവര്‍ക്ക്‌ തങ്ങളുടെ സ്വപ്‌നം തകര്‍ന്നതിന്റെ ദുഃഖം കാണുമല്ലോ. ഇങ്ങനെ വിഷമിക്കുന്നവരെ സന്തോഷിപ്പിക്കാന്‍ ഒരു വീഡിയോ ഗെയിം പുറത്തിറങ്ങിയിരിക്കുകയാണ്‌ കുമാ ഗെയിംസാണ്‌ ഈ വീഡിയോ ഗെയിം പുറത്തിറക്കിയിരിക്കുന്നത്‌. ദി ഡെത്ത്‌ ഓഫ്‌ ഒസാമ ബിന്‍ ലാദന്‍ എന്നു പേരിട്ടിരിക്കുന്ന വീഡിയോഗെയിമില്‍ നിങ്ങള്‍ക്കു ലാദനെ വധിക്കാന്‍ സാധിക്കും.

പാകിസ്‌താനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ എത്തുന്ന സൈനികര്‍ ലാദന്റെ ഒളിത്താവളം വളഞ്ഞ്‌ അയാളെ വധിക്കുന്നതാണ്‌ ഗെയിമിന്റെ ഇതിവൃത്തം. ലോകത്തെമ്പാടും നടക്കുന്ന യഥാര്‍ഥ പോരാട്ടങ്ങള്‍ വീഡിയോഗെയിമാക്കി മാറ്റുന്നതില്‍ വിദഗ്‌ധരാണ്‌ കുമാ ഗെയിംസ്‌ കമ്പനി. ഇത്തരത്തില്‍ 106 ഗെയിമുകള്‍ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്‌.

ലാദനെ വധിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളിലാണ്‌ ഗെയിം ഇന്റര്‍നെറ്റില്‍ പുറത്തിറക്കിയത്‌. ഇന്റര്‍നെറ്റിലൂടെ ഈ വീഡിയോ ഗെയിം ഡൗണ്‍ലോഡ്‌ ചെയ്യുകയുമാകാം.

റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്‌

ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും മാതൃകയിലൊരു ലോകകപ്പിന്‌ ന്യൂസിലന്‍ഡ്‌ വേദിയാവുകയാണ്‌. എന്നാല്‍, ഏതെങ്കിലുമൊരു കായിക ഇനത്തിനുവേണ്ടിയുള്ളതല്ല ഈ ലോകകപ്പ്‌. ഏറ്റവും മികച്ച റോബോട്ടിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ്‌ ഈ ലോകമത്സരം നടത്തുന്നത്‌.

ന്യൂസിലന്‍ഡില്‍ ഒകേ്‌ടാബര്‍ 11 മുതല്‍ 13 വരെയാണ്‌ മത്സരം. ന്യൂസിലന്‍ഡിലെ ഓക്‌്ലാന്‍ഡില്‍ നടക്കുന്ന റഗ്‌ബി ലോകകപ്പിനോടനുബന്ധിച്ചാണ്‌ റോബോട്ട്‌ മത്സരവും അരങ്ങേറുന്നത്‌. ന്യൂസിലന്‍ഡ്‌, അമേരിക്ക, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ തന്നെ മത്സരത്തില്‍ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു കഴിഞ്ഞു.

റോബോട്ടിക്‌ വേള്‍ഡ്‌ കപ്പെന്നാണ്‌ മത്സരത്തിന്റെ പേര്‌. റോബോട്ടുകളുടെ രൂപകല്‌്പന, നിര്‍മാണം, പ്രവര്‍ത്തനം, വേഗത, കഴിവ്‌ തുടങ്ങിയവയാണ്‌ മത്സരത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്‌.

പുരുഷ ചിന്തകളില്‍ നിറയുന്നത്‌ ഭക്ഷണവും ഉറക്കവും

പുരുഷന്മാര്‍ ഓരോ ഏഴു സെക്കന്‍ഡിലും ലൈംഗികതയെക്കുറിച്ചു ചിന്തിക്കുമെന്നാണ്‌ ഫെമിനിസ്‌റ്റുകളുടെ വാദം. ഫെമിനിസ്‌റ്റുകള്‍ മാത്രമല്ല പുരുഷന്മാരെക്കുറിച്ച്‌ ലോകം കരുതിയിരിക്കുന്നതും ഈ രീതിയിലാണ്‌. എന്നാല്‍, പുരുഷന്മാരെക്കുറിച്ചുള്ള ഈ ധാരണകളെല്ലാം തെറ്റാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ഓഹിയോ സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍. പുരുഷന്‍ ലൈംഗികതയേക്കാള്‍ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തേക്കുറിച്ചുമാണ്‌ ചിന്തിക്കുന്നതെന്നാണ്‌ ഇവര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌.

മനശാസ്‌ത്രജ്‌ഞയായ പ്രഫസര്‍ ടെറി ഫിഷര്‍ നടത്തിയ പഠനങ്ങളിലാണ്‌ പുരുഷന്മാര്‍ ലോകം ആരോപിക്കുന്നതുപോലെ ലൈംഗിക ജീവികളെല്ലെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കിടയിലാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌. പ്രത്യേകം തയാറാക്കിയ ഒരു ചാര്‍ട്ട്‌് ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കു നല്‍കി. എപ്പോഴൊക്കെ ലൈംഗികതയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ചിന്തകള്‍ വരുന്നുവോ അപ്പോള്‍ ഈ ചാര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നു നിര്‍ദേശവും നല്‍കി. ഇങ്ങനെ വിദ്യാര്‍ഥികളില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചാണ്‌ ടെറി തന്റെ പഠനം നടത്തിയത്‌.

വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി നല്‍കിയ ചാര്‍ട്ടുപ്രകാരം പരുഷന്മാര്‍ ഭക്ഷണം, ഉറക്കം എന്നിവയെക്കുറിച്ചാണ്‌ ലൈംഗികതയേക്കാള്‍ ഏറെ ചിന്തിക്കുന്നതെന്നാണ്‌ കണ്ടെത്തിയത്‌. ആരോഗ്യത്തെക്കുറിച്ചും ക്ഷീണത്തെക്കുറിച്ചും പുരുഷന്മാര്‍ കൂടുതല്‍ ബോധവാന്മാരായതിനാലാണ്‌ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും കൂടുതലായി ചിന്തിക്കാന്‍ കാരണമെന്നാണ്‌ പ്രഫസര്‍ ടെറി പറയുന്നത്‌.

ഒരു കോടി രൂപ തിന്നുതീര്‍ത്ത ചിതലുകള്‍

ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലുള്ള എസ്‌ബിഐ ബാങ്കിലെ ചിതലുകള്‍ ഭാഗ്യവാന്മാരാണ്‌. കാരണം, അവര്‍ക്കു വിശപ്പടക്കാന്‍ കിട്ടയത്‌ ഒരു കോടിരൂപയുടെ നോട്ടുകളാണ്‌. ബാങ്കിലെ സ്‌ട്രോംങ്‌ റൂമില്‍ സൂക്ഷിച്ചിരുന്ന ഒരു കോടിരൂപയുടെ നോട്ടുകളാണ്‌ ചിതലുകള്‍ തിന്നത്‌.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ്‌ ചിതലുകള്‍ കാര്‍ന്നുതിന്ന നോട്ടുകളുടെ അവശിഷ്‌ടങ്ങള്‍ ബാങ്കധികൃതര്‍ കണ്ടെത്തിയത്‌. പഴക്കമുള്ള കെട്ടിടത്തിലായിരുന്നു ബാങ്ക്‌ പ്രവര്‍ത്തിച്ചിരുന്നതെന്നും അതാണ്‌ നോട്ടുകള്‍ ചിതലരിക്കാന്‍ കാരണമെന്നുമാണ്‌ അധികൃതര്‍ പറയുന്നത്‌. എന്തായാലും നോട്ടുകെട്ടുകളുടെ അവശിഷ്‌ടങ്ങള്‍ റിസര്‍വ്‌ ബാങ്കിനെ ഏല്‍പ്പിച്ചിരിക്കുകയാണ്‌ ബാങ്ക്‌ അധികൃതര്‍.

Monday, May 23, 2011

നായയെ പ്രസവിച്ച പൂച്ച

ചൈനയില്‍ കാര്യങ്ങളെല്ലാം തലതിരിഞ്ഞാണു നടക്കുന്നത്‌. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഒരു ആട്‌് പ്രസവിച്ചത്‌ നായയെ. കഴിഞ്ഞദിവസം ഒരു പൂച്ചജന്മം നല്‍കിയതു നായക്കുട്ടിക്കും. ചൈനയിലെ യാങ്‌ഷാന്‍ പ്രവിശ്യയിലാണ്‌ പ്രകൃതിനിയമങ്ങളെ വെല്ലുവിളിച്ച സംഭവമുണ്ടായത്‌. ഷുവു യാങ്‌ എന്ന വീട്ടമ്മയുടെ പൂച്ചയാണ്‌ നായക്കുഞ്ഞിനു ജന്മമേകിയത്‌. പൂച്ച പ്രസവിച്ചു കിടക്കുന്നതാണ്‌ ഷുവു കാണുന്നത്‌. രണ്ട്‌ കുഞ്ഞുങ്ങള്‍ക്കായിരുന്നു പൂച്ച ജന്മം നല്‍കിയത്‌. ഷുവു പരിശോധിച്ചപ്പോള്‍ ഒരു കുഞ്ഞു മരിച്ചിരിക്കുന്നു. രണ്ടാമത്തെ കുഞ്ഞ്‌ നായക്കുഞ്ഞിനെപ്പോലെയുമുണ്ട്‌.

ഷുവു അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ പൂച്ച(നായ)ക്കുഞ്ഞുമായി എത്തി. അവിടത്തെ പരിശോധനയിലും കുഞ്ഞ്‌ നായക്കുഞ്ഞാണെന്ന്‌ സ്‌ഥിരീകരിച്ചു. പൂച്ചക്കുഞ്ഞ്‌ ഒരിക്കലും നായക്കുഞ്ഞിനു ജന്മം നല്‍കില്ലെന്നാണ്‌ മൃഗസംരക്ഷണകേന്ദ്രത്തിലെ ഡോക്‌ടര്‍ പറയുന്നത്‌. പ്രസവത്തെത്തുടര്‍ന്ന്‌ കുഞ്ഞ്‌ ചത്തപ്പോള്‍ പൂച്ച എവിടെനിന്നെങ്കിലും നായക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്നതാകാമെന്നാണ്‌ മൃഗഡോക്‌ടര്‍ ചൂണ്ടിക്കാട്ടുന്നത്‌

ഡ്യൂപ്ലിക്കേറ്റ്‌ അമേരിക്കന്‍ സൈനിക യൂണിറ്റ്‌ സ്‌ഥാപിച്ച ചൈനാക്കാരന്‍

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുണ്ടാക്കുന്നവരാണ്‌ ചൈനക്കാര്‍. സ്വന്തം നാട്ടില്‍ മാത്രമല്ല കൂടിയേറിയ രാജ്യങ്ങളിലും വ്യാജന്മാരെ സൃഷ്‌ടിക്കുന്നതില്‍ ചൈനാക്കാര്‍ പിന്നിലല്ല. എന്നാല്‍, യുപെങ്‌ ഡെങ്‌ എന്ന ചൈനക്കാരന്‍ അമേരിക്കയില്‍ നടത്തിയ കള്ളത്തരത്തെ വെല്ലാന്‍ ഇവയ്‌ക്കൊന്നിനുമാവില്ല. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്വന്തമായി ഒരു സൈനിക യൂണിറ്റാണ്‌ യുപെങ്‌ സ്‌ഥാപിച്ചത്‌. അമേരിക്കന്‍ സൈന്യമാണെന്ന്‌ അവകാശപ്പെട്ടാണ്‌ യുപെങ്‌ ഉദ്യോഗാര്‍ഥികളെ പ്രവേശിപ്പിച്ചത്‌. സൈനിക യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്‌, പരിശീലനം, വ്യായാമം എന്തിന്‌ സൈനിക പരേഡുമുണ്ടായിരുന്നു. അമേരിക്കയില്‍ കുടിയേറിയ ചൈനീസ്‌ കുടിയേറ്റക്കാരെയാണ്‌ യുപെങ്‌ തന്റെ വ്യാജ സൈന്യത്തില്‍ അംഗങ്ങളാക്കിയത്‌.

സൈന്യത്തില്‍ സുപ്രീം കമാന്‍ഡറാണ്‌ താനെന്നാണ്‌ യുപെങ്‌ അവകാശപ്പെട്ടിരുന്നത്‌. അമേരിക്കന്‍ പൗരത്വം നേടിത്തരാമെന്നു പറഞ്ഞായിരുന്നു സൈന്യത്തില്‍ യുപെങ്‌ അംഗങ്ങളെ ചേര്‍ത്തിരുന്നത്‌. 12500 രൂപ വീതം യുപെങ്‌ സൈന്യത്തില്‍ ചേര്‍ന്നവരില്‍നിന്നു വാങ്ങിയിരുന്നു. പ്രത്യേക സൈനികരാണെന്നു വിശ്വസിപ്പിച്ചായിരുന്നു യുപെങിന്റെ കബളിപ്പിക്കല്‍. ഞായാറാഴ്‌ചകളിലായിരുന്നു സൈനികര്‍ക്ക്‌ യുപെങ്‌ പരിശീലനം നല്‍കിയിരുന്നത്‌. പൊതുനിരത്തില്‍ ഇവര്‍ പരേഡും നടത്തിയിരുന്നു. എന്നാല്‍, ഒടുവില്‍ കടുവയെ പിടിച്ച കിടുവ കുടുങ്ങുകയായിരുന്നു. ഇപ്പോള്‍ വ്യാജ സൈനിക കമാന്‍ഡര്‍ ജയില്‍ലഴികള്‍ എണ്ണിക്കഴിയുകയാണ്‌.

Tuesday, April 26, 2011

40,000 പൗണ്ടിന്‌ രാജ്യം വാടകയ്‌ക്ക്

ഓസ്‌ട്രിയയ്‌ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇടയില്‍ കിടക്കുന്ന കൊച്ചു രാജ്യമാണ്‌ ലീച്ചസ്‌റ്റെയിന്‍. കൊച്ചു രാജ്യമാണെങ്കിലും ആല്‍പ്‌സ് പര്‍വത നിരയുടെ സൗന്ദര്യം മുഴുവന്‍ ഈ രാജ്യത്തിനുണ്ട്‌. വിനോദ സഞ്ചാരമാണ്‌ ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം.

വരുമാനം കൂട്ടാന്‍ ഒരു വഴിയാലോചിച്ചിരുന്ന സ്‌റ്റേറ്റ്‌ പാര്‍ലമെന്റ്‌ വിചിത്രമായ ഒരു വഴി കണ്ടെത്തി. ഒരു രാത്രി രാജ്യം വാടകയ്‌ക്കു നല്‍കുക. 40,000 പൗണ്ടാണ്‌ (28,3,6000 രൂപ) വാടക. താല്‍പര്യപ്പെട്ടു വരുന്നവര്‍ക്കു സ്‌റ്റേറ്റ്‌ പാര്‍ലമെന്റില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തിന്റെ താക്കോല്‍ ദാനം നടത്തും. 'താല്‍കാലിക' ഉടമസ്‌ഥര്‍ക്കായി വാഡസ്‌ കൊട്ടാരത്തില്‍ അടിപൊളി താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. കൊട്ടാരത്തിന്റെ പ്രൗഡിക്കൊത്ത ഡിന്നറും ഇവിടെ കിട്ടും. എയര്‍ബണ്‍ബ്‌ എന്ന ടൂര്‍ കമ്പനിക്കാണ്‌ ഈ ആശയം തോന്നിയത്‌. കുറ്റകൃത്യങ്ങള്‍ പേരിനു മാത്രമുള്ള ഇവിടെ രാജ്യം വാടകയ്‌ക്കു നല്‍കുന്നതിന്‌ ആര്‍ക്കും എതിര്‍പ്പുമില്ല.

ഒരു പെഗിനു 1.25 ലക്ഷം രൂപ



ഒരു പെഗു വീശാന്‍ 1.25 ലക്ഷം രൂപയോ! മുറിനിറയേ മദ്യം വാങ്ങി സൂക്ഷിച്ച്‌ ആഴ്‌ചകളോളം കുടിച്ചുതീര്‍ക്കാനുള്ള കാശ്‌ എന്തിനാ ഒരു തുള്ളി മദ്യത്തിനായി ചെലവഴിക്കുന്നതെന്നാണ്‌ മലയാളിയുടെ സംശയം. ഇതു സാധാരണ മദ്യമല്ല. ലോകത്തെ ഏറ്റവും അപൂര്‍വമായ മദ്യം കഴിക്കാനാണ്‌ ഒരു പെഗിനു 1.25 ലക്ഷം രൂപ മുടക്കേണ്ടത്‌. റെമി മാര്‍ട്ടിന്‍ ലൂയിസ്‌ 13 ബ്ലാക്‌ പേള്‍ എന്ന മദ്യത്തിനാണ്‌ പെഗിനു ലക്ഷങ്ങള്‍ വിലമതിക്കുന്നത്‌.

ലോകത്താകെ റെമി മാര്‍ട്ടിന്‍ ലൂയിസിന്റെ 50 ബോട്ടിലുകളേയുള്ളൂ. അതില്‍ ഒരെണ്ണം ഡല്‍ഹിയിലെ ചാണക്യപുരിയിലെ ലീലാ പാലസിലാണ്‌. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏക റെമി മാര്‍ട്ടിന്‍ ലൂയിസ്‌ കുപ്പിയാണിത്‌. 14.5 ലക്ഷം രൂപയാണ്‌ ഇതിന്റെ ഒരു ബോട്ടിലിന്റെ വില. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും വിലകൂടിയ മദ്യവും ഇതുതന്നെ. 100 വര്‍ഷത്തോളം പഴക്കുമുള്ളതാണ്‌ ഈ മദ്യമെന്ന പ്രത്യേകതയുമുണ്ട്‌.

Wednesday, March 23, 2011

പഠനത്തിനു പണം കണ്ടെത്താന്‍ ചൈനീസ്‌ വിദ്യാര്‍ഥികളുടെ ബീജദാനം

ബീജദാനം മഹാദാനമെന്നാണ്‌ ചൈനീസ്‌ ആരോഗ്യരംഗത്തെ മുദ്രാവാക്യം. കാരണം ചൈനീസ്‌ ദമ്പതികളില്‍ 10 ശതമാനപേരും കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ്‌. ഇവരുടെ ദുഃഖത്തിനുള്ള പരിഹാരം കൃത്രിമ ഗര്‍ഭധാരണമാണ്‌. എന്നാല്‍, ഈ കൃത്രിമ ഗര്‍ഭധാരണത്തിനു ആവശ്യമായ പുരുഷബീജം നല്‍കുന്നതോ കോളജ്‌ വിദ്യാര്‍ഥികളും. ചൈനയില്‍ ബീജദാനം നടത്തുന്നവരില്‍ 95 ശതമാനവും വിദ്യാര്‍ഥികളാണെന്ന്‌ കണക്ക്‌.

22നും 45നും മധ്യേപ്രായമുള്ളവര്‍ക്കെ ചൈനയില്‍ ബീജദാനം ചെയ്യാന്‍ അര്‍ഹതയുള്ളൂ. മൂന്നു ഘട്ടങ്ങളിലുള്ള പരിശോധനകളിലൂടെയാണ്‌ ഇവരെ തെരഞ്ഞെടുക്കുന്നത്‌. ഒരിക്കല്‍ ബീജദാനം ചെയ്‌താല്‍ ഇരുപതിനായിരത്തിലേറെ രൂപയാണ്‌ ലഭിക്കുക. ജീവിത ചെലവും പഠനച്ചെലവും വര്‍ധിച്ച സാഹചര്യത്തില്‍ പണം കണ്ടെത്താനാണ്‌ വിദ്യാര്‍ഥികള്‍ ബീജദാനത്തിനു തയാറാകുന്നത്‌.

കാടിന്റെ മകള്‍

അമീലിയ ഫോര്‍മാന്‍ എന്ന പതിനൊന്നു വയസുകാരി താമസിക്കുന്നത്‌ കൂറ്റന്‍ കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കു നടുവിലാണ്‌. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന അവള്‍ പക്ഷേ അറിയപ്പെടുന്നത്‌ കാടിന്റെ മകളായിട്ടാണ്‌. കാരണം, അവളുടെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം കാട്ടുമൃഗങ്ങളാണ്‌. ആന, ഗൊറില്ല, ചിമ്പാന്‍സി, ജിറാഫ്‌, കരടി, സിംഹം, പുലി എന്നിങ്ങനെ പോകുന്നു അമേലിയയുടെ കൂട്ടുകാരുടെ നിര. വന്യജീവി ഫോട്ടോഗ്രാഫറായ റോബിനാണ്‌ അമേലിയയുടെ മാതാവ്‌. അമ്മയ്‌ക്കൊപ്പം മൂന്നാം വയസുമുതല്‍ കാടുകയറിയതാണ്‌ അമേലിയ.

മകളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ റോബിന്‍ മകളെയും തന്റെ ഫോട്ടോയാത്രകളില്‍ കൂട്ടിത്തുടങ്ങിയത്‌. ആദ്യ യാത്രയില്‍തന്നെ മകള്‍ക്കു മൃഗങ്ങളെ ഇഷ്‌ടപ്പെട്ടു തുടങ്ങിയെന്നാണ്‌ റോബിന്‍ പറയുന്നത്‌. പിന്നീട്‌ ഇരുവരുമൊരുമിച്ചായിരുന്നു ഫോട്ടോയാത്രകളെല്ലാം. അതോടൊപ്പം അമേരിക്കയിലെ സ്വകാര്യമൃഗശാലികളിലെയും ഫോട്ടോഗ്രാഫറാണ്‌ റോബിന്‍.

ഏതു മൃഗത്തെയും ഇണക്കാന്‍ അമേലിയയ്‌ക്കു പ്രത്യേക കഴിവാണുള്ളത്‌. ഭയമേതുമില്ലാതെ വന്യമൃഗങ്ങളെ സമീപിക്കാനുള്ള ധൈര്യമാണ്‌ അമേലി ചെറുപ്രായത്തിലേ സ്വന്തമാക്കിയിട്ടുള്ളത്‌.

അമേലിയയുടെ ഈ കഴിവിപ്പോള്‍ ലോകശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്‌. നൂറുകണക്കിനു മൃഗസുഹൃത്തുക്കളാണ്‌ അമേലിയയ്‌ക്കുള്ളത്‌.

ഭാഗ്യം കൊണ്ടുവരുന്ന നായയ്‌ക്കു മുടക്കിയത്‌ 7 കോടി

കോടികള്‍ വിലമതിക്കുന്ന കാറുകളും ബംഗ്ലാവുകളുമൊക്കെയായി ഇന്ത്യയിലെ കോടീശ്വരര്‍ തങ്ങളുടെ സമ്പത്ത്‌ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചൈനീസ്‌ സമ്പന്നര്‍ ചിന്തിക്കുന്നത്‌ വ്യത്യസ്‌തരീതിയിലാണ്‌. ഇന്ത്യയിലുള്ളതിനേക്കാള്‍ കോടീശ്വരന്മാരുള്ള രാജ്യമാണ്‌ ചൈന. അവിടെ തങ്ങളുടെ സ്‌റ്റാറ്റസ്‌ പ്രകടിപ്പിക്കാന്‍ കാറുകളും കൂറ്റന്‍ കെട്ടിടങ്ങളും പോരെന്ന്‌ ചൈനക്കാര്‍ക്കറിയാം. നായകളാണ്‌ ഇപ്പോള്‍ ചൈനീസ്‌ സമ്പന്നരുടെ സ്‌റ്റാറ്റസ്‌ നിര്‍ണയിക്കുന്ന ഘടകം. സമ്പത്ത്‌ വര്‍ധിക്കുംതോറും വിലകൂടിയ ഇനം നായകളെ വളര്‍ത്തുന്ന പതിവ്‌ ചൈനക്കാര്‍ക്കിടയില്‍ വര്‍ധിക്കുകയാണ്‌.

ടിബറ്റന്‍ മസ്‌റ്റിഫ്‌ എന്ന അപൂര്‍വയിനം നായകളാണ്‌ ചൈനീസ്‌ സമ്പന്നര്‍മാരുടെ പ്രിയയിനം. കഴിഞ്ഞ ദിവസം 7 കോടി രൂപമുടക്കിയാണ്‌ ഈ ഇനത്തില്‍പ്പെട്ട നായയെ ഒരു ചൈനീസ്‌ കോടീശ്വരന്‍ വാങ്ങിയത്‌. ചുവന്ന നിറത്തിലുള്ള 11 മാസം പ്രായമായ നായയാണ്‌ റെക്കോഡ്‌ വിലയ്‌ക്കു വിറ്റുപോയത്‌. ടിബറ്റന്‍ മസ്‌റ്റിഫ്‌ എന്ന നായകള്‍ ഭാഗ്യവും സമ്പത്തുംകൊണ്ടുവരുമെന്നാണ്‌ വിശ്വാസം. ടിബറ്റന്‍ ബുദ്ധസന്യാസിമാരുടെ പ്രിയതോഴനായാണ്‌ ഈ നായകള്‍ അറിയപ്പെടുന്നത്‌. ബുദ്ധസന്യാസിമാരുടെ ആത്മാക്കള്‍ ഈ നായ്‌ക്കളോടൊപ്പമുണ്ടെന്നാണ്‌ ചൈനക്കാര്‍ വിശ്വസിക്കുന്നത്‌. ഇതുകൊണ്ട്‌ ഈ നായ്‌ക്കള്‍ക്ക്‌ ഉടമസ്‌ഥര്‍ക്കു സ്വര്‍ഗഭാഗ്യം പ്രദാനംചെയ്യാനാവുമെന്ന്‌ ഇവര്‍ കരുതുന്നു. 80 സെന്റീമീറ്ററോളം ഉയരം വയ്‌ക്കുന്ന ടിബറ്റന്‍ മസ്‌റ്റിഫ്‌ നായ്‌ക്കള്‍ നൂറുകിലോയിലേറെ ഭാരം വയ്‌ക്കുന്നവയാണ്‌.

മോഡലിന്റെ മാറിടത്തില്‍ കടിച്ച പാമ്പ്‌ ചത്തു

പാമ്പു കടിയേറ്റു മനുഷ്യന്‍ മരിക്കുകയാണ്‌ പതിവ്‌. എന്നാല്‍, മനുഷ്യനെ കടിച്ച പാമ്പ്‌ ചത്തിരിക്കുകയാണ്‌. ഇസ്രയേലിലാണ്‌ സംഭവം. ഓറിറ്റ ഫോക്‌സ് എന്ന മോഡലിന്റെ മാറിടത്തില്‍ കടിച്ച പാമ്പാണ്‌ മരിച്ചത്‌. ശാസ്‌ത്രക്രിയയിലൂടെ മാറിടത്തിന്റെ വലിപ്പം വര്‍ധിപ്പിച്ചതിലൂടെ ശ്രദ്ധനേടിയ ഇസ്രയേലി മോഡലാണ്‌ ഓറിറ്റ ഫോക്‌സ്. സിലിക്കണ്‍ ഉപയോഗിച്ചാണ്‌ ഓറിറ്റയുടെ മാറിടത്തിന്റെ വലുപ്പം ശസ്‌ത്രക്രിയയിലൂടെ വര്‍ധിപ്പിച്ചത്‌.

ഇസ്രയേലിലെ ടെല്‍അവീവില്‍ ഒരു ഫോട്ടോഷൂട്ടിനിടയിലായിരുന്നു സംഭവം. പാമ്പിനെ ശരീരത്തില്‍ ചുറ്റി പരിധിയിലേറെ ഗ്ലാമറസായാണ്‌ ഓറിറ്റ കാമറയ്‌ക്കു മുമ്പില്‍ പോസ്‌ചെയ്‌തത്‌. ഫോട്ടോയ്‌ക്കായി മാറിടമേതാണ്ട്‌ പൂര്‍ണമായിത്തന്നെ ഓറിറ്റ പ്രര്‍ശിപ്പിച്ചിരുന്നു. കഴുത്തില്‍ ചുറ്റിയ പാമ്പിനെ അല്‌പം ബലമായി പിടിച്ചു മാറ്റുന്നതിനിടെയായിരുന്നു സംഭവം. ഓറിറ്റ പാമ്പിന്റെ കഴുത്തില്‍ ശക്‌തിയോടെ പിടിച്ചത്‌ പാമ്പിനിഷ്‌ടപ്പെട്ടില്ല.

സ്വാഭാവിക പ്രതികരണമെന്നോണം പാമ്പ്‌ തന്റെ വിഷപ്പല്ലുകള്‍ ഓറിറ്റയുടെ മാറിടത്തില്‍ ആഴ്‌ത്തി. പാമ്പു കടിയേറ്റതോടെ ഓറിറ്റ അലറിക്കരഞ്ഞു. ഓറിറ്റയുടെ മാറിടത്തില്‍നിന്നു പാമ്പിനെ മല്‍പ്പിടുത്തത്തിലൂടെയാണ്‌ ഷുട്ടിംഗിനെത്തിയവര്‍ വിടുവിച്ചത്‌. ഉടനെ ഓറിറ്റയെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ഇതെല്ലാം കഴിഞ്ഞു ഷൂട്ടിംഗ്‌ സംഘം തിരിച്ചെത്തിയപ്പോഴാണ്‌ പാമ്പു ചത്തു കിടക്കുന്നതു കാണുന്നത്‌.

ഓറിറ്റയെ കടിച്ചതോടെ പാമ്പിന്റെ ശരീരത്തില്‍ മാറിടത്തിലെ സിലിക്കണ്‍ കടന്നുകൂടിയതായും ഇതാണ്‌ പാമ്പിന്റെ ജീവനെടുക്കാന്‍ കാരണമെന്നുമാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

കുട്ടികളുടെ വികൃതിമാറ്റാന്‍ നായ

കുട്ടികളുടെ വികൃതികൊണ്ടു പൊറുതിമുട്ടിയിട്ടാണോ അവരെ സ്‌കൂളുകളിലേക്ക്‌ അയയ്‌ക്കുന്നതെന്നാണ്‌ അധ്യാപകര്‍ മാതാപിതാക്കളോട്‌ ചോദിക്കുന്നത്‌. കാരണം, സ്‌കൂളില്‍ ഇവര്‍കാട്ടിക്കൂട്ടുന്ന തല്ലുകൊള്ളിത്തരങ്ങള്‍ അനുഭവിക്കുന്നത്‌ അധ്യാപകരല്ലേ. കുട്ടികളും അധ്യാപകരും തമ്മിലുള്ള ഈ പ്രശ്‌നത്തിനു പരിഹാരം കണാന്‍ ബ്രിട്ടണിലെ ഒരു സ്‌കൂള്‍ കണ്ടെത്തിയ വഴി വ്യത്യസ്‌തമായിരുന്നു. ക്ലാസ്‌ മുറികളില്‍ അവര്‍ ഒരു നായയെ നിയമിച്ചു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഓസ്‌കര്‍ എന്ന നായയാണ്‌ കൂട്ടികളെ മര്യാദ പഠിപ്പിക്കാന്‍ ഈ സ്‌കൂളില്‍ എത്തിയത്‌. സൗത്താംപ്‌ടണിലെ കാന്റല്‍ മാത്സ്‌ ആന്‍ഡ്‌ കംപ്യൂട്ടിംഗ്‌ കോളജിലാണ്‌ ഓസ്‌കര്‍ ചുറ്റിക്കറങ്ങുന്നത്‌. ഓസ്‌കര്‍ എത്തിയിട്ട്‌ ഒരു മാസമേ ആയുള്ളൂവെങ്കിലും വിദ്യാര്‍ഥികളുടെ വികൃതിത്തരങ്ങളില്‍ 40 ശതമാനത്തോളം കുറവുണ്ടായെന്നാണ്‌ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്‌.

കൂട്ടികള്‍ക്കു അവരുടെ പ്രവൃത്തികള്‍ക്കായി ഒരു മുറി അനുവദിച്ചിട്ടുണ്ട്‌. അവിടെവച്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ അവരുടെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്താം. ഇവര്‍ക്കുകൂട്ടായി ഓസ്‌കറും കാണും. ഓസ്‌കര്‍ എത്തിയതോടെ കുട്ടികള്‍ തമ്മിലുള്ള വഴക്കുകള്‍ കുറഞ്ഞതായും മര്യാദക്കാരായി വരുന്നതായും അധ്യാപകര്‍ പറയുന്നു.

കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ ഓസ്‌കര്‍ എത്തിയാല്‍ രംഗംശാന്തമാകും. ഒരു കൂറ്റന്‍ ലാബ്രഡോര്‍ നായയുമായി കുട്ടികള്‍ വഴക്കുണ്ടാക്കാന്‍ തയാറല്ലാത്തതാണ്‌ ഇതിനുകാരണമെന്നാണ്‌ ആധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്‌. തങ്ങള്‍ക്കൊരു അടിപൊളികൂട്ടുകാരനെ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ്‌ തങ്ങള്‍ അടങ്ങിയൊതുക്കിയിരിക്കുന്നതെന്നാണ്‌ വിദ്യാര്‍ഥികള്‍ പറയുന്നത്‌.

മാന്‍ഹാട്ടണിലെ രാത്രിദേവത

ഇരുപത്തിയൊന്നുകാരിയായ ഐറിന്‍ തോമസിനെ വിളിക്കുന്നത്‌ രാത്രിയുടെ ദേവതയെന്നാണ്‌. കാരണം അമേരിക്കയിലെ മാന്‍ഹാട്ടണിലാണ്‌ രാത്രിയില്‍ കാവല്‍നില്‍ക്കുന്ന ഈ യുവതിയുള്ളത്‌. മാന്‍ഹാട്ടണിലെ ഭവനരഹിതരെയാണ്‌ രാത്രി സൂപ്പര്‍ഹീറോയായ ഐറിന്‍ സംരക്ഷിക്കുന്നത്‌. ഇവര്‍ക്കു ഭക്ഷണമുള്‍പ്പെടെയുള്ളവ എത്തിച്ചുകൊടുക്കാനും ഐറിന്‍ പരിശ്രമിക്കുന്നു. സൂപ്പര്‍ഹീറോ എന്ന വിശേഷണം പേരിലും പ്രവര്‍ത്തിയിലും മാത്രമല്ല വേഷവിധാനത്തിലും ഐറിന്‍ പ്രകടിപ്പിക്കുന്നു.

സൂപ്പര്‍ഹീറോ കഥാപാത്രമായ ക്യാറ്റ്‌ വുമണിന്റെ വസ്‌ത്രധാരണ ശൈലിയിലാണ്‌ ഐറിന്‍ അനുകരിക്കുന്നത്‌. മുഖംമറച്ച്‌, ലെതര്‍ വസ്‌ത്രങ്ങള്‍ ധരിച്ചാണ്‌ മാന്‍ഹാട്ടണിലെ രാത്രി സംരക്ഷണത്തിനായി ഐറിന്‍ രംഗത്തിറങ്ങുന്നത്‌. മാന്‍ഹാട്ടണിലെ തെരുവുകളില്‍ കിടന്നുറങ്ങുന്ന ഭവനരഹിതരായവര്‍ക്കെതിരേയുള്ള അതിക്രമങ്ങളെ ചെറുക്കാനാണ്‌ ഐറിന്‍ സൂപ്പര്‍ ഹീറോയായി വേഷം ധരിച്ചത്‌.

ജീവിതം ബോറടിച്ചതിനെത്തുടര്‍ന്നാണ്‌ ഐറിന്‍ വ്യത്യസ്‌തമായെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ തെരുവിലെത്തിയത്‌. നിക്‌സ് എന്നാണ്‌ തന്റെ സൂപ്പര്‍ ഹീറോ അവതാരത്തിന്റെ പേരായി ഐറിന്‍ സ്വീകരിച്ചിട്ടുള്ളത്‌. ഗ്രീക്ക്‌ വിശ്വാസമനുസരിച്ച്‌ രാത്രിയുടെ ദേവതയാണ്‌ നിക്‌്സ്‌.

ഐറിനു കൂട്ടായി റിയല്‍ ലൈഫ്‌ സൂപ്പര്‍ ഹീറോ പ്രോജക്‌ടുമുണ്ട്‌. സൂപ്പര്‍ ഹീറോയായി വേഷം ധരിച്ച്‌ കുറ്റകൃത്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്‌മയാണ്‌ റിയല്‍ ലൈഫ്‌ സൂപ്പര്‍ ഹീറോ പ്രോജക്‌ട്. സൂപ്പര്‍ഹീറോയായി വസ്‌ത്രം ധരിച്ച്‌ അക്രമത്തിനെതിരേ പോരാടുന്നത്‌ മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കുമെന്നാണ്‌ ഐറിന്‍ പറയുന്നത്‌.

പ്രണയചിഹ്നമുള്ള പെന്‍ഗ്വിന്‍

നെഞ്ചില്‍ ഹൃദയചിഹ്നമുള്ള പെന്‍ഗ്വിന്‍ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ്‌ സൂ ഫ്‌ളൂഡ്‌ എന്ന പ്രകൃതി ഫോട്ടോഗ്രാഫര്‍. എംപറര്‍ പെന്‍ഗ്വിന്‍ ഇനത്തില്‍പ്പെട്ടതാണ്‌ പ്രണയ ചിഹ്നധാരിയായ ഈ കുഞ്ഞന്‍ പെന്‍ഗ്വിന്‍. 20 വര്‍ഷമായി പെന്‍ഗ്വിനുകളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫറാണ്‌ സൂ. ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞിലൂടെ ദിവസങ്ങളോളം പെന്‍ഗ്വിനുകളുടെ ചിത്രങ്ങള്‍ എടുക്കാനായി സൂ അലഞ്ഞു നടന്നിട്ടുണ്ട്‌. എന്നാല്‍, ആദ്യമായാണ്‌ ഹൃദയ ചിഹ്നം ശരീരത്തിലുള്ള ഒരു പെന്‍ഗ്വിനിനെ കാണുന്നത്‌.

ഹൃദയചിഹ്നധാരിയായ ഈ പെന്‍ഗ്വിനാണ്‌ ജന്തുശാസ്‌ത്ര ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. പ്രകൃതിയുടെ അപൂര്‍വമായ പ്രതിഭാസമായാണ്‌ ശാസ്‌ത്രജ്‌ഞര്‍ ഇതിനെ നിരീക്ഷിക്കുന്നത്‌.

എസ്‌.എം.എസ്‌ പുലി

എസ്‌.എം.എസുകള്‍ ടൈപ്പ്‌ ചെയ്യുന്നതില്‍ ലോകറെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഓസ്‌ട്രേലിയക്കാരനായ ഒരു കൗമാരക്കാരന്‍. ഒരു മിനിട്ട്‌ 17.03 സെക്കന്‍ഡുകൊണ്ട്‌ 264 അക്ഷരങ്ങള്‍ മൊബൈല്‍ ഫോണ്‍ കീപാഡില്‍ ടൈപ്പ്‌ ചെയ്‌താണ്‌ ചെയോങ്‌ കിറ്റ്‌ ഒയു എന്ന പതിനാറുകാരന്‍ ലോകറിക്കോഡ്‌ സൃഷ്‌ടിച്ചത്‌. ന്യൂയോര്‍ക്കില്‍ ജനുവരിയില്‍ നടന്ന ഒരു മത്സരത്തിലായിരുന്നു ചെയോങ്ങിന്റെ റെക്കോഡ്‌ പ്രകടനം. എന്നാല്‍, കഴിഞ്ഞ ദിവസം മാത്രമാണ്‌ ഗിന്നസ്‌ റെക്കോഡ്‌ അധികൃതര്‍ ചെയോങ്ങിന്റെ പ്രകടനം ഔദ്യോഗികമായി അംഗീകാരം നല്‍കിയത്‌.

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയാണ്‌ ചെയോങ്‌. കണ്ണുകെട്ടിയും മൊബൈല്‍ തലതിരിച്ചുപിടിച്ചുമൊക്കെ വളരെ വേഗതയില്‍ എസ്‌.എം.എസുകള്‍ അയയ്‌ക്കാന്‍ ചെയോങിനു സാധിക്കും.

ദ്രുതഗതിയില്‍ ടൈപ്പ്‌ ചെയ്യാന്‍ ഈ വിദ്യാര്‍ഥിക്കു പ്രത്യേക പരിശീലന പദ്ധതിയുമൊന്നുമില്ല. ദിവസവും 200 എസ്‌.എം.എസുകളാണ്‌ ഈ വിരുതന്‍ അയയ്‌ക്കുന്നത്‌. ക്ലാസ്‌ റൂമില്‍വച്ച്‌ അധ്യാപകര്‍ കാണാതെ എസ്‌.എം.എസുകള്‍ അയച്ചയച്ചാണ്‌ തനിക്കീ വേഗത ലഭിച്ചതെന്നാണ്‌ ചെയോങ്‌ പറയുന്നത്‌.

സഹോദരന്റെ ചുണ്ടെലിയെ കൊന്ന കൗമാരക്കാരിക്കു രണ്ടു വര്‍ഷം ജയില്‍ ശിക്ഷ

ഒരു എലിയെ കൊന്നാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷയോ. സംഭവം അമേരിക്കയിലാണ്‌. സഹോദരനുമായുണ്ടായ വഴക്കില്‍ കലിപൂണ്ട സഹോദരി ദേഷ്യം തീര്‍ത്തത്‌ സഹോദരന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ചുണ്ടെലിയെ കൊന്നായിരുന്നു. എന്നിട്ടും കലി തീരാത്ത സഹോദരി എലിയെ റോഡിലേക്കു വലിച്ചെറിഞ്ഞു. സഹോദരന്‍ ഉടനെ മൃഗസംരക്ഷണ വകുപ്പില്‍ വിളിച്ചു പരാതിപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തുകയും ചുണ്ടെലിയുടെ ശരീരം കണ്ടെടുക്കുകയും ചെയ്‌തു.

ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലായിരുന്നു സംഭവം.

മോണിക്വി സ്‌മിത്ത്‌ എന്ന പത്തൊമ്പതുകാരിക്കെതിരെ ജന്തുക്കളെ കൊലപ്പെടുത്തിയ കുറ്റം ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌. രണ്ടുവര്‍ഷം തടവു ശിക്ഷയും 22,500 രൂപ പിഴയുമാണ്‌ മോണിക്വിയെക്കാത്തിരിക്കുന്നത്‌.

രോഗപ്രതിരോധത്തിനു മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍

മുട്ടകള്‍ ആരോഗ്യത്തിനു നല്ലതാണ്‌. എന്നാല്‍, മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നതോ? രോഗങ്ങള്‍ തടയുമെന്നാണ്‌ ചൈനക്കാര്‍ പറയുന്നത്‌. കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങിയ മുട്കള്‍ക്കേ ഈ ഗുണമുള്ളൂ. കിഴക്കന്‍ ചൈനയുടെ ഷെജിയാംങ്‌ പ്രവശ്യയിലെ ഡോംഗ്‌്യാംഗിലാണ്‌ കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നത്‌.

നൂറുകണക്കിനു വര്‍ഷങ്ങളായി കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങുന്ന മുട്ടകള്‍ ഈ പ്രദേശവാസികള്‍ ഉപയോഗിക്കുന്നുണ്ട്‌. പക്ഷേ, ഇപ്പോള്‍ ഇത്‌ ചൈനീസ്‌ സംസ്‌കാരത്തിന്റെ ഭാഗമായി ലോകം മുഴുവന്‍ പ്രചാരത്തിലാക്കാന്‍ തയാറെടുക്കുകയാണ്‌ അധികൃതര്‍.
10 വയസില്‍ താഴെയുള്ള കുട്ടികളുടെ മൂത്രത്തിലാണ്‌ ഈ മുട്ടകള്‍ പുഴുങ്ങുന്നത്‌. സ്‌കൂളുകളില്‍നിന്നു രാവിലെയാണ്‌ ഇവിടത്തുകാര്‍ മൂത്രം ശേഖരിക്കുന്നത്‌. മൂത്രത്തില്‍ പുഴുങ്ങിയെടുക്കുന്ന മുട്ട പിന്നീട്‌ തൊടുപൊളിച്ച്‌ ഒരു ദിവസം സൂക്ഷിക്കും. ഇതിനുശേഷമേ ഉപയോഗിക്കൂ. ഈ മുട്ടകള്‍ ആരോഗ്യത്തിനു നല്ലതാണെന്നുമാത്രമല്ല രുചികരവുമാണെന്നാണ്‌ ഡോംഗ്‌യാംഗുകാര്‍ പറയുന്നത്‌. പനിപോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത്‌ ഉചിതമാണെന്നും ഇത്തരം മുട്ടകള്‍ ദിവസവും കഴിക്കുന്നത്‌ ഉറക്കത്തിനു നല്ലതാണെന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. ഇത്തരം മുട്ടകള്‍ ലോകമെങ്ങും വന്‍തോതില്‍ കയറ്റുമതി ചെയ്യാനുള്ള തയാറെടുപ്പിലാണ്‌ ഡോംഗ്‌യാംഗുകാര്‍.

Thursday, March 10, 2011

ബര്‍ഗര്‍ കഴിക്കൂ; 14,000 രൂപ സ്വന്തമാക്കൂ‍

ഭക്ഷണം കഴിക്കാന്‍ കാശ്‌ ഹോട്ടലുകാര്‍ക്കു കൊടുക്കുന്നതാണ്‌ പതിവ്‌. എന്നാല്‍, ഭക്ഷണം കഴിച്ചാല്‍ പണം നല്‍കാമെന്നാണ്‌ ഒരു ഹോട്ടലുടമ പറയുന്നത്‌. ബ്രിട്ടണിലുള്ള ഇന്ത്യന്‍ വംശജനാണ്‌ ഉപഭോക്‌താക്കള്‍ക്കു കാശു വാഗ്‌ദാനംചെയ്‌തിരിക്കുന്നത്‌. സുദീപ്‌ ദീ എന്ന റെസേ്‌റ്റാറന്റ്‌ ഉടമ ഒരു ബര്‍ഗര്‍ ഉണ്ടാക്കി. 30 സെന്‍ീമീറ്റര്‍ വലുപ്പമുള്ള ഈ ബര്‍ഗര്‍ മുഴുവനും തിന്നുതീര്‍ത്താല്‍ 14,000 രൂപ നല്‍കാമെന്നാണ്‌ സുദീപിന്റെ വാഗ്‌ദാനം.

2100 രൂപയാണ്‌ ഈ ഭീമന്‍ ബര്‍ഗറിന്റെ വില. വീട്ടില്‍ ഭാര്യയ്‌ക്കും കുട്ടികള്‍ക്കും കഴിക്കാനായാണ്‌ സുദീപ്‌ ഈ ഭീമന്‍ ബര്‍ഗര്‍ തയാറാക്കിയത്‌. സുദീപും ഭാര്യയും രണ്ടുകുട്ടികളും കഴിച്ചിട്ടും ബര്‍ഗറിന്റെ പകുതിപോലും തീര്‍ക്കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ സൂദീപ്‌ തന്റെ റെസേ്‌റ്റാറന്റിന്റെ പ്രചരണാര്‍ഥം ഈ ഭീമന്‍ വാഗ്‌ദാനം നല്‍കിയത്‌. ഒരാള്‍ക്ക്‌ ഒരു ആഴ്‌ച ജീവിക്കാനുള്ള കലോറി അടങ്ങിയതാണ്‌ സുദീപ്‌ തയാറാക്കിയ ഈ ഭീമന്‍ ബര്‍ഗര്‍.

മൂന്നു കിലോ ഇറച്ചി, 30 ബണ്ണുകള്‍, ചീസ്‌, തക്കാളി, സവാള തുടങ്ങിയവയാണ്‌ ഈ ഭീമന്‍ ബര്‍ഗറിലുള്ളത്‌. രണ്ടു മണിക്കൂര്‍ കൊണ്ടു ബര്‍ഗര്‍ തിന്നു തീര്‍ത്താല്‍ മതിയെന്നാണ്‌ സുദീപ്‌ പറയുന്നത്‌.

മനുഷ്യമുഖം

മനുഷ്യനു പൊതുവായ ഒരു മുഖമുണ്ടോ? ഉണ്ടെന്നാണ്‌ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. ചൈനയിലെ ഹാന്‍ പ്രവശ്യയിലെ 28 വയസുള്ള ഒരു യുവാവിന്റെ ചിത്രമാണ്‌ ലോകത്തെ കോടിക്കണക്കിനു ജനങ്ങളുടെ മുഖമായി നാഷണല്‍ ജോഗ്രഫിക്‌ മാസിക തെരഞ്ഞെടുത്തിരിക്കുന്നത്‌.

ഈ യുവാവിന്റെ മുഖസാദൃശ്യമുള്ള 90 ലക്ഷം ചൈനാക്കാരുണ്ടെന്നു ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ മനുഷ്യവംശത്തിന്റെ പൊതുമുഖമായി ഈ മുഖം നാഷണല്‍ ജോഗ്രഫിക്‌ മാസിക തെരഞ്ഞെടുത്തത്‌. ലക്ഷക്കണക്കിനു ചൈനീസ്‌ ഫോട്ടോകള്‍ പരിശോധിച്ചശേഷമാണ്‌ ഈ യുവാവിന്റെ പൊതുമുഖം ശാസ്‌ത്രജ്‌ഞര്‍ സൃഷ്‌ടിച്ചത്‌.

2030 ആകുമ്പോള്‍ ലോകത്തെ പൊതുമുഖമായി തെരഞ്ഞെടുക്കപ്പെടുക ഒരു ഇന്ത്യക്കാരനായിരിക്കുമെന്നും നാഷണല്‍ ജോഗ്രഫിക്‌ മാസിക ചൂണ്ടിക്കാട്ടുന്നു. ബീജിംഗിലെ ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സാണ്‌ ഈ മുഖം സൃഷ്‌ടിച്ചത്‌.

10 വര്‍ഷം നീണ്ടുനിന്ന ഗവേഷണങ്ങളെ തുടര്‍ന്നാണ്‌ ഈ പൊതുമുഖത്തെ ശാസ്‌ത്രജ്‌ഞര്‍ നിര്‍മിച്ചത്‌. പൊതുവായ മനുഷ്യന്‍ വലങ്കൈയനായിരിക്കുമെന്നും മൊബൈല്‍ ഫോണുണ്ടെങ്കിലും ഇയാള്‍ക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ കാണില്ലെന്നും നാഷണല്‍ ജോഗ്രഫിക്‌ മാസിക പറയുന്നു.

ജൂണ്‍റി ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍

ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന ബഹുമതി ജൂണ്‍ മുതല്‍ ഫിലിപ്പീന്‍സുകാരനായ ജൂണ്‍റി ബലാവിംഗിനു സ്വന്തം. വെറും ഇരുപത്തിരണ്ട്‌ ഇഞ്ച്‌ മാത്രമാണു ജൂണ്‍റിയുടെ ഉയരം.

പതിനേഴുകാരനായ ജൂണ്‍റിക്ക്‌ ഒരു വയസുള്ള കുട്ടിയുടെ അത്ര ഉയരംപോലുമില്ലെന്നു ചുരുക്കം. ജൂണില്‍ പതിനെട്ടു തികയുമ്പോള്‍ ജൂണ്‍റി ഗിന്നസ്‌ ബുക്കില്‍ ഇടംപിടിക്കും. 26.4 ഇഞ്ച്‌ ഉയരവുമായി നേപ്പാളിലെ ഖജേന്ദ്ര താപ്പ മാഗറാണു നിലവിലെ റെക്കോഡ്‌ ഉടമ. ജൂണ്‍റിയേക്കാള്‍ അഞ്ച്‌ ഇഞ്ച്‌ ഉയരക്കൂടുതല്‍. ഒന്നാം പിറന്നാളിനുശേഷം ജൂണ്‍റി വളര്‍ന്നിട്ടേയില്ല. നടക്കുന്നതിനും നേരേ നില്‍ക്കുന്നതിനും ഏറെനാള്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനാണെങ്കിലും താന്‍ ഏറെ സന്തോഷവാനാണെന്നു ജൂണ്‍റി പറയു

Monday, March 7, 2011

പ്രേമിച്ചോളൂ, വിവാഹം കഴിക്കരുത്‌!

പ്രേമിച്ചോളു, പക്ഷേ, വിവാഹം കഴിക്കരുത്‌. കാരണം പ്രേമ വിവാഹങ്ങള്‍ക്കു ആയൂസ്‌ കുറയും. ലോകപ്രസിദ്ധമായ ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി വര്‍ഷങ്ങളോളം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയതാണിത്‌. എന്നാല്‍, മാതാപിതാക്കളും മറ്റു ചേര്‍ന്നു നിശ്‌ചിക്കുന്ന വിവാഹമാകാം. കാരണം, ഈ വിവാഹബന്ധം ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്നും ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി പറയുന്നു. ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഡോ. റോബര്‍ട്ട്‌ എപ്‌സ്റ്റിന്‍ എട്ടു വര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങളിലാണ്‌ പ്രേമവിവാഹങ്ങള്‍ അല്‌പായൂസുകളാണെന്നു കണ്ടെത്തിയത്‌.

പ്രേമവിവാഹങ്ങള്‍ അഭിനിവേശത്തിന്റെ ആവേശത്താല്‍ നടക്കുന്നവയാണെന്നും വിവാഹശേഷം ദമ്പതികള്‍ക്കിടയില്‍ പ്രണയം കുറയുകയും അകല്‍ച്ചയുണ്ടാവുകയും ചെയ്യുമെന്നാണ്‌ ഡോ. റോബര്‍ട്ട്‌ പറയുന്നത്‌. ഇത്‌ വിവാഹബന്ധത്തിന്റെ തകര്‍ച്ചയിലേക്കു നയിക്കുമെന്നും ഡോ. റോബര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ, അറേഞ്ച്‌ഡ് മാരേജില്‍ കാര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. കുടുംബ ബന്ധം, ജോലി, സാമ്പത്തികം, സാമൂഹികാവസ്‌ഥ, വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ്‌ അറേഞ്ച്‌ഡ് മാരേജ്‌.

ഈ വിവാഹത്തിലൂടെ ഒരുമിക്കുന്ന ദമ്പതികള്‍ മെല്ലെമെല്ലെ അടുക്കുകയും പരസ്‌പരം മനസിലാക്കുകയും ചെയ്യും. ഇത്‌ നാള്‍ക്കുനാള്‍ ഇവരുടെ ബന്ധത്തെ സുദൃഢമാക്കുമെന്നുമാണ്‌ ഡോ. റോബര്‍ട്ടിന്റെ ഗവേഷണം പറയുന്നത്‌.

ഇന്ത്യ, പാക്കിസ്‌താന്‍ തുടങ്ങിയ രാജ്യങ്ങളെ വിവാഹത്തില്‍ മാതൃകയാക്കണമെന്നാണ്‌ ഡോ. റോബര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌. ഈ രാജ്യങ്ങളില്‍ അറേഞ്ച്‌ഡ് മാരേജുകളാണെന്നതാണ്‌ കാരണം.

ബാറ്ററിയില്‍ ഓടുന്ന ഒറ്റചക്രവാഹനം

നഗരത്തിരക്കുകളില്‍ കുടുങ്ങാതെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ഒരു ഒറ്റചക്രവാഹനം. സോളോവീല്‍ എന്നാണ്‌ ഇതിന്റെ പേര്‌. ചക്രവും അതിന്റെ മുകളില്‍ ഒരാള്‍ക്കു കയറിനിന്നു സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലുമാണ്‌ ഈ വാഹനം തയാറാക്കിയിരിക്കുന്നത്‌. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സോളോവീലിനു കഴിയും. ആയിരം വാട്ടിന്റെ ബാറ്ററിയുടെ സഹായത്തോടെയാണ്‌ ഇവന്റെ സഞ്ചാരം. ഈ ഒറ്റവീല്‍ വാഹനത്തില്‍ കയറി മുന്നോട്ട്‌ ആഞ്ഞാല്‍ ഇവന്‍ ഓടിത്തുടങ്ങും. പുറകോട്ടാഞ്ഞാലോ ഇവന്‍ നില്‍ക്കും. തിരിയുകയും വളയുകയുമൊക്കെ ചെയ്യാം. പക്ഷേ, അല്‌പം ബാലന്‍സുണ്ടാകണമെന്നാണ്‌ കമ്പനി പറയുന്നത്‌.

45 മിനിട്ട്‌ ചാര്‍ജു ചെയ്‌താല്‍ രണ്ടു മണിക്കൂര്‍ ഈ ഒറ്റ ചക്രവാഹനത്തില്‍ സഞ്ചരിക്കാമെന്നാണ്‌ കമ്പനിയുടെ വാഗ്‌ദാനം. അത്യാവശ്യം കയറ്റങ്ങളൊക്കെ ഈ കുഞ്ഞന്‍ കയറിക്കോളും. ഷേന്‍ ചെന്‍ എന്ന അമ്പത്തിനാലുകാരനായ ഈ ഒറ്റചക്രവാഹനം വികസിപ്പിച്ചെടുത്തത്‌. ഒമ്പതു കിലോമാത്രം ഭാരമുള്ള ഇവനെ ഒരു ചെറിയ ബാഗു കണക്കേ എവിടെയും കൈയില്‍ തൂക്കി കൊണ്ടുനടക്കാനാവും.

പക്ഷേ, ഏതാണ്ട്‌ 70,000 രൂപയാണ്‌ ഇവന്റെ വില. അമേരിക്കയില്‍ മാത്രമാണ്‌ ഇപ്പോള്‍ സോളോവീല്‍ ലഭിക്കുന്നത്‌

ലക്‌ചര്‍ നോട്ടെഴുതാന്‍ സെക്‌സ്‌ ബുക്ക്‌

ഷെറിദാന്‍ സിമോവ്‌- ഈ പേരിപ്പോള്‍ ഇംഗ്ലണ്ടില്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമതാണ്‌. ഹാരിപോട്ടറെയും മറ്റു വിഖ്യാത പുസ്‌തകങ്ങളെയുമൊക്കെ കടത്തിവെട്ടി മുന്നേറുന്ന പുസ്‌തകത്തിന്റെ രചയിതാവാണ്‌ സിമോവ്‌. വാട്ട്‌ എവരി മാന്‍ തിങ്ക്‌ എബൗട്ട്‌ എപ്പാര്‍ട്ട്‌ ഫ്രം സെക്‌സ് എന്നാണ്‌ പുസ്‌തകത്തിന്റെ പേര്‌്. ലൈംഗികതയെ മാറ്റിനിര്‍ത്തിയാല്‍ പുരുഷന്‍ എന്താണു ചിന്തിക്കുന്നത്‌ എന്നതിനെക്കുറിച്ചാണ്‌ തന്റെ പുസ്‌കതമെന്നാണ്‌ സിമോവിന്റെ അവകാശവാദം.

200 പേജുള്ള ഈ പുസ്‌കത്തിന്റെ വില 330 രൂപയാണ്‌. പക്ഷേ, ഈ 200 പേജുകളിലും ഒരു വാക്കുപോലും അച്ചടിച്ചിട്ടില്ലെന്നതാണ്‌ പ്രത്യേകത. നിരവധി വര്‍ഷങ്ങളായി ഈ വിഷയത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടും പഠിച്ചിട്ടും ഒന്നു കണ്ടെത്താനായിട്ടില്ലെന്നും അതിനാലാണ്‌ പുസ്‌തകത്തിന്റെ പേജുകള്‍ ശൂന്യമാക്കിയിട്ടിരിക്കുന്നതെന്നാണ്‌ സിമോവ്‌ പറയുന്നത്‌.

സിമോവിന്റെ പുസ്‌തകം കോളജ്‌ വിദ്യാര്‍ഥികള്‍ ലക്‌ചര്‍ നോട്ട്‌ എഴുതാനാണ്‌ വാങ്ങിക്കുട്ടുന്നതെന്നാണ്‌ പ്രസാധകര്‍ പറയുന്നത്‌. ബ്രിട്ടണിലെ കോളജ്‌ കാമ്പസുകളില്‍ ഈ ബുക്ക്‌ വാങ്ങി നോട്ടെഴുതുന്നതാണ്‌ ഇപ്പോഴത്തെ ഫാഷന്‍. വന്‍തോതില്‍ കോളജ്‌ വിദ്യാര്‍ഥികള്‍ ബുക്ക്‌ വാങ്ങിക്കൂട്ടുന്നതിനാല്‍ വില്‍പ്പനയില്‍ റിക്കോഡ്‌ സൃഷ്‌ടിച്ച്‌ സിമോവിന്റെ ബുക്ക്‌ മുന്നേറുകയാണെന്നാണ്‌ പുസ്‌തക വില്‍പ്പനക്കാര്‍ പറയുന്നത്‌.

ജീവനില്‍ കൊതിയില്ലാത്തവര്‍ക്കായി ഒരു വിനോദയാത്ര

മാനസികോല്ലാസത്തിനു വേണ്ടിയാണ്‌ ആളുകള്‍ വിനോദയാത്രകള്‍ നടത്തുന്നത്‌. മലയും കാടും പുഴയും മൃഗങ്ങളുമൊക്കെ കണ്ട്‌ മനസുകുളിര്‍ക്കാമെന്നാണ്‌ ടൂര്‍ സംഘാടകര്‍ വിനോദസഞ്ചാരികള്‍ക്കു നല്‍കുന്ന വാഗ്‌ദാനം. എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായി ഒരു വിനോദയാത്ര സംഘടിപ്പിക്കാന്‍ തയാറെടുക്കുകയാണ്‌ ഒരു ബ്രിട്ടീഷ്‌ ടൂര്‍ ഓപ്പറേറ്റര്‍. ലോകത്തെ ഒരു ടൂര്‍ ഓപ്പറേറ്റര്‍മാരും കൈകടത്താത്ത പ്രദേശത്തേക്കാണ്‌ ട്രയല്‍ റൈഡിംഗ്‌ യുകെ എന്ന ബ്രിട്ടീഷ്‌ കമ്പനി വിനോദയാത്രക്കാരെ ക്ഷണിക്കുന്നത്‌. 2.1 ലക്ഷം രൂപ മുടക്കാന്‍ തയാറുള്ള ജീവനില്‍ കൊതിയില്ലാത്തവരെ ആറു ദിവസം ഇറഖ്‌ ചുറ്റി കാണിക്കാമെന്നാണ്‌ ഇവരുടെ വാഗ്‌ദാനം.

ഇറാഖില്‍ ആറുവര്‍ഷത്തോളം സേവനം അനുഷ്‌്ഠിച്ച ബ്രിട്ടീഷ്‌ സൈനികനായ സ്‌റ്റീവ്‌ അസ്‌കിനാണ്‌ ഈ ആശയം അവതരിപ്പിച്ചത്‌. 1500 കിലോമീറ്റര്‍ ദൂരത്തില്‍ ഇറാക്കിന്റെ വ്യത്യസ്‌ത ഭൂവിഭാഗങ്ങളിലൂടെ നിങ്ങള്‍ക്കു സഞ്ചരിക്കാമെന്നാണ്‌ സ്‌റ്റീവിന്റെ വാഗ്‌ദാനം. യാത്രയ്‌ക്ക് എ.കെ 47 തോക്കുകള്‍ ഏന്തിയ സുരക്ഷാഭടന്മാര്‍ കാവലുണ്ടാകുമെന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. പോരാട്ടങ്ങളും ആളുകള്‍ മരിച്ചുവീഴുന്നതും തീവ്രവാദികളെയുമൊക്കെ കണ്ട്‌ കടുത്ത ചൂടിലൂടെ ഒരു അവിസ്‌മരണീയ യാത്രയെന്നാണ്‌ ഈ ഇറാഖ്‌ വിനോദയാത്രയെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വിശേഷിപ്പിക്കുന്നത്‌.

ഇരുപതുവര്‍ഷത്തിലേറെയായി വിനോദസഞ്ചാരികള്‍ എത്താത്ത പ്രദേശമാണ്‌ ഇറാഖ്‌. ലോകത്തെ ഏറ്റവും അപകടം പിടിച്ച സ്‌ഥലമെന്നാണ്‌ ഇറാഖിനെ വിശേഷിപ്പിക്കുന്നത്‌. അടുത്ത വര്‍ഷം ആദ്യമാണ്‌ ഇറാഖിലേക്കു വിനോദയാത്ര നടത്താന്‍ സ്‌റ്റീവിന്റെ കമ്പനി ഒരുങ്ങുന്നത്‌.

ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍...

അന്തരിച്ച മലയാള സിനിമാ താരം ജയന്റെ കൈയില്‍ ഒരു മുതലയെ കിട്ടിയാല്‍ എന്തു സംഭവിക്കും. ജയന്‍ അതുമായി ഗുസ്‌തിപിടിക്കും. ലോകത്ത്‌ ജയനുമാത്രം സാധിക്കുന്നൊരു ജോലിയാണ്‌ മുതലയുമായുള്ള ഗുസ്‌തിപിടിത്തമെന്നാണ്‌ മലയാളികള്‍ കരുതിയിരുന്നത്‌. എന്നാല്‍, തായ്‌്ലന്‍ഡിലെ ഒരു മൃഗശാലയില്‍ ഒറിജിനല്‍ മുതല ഗുസ്‌തിക്കാരുണ്ട്‌. ബാംങ്കോഗിലെ സാംഫ്രാന്‍ എലിഫന്റ്‌ ഗ്രൗണ്ട്‌ ആന്‍ഡ്‌ സൂ എന്ന മൃഗശാലയിലാണ്‌ മുതല ഗുസ്‌തിക്കാരുള്ളത്‌. 1985 മുതല്‍ ഇവിടെ മുതലയും മനുഷ്യരും തമ്മിലുള്ള ഗുസ്‌തി സന്ദര്‍ശകര്‍ക്കായി നടത്തി വരുന്നുണ്ട്‌.

സോംഫ്‌പൊ എന്ന ഇരുപത്തിരണ്ടുകാരനാണ്‌ ഇപ്പോള്‍ ഈ മൃഗശാലയിലെ ജയന്‍. മുതലയുമായി കരണം മറിയുക. മുതലയുടെ വായ്‌ ബലമായി പിടിച്ചു തുറക്കുക, തുറന്നിരിക്കുന്ന മുതല വായില്‍ തലവയ്‌ക്കുക തുടങ്ങിയ ഞെട്ടിക്കല്‍ ഐറ്റങ്ങളാണ്‌ ഈ തായ്‌്ലന്‍ഡ്‌ ജയന്‍ ചെയ്യുന്നത്‌. ഒരു മണിക്കൂറോളം നേരം നീണ്ടുനില്‍ക്കുന്നതാണ്‌ ഈ ഗുസ്‌തി.

34 വര്‍ഷം പഴക്കുള്ള കാറിന്റെ വില 11.25 കോടി!

ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നെജാദ്‌ അമേരിക്കയുടെ കണ്ണിലെ കരടാണ്‌. എന്നാല്‍, നെജാദിന്റെ കാറ്‌ അമേരിക്കക്കാരുടെ കണ്ണിലെ കൃഷ്‌ണമണിയാണ്‌. 34 വര്‍ഷമായി അഹമ്മദി നെജാദ്‌ ഉപയോഗിച്ച വെള്ള പോഷേ കാര്‍ ലേലത്തില്‍വച്ചപ്പോള്‍ അതുവാങ്ങാന്‍ എതിരാളികളായ അമേരിക്കക്കാരും മുമ്പിലുണ്ടായിരുന്നു. എഴുപതിനായിരും രൂപമാത്രം വിലയുള്ള ഈ പാട്ടവണ്ടിക്കായി കോടികള്‍ മുടക്കാനാണ്‌ അമേരിക്കക്കാര്‍ തയാറായത്‌.

കഴിഞ്ഞ നവംബറിലാണ്‌ നെജാദ്‌ കാര്‍ ലേലത്തില്‍വച്ചത്‌. വരുമാനം കുറഞ്ഞ വിഭാഗങ്ങള്‍ക്കായുള്ള വീടുനിര്‍മാണത്തിനുള്ള ധനശേഖരണാര്‍ഥമാണ്‌ നെജാദ്‌ 34 വര്‍ഷം പഴക്കുള്ള കാര്‍ ലേലത്തില്‍വച്ചത്‌. ടെഹ്‌റാന്‍ മേയറായിരുന്നപ്പോഴും ഇറാന്‍ പ്രസിഡന്റായപ്പോഴും നെജാദ്‌ തന്റെ പഴയ കാര്‍ ഉപേക്ഷിച്ചിരുന്നില്ല. പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായും നെജാദ്‌ ഈ കാര്‍ ഉപയോഗിച്ചിരുന്നു. 11.25 കോടി രൂപയ്‌ക്കാണ്‌ കാര്‍ ലേലത്തില്‍ പോയത്‌. എന്നാല്‍, ആരാണ്‌ കാര്‍ ലേലത്തില്‍ കരസ്‌ഥമാക്കിയതെന്നു ഇറാന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഏതോ അമേരിക്കക്കാരനാണ്‌ കാര്‍ ലേലത്തില്‍ പിടിച്ചതെന്നും അതുകൊണ്ടാണ്‌ ഉടമസ്‌ഥനെക്കുറിച്ച്‌ ഇറാന്‍ അധികൃതര്‍ വെടിപ്പെടുത്താന്‍ തയാറാകാത്തതെന്നാണ്‌ ദോഷൈകദൃക്കുകള്‍ പറയുന്നത്‌.

8.5 കോടിയുടെ വയലിന്‍ വിറ്റത്‌ 7,000 രൂപയ്‌ക്ക്‌

പഴകുംതോറും മൂല്യമേറുന്നവയാണ്‌ പുരാവസ്‌തുക്കള്‍. എന്നാല്‍, മോഷ്‌ടാക്കള്‍ക്കു പുരാവസ്‌തുവെന്നോ പുതിയവസ്‌തുവെന്നോ വ്യത്യാസമില്ല. വിറ്റാല്‍ പണം കിട്ടുന്ന എന്തും അവര്‍ മോഷ്‌ടിച്ചു വില്‍ക്കും. അയര്‍ലന്‍ഡുകാരനായ ജോണ്‍ മഗാനും അത്തരമൊരു മോഷ്‌ടാവായിരുന്നു. ലണ്ടനില്‍ വച്ച്‌ ജോണ്‍ ഒരു വയലിന്‍ മോഷ്‌ടിച്ചു വിറ്റത്‌ 7,000 രൂപയ്‌ക്കാണ്‌. ഒരു മോഷ്‌ടാവിനെ സംബന്ധിച്ച്‌ വയലിന്‌ ഏഴായിരം രൂപ ലഭിക്കുമെന്നുള്ളത്‌ ലോട്ടറിയാണ്‌. എന്നാല്‍, മോഷ്‌ടിച്ചുവിറ്റ ആ വയലിന്റെ യഥാര്‍ഥ വില കേട്ടാല്‍ ജോണിനു ഹൃദയാഘാതമുണ്ടാകുമായിരുന്നു. കാരണം, 8.5 കോടിരൂപയാണ്‌ ആ വയലിന്റെ വില.

300 വര്‍ഷം പഴക്കമുള്ള അപൂര്‍വം വയലിനുകളിലൊന്നായിരുന്നു ജോണ്‍ മോഷ്‌ടിച്ചത്‌. അന്താരാഷ്ര്‌ട പ്രശസ്‌തയായ വയലിനിസ്‌റ്റായ മിന്‍ ജിന്‍ കിമിന്റെ വയലിനാണ്‌ ജോണ്‍ മോഷ്‌ടിച്ചത്‌. ലണ്ടനിലെ ഒരു പാര്‍ക്കില്‍ കാമുകനുമായുള്ള സല്ലാപത്തില്‍ മിന്‍ മതിമറന്നിരിക്കെയാണ്‌ ജോണ്‍ വയലിന്‍ മോഷ്‌ടിച്ചത്‌. എന്നാല്‍, പിന്നീട്‌ പോലീസ്‌ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

Tuesday, March 1, 2011

സ്‌ത്രീശേഖരത്തില്‍ അണിയാത്ത വസ്‌ത്രങ്ങളും

വസ്‌ത്രങ്ങളോടുള്ള സ്‌ത്രീകളുടെ ഭ്രമം പുരുഷന്മാര്‍ക്കു ചില്ലറ തലവേദനയല്ല സൃഷ്‌ടിക്കുന്നത്‌. വസ്‌ത്രങ്ങള്‍ എത്രവാങ്ങിയാലും സ്‌ത്രീകള്‍ക്കു മതിയാവില്ലെന്നാണ്‌ പുരുഷന്മാര്‍ പരാതി പറയുന്നത്‌. എന്നാല്‍, സ്‌ത്രീകളുടെ വസ്‌ത്രശേഖരത്തില്‍ അവര്‍ ധരിക്കാത്ത 22 വസ്‌ത്രങ്ങളെങ്കിലും കാണുമെന്നാണ്‌ അന്താരാഷ്ര്‌ടതലത്തില്‍ നടത്തിയ ഒരു സര്‍വേ കണ്ടെത്തിയിരിക്കുന്നത്‌.

വസ്‌ത്രങ്ങളോട്‌ ഭ്രമമുള്ള ഭൂരിപക്ഷം സ്‌ത്രീകളും ഇങ്ങനെയുള്ളവരാണെന്നാണ്‌ സര്‍വേ റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട്‌ പ്രകാരം ബ്രട്ടീഷ്‌ സ്‌ത്രീകള്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന വസ്‌ത്രങ്ങളുടെ മൂല്യം 11250 കോടി രൂപയാണ്‌. 50 കോടി വസ്‌ത്രങ്ങളാണ്‌ ബ്രട്ടീഷ്‌ സ്‌ത്രീകള്‍ തങ്ങളുടെ വസ്‌ത്രശേഖരത്തില്‍ ഉപക്ഷിച്ചിരിക്കുന്നത്‌. പ്രമുഖരുടെ ഫാഷന്‍ അനുകരിച്ചു വാങ്ങിയവയാണ്‌ ഇത്തരത്തില്‍ ഉപയോഗശൂന്യമാക്കപ്പെട്ടവയില്‍ അധികവും.

എട്ടു പേരില്‍ ഒരാള്‍ മാത്രമേ സ്‌ഥിരമായി വസ്‌ത്രശേഖരം വൃത്തിയാക്കുന്നുള്ളെന്നും അമ്പതു പേരില്‍ ഒരാള്‍ 10 വര്‍ഷം കൂടുമ്പോഴാണ്‌ തങ്ങളുടെ വസ്‌ത്രശേഖരം അടുക്കിവച്ച അലമാരി വൃത്തിയാക്കുന്നുതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കള്ളനെ പിടികൂടിയ ഫേസ്‌ബുക്ക്‌

സൗഹൃദങ്ങള്‍ പുതുക്കാനും കണ്ടെത്താനും മാത്രമല്ല കള്ളനെ പിടിക്കാനും ഫേസ്‌ബുക്ക്‌ സഹായിക്കുമെന്നാണ്‌ അമേരിക്കന്‍ പോലീസ്‌ പറയുന്നത്‌. മസാച്ചുസെറ്റ്‌സിലെ സ്വാന്‍സിയിലെ സിനിമാ തീയറ്ററില്‍ മോഷണം നടത്തിയ കള്ളനെ പിടികൂടിയത്‌ ഫേസ്‌ബുക്കിന്റെ സാഹയത്തോടെയാണ്‌.

ഇരുപത്തിയഞ്ചുകാരനായ ഡാനിയല്‍ ബോയ്‌സിയെന്ന യുവാവ്‌ തീയറ്റര്‍ കെട്ടിടത്തില്‍ ആരുമറിയാതെ കടന്ന്‌ പണപ്പെട്ടി മോഷ്‌ടിക്കുകയായിരുന്നു. എന്നാല്‍, ഡാനിയല്‍ പണം മോഷ്‌ടിക്കുന്നതിന്റെ ചിത്രങ്ങള്‍ തീയറ്ററിലെ രഹസ്യകാമറകള്‍ പകര്‍ത്തിയിരുന്നു. ഈ കാമറാ ദൃശ്യങ്ങള്‍ കണ്ട തീയറ്ററിലെ ഒരു ജീവനക്കാരന്‍ ഇയാളെ പരിചയമുണ്ടെന്നു തറപ്പിച്ചു പറഞ്ഞു. ഫേസ്‌ബുക്കില്‍ ഏറെ സമയം ചെലവഴിക്കുന്നയാളായിരുന്നു ഈ ജീവനക്കാരന്‍. ഫേസ്‌ബുക്കില്‍ ഇയാളെ കണ്ടിട്ടുണ്ടെ ജീവനക്കാരന്റെ മൊഴി സ്വീകരിച്ച പോലീസ്‌ വിശദമായി ഫേസ്‌ബുക്കില്‍ പരതി മോഷ്‌ടാവിനെ കണ്ടെത്തുകയായിരുന്നു.

നല്ല ശമരിയാക്കാരനായ നായ

ശമരിയാക്കാരന്റെ കഥ ഡേവ്‌ എന്ന നായ്‌ക്കറിയാമോ എന്നറിയില്ല. എന്നാല്‍, മൃഗങ്ങള്‍ക്കിടയിലെ നല്ല ശമരിയാക്കാരനാണ്‌ ഡേവ്‌ എന്ന റോട്ട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ. ആറു വയസുള്ള ഡേവിന്റെ സംരക്ഷണത്തില്‍ നിരവധി ജീവികളാണ്‌ കഴിയുന്നത്‌. നാലു താറാവുകള്‍, മൂന്നു വാത്തകള്‍, അഞ്ചു മുയലുകള്‍, 13 കോഴിക്കുഞ്ഞുങ്ങള്‍, അഞ്ചു നായക്കുട്ടികള്‍ എന്നിങ്ങനെപോകുന്നു ഈ മൃഗസ്‌നേഹിയുടെ സംരക്ഷണയിലുള്ളവയുടെ ലിസ്‌റ്റ്.

വീടിന്റെ പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും ചുറ്റിനടക്കുന്നതാണ്‌ ഡേവിന്റെ ഇഷ്‌ടം. ശാന്തസ്വഭാവമുള്ളതിനാല്‍ ഡേവിനെ അവന്റെ ഇഷ്‌ടത്തിനു ചുറ്റക്കറങ്ങാന്‍ ഉടമസ്‌ഥന്‍ അനുവദിക്കാറുണ്ട്‌. ഇങ്ങനെയുള്ള ചുറ്റിത്തിരിയലിലാണ്‌ ഡേവ്‌ അനാഥരായ സഹജീവികളെ കണ്ടെത്തുന്നത്‌. ഒരിക്കല്‍ വീടിനു പിറകിലുള്ള ചായ്‌പ്പില്‍ ഡേവ്‌ പതിവില്ലാതെ ചുറ്റിത്തിരിയുന്നതു കണ്ട ഉടമസ്‌ഥയായ അമെന്‍ഡ കോളിന്‍ നോക്കുമ്പോഴാണ്‌ നിരവധി ജീവികളെ കണ്ടെത്തുന്നത്‌. തന്റെ ഭക്ഷണത്തില്‍നിന്നു ഒരു പങ്ക്‌ നല്‍കിയാണ്‌ ഡേവ്‌ ഇവയെ സംരക്ഷിച്ചിരുന്നത്‌.

ഡേവിന്റെ ഈ ശീലം കണ്ടെത്തിയതോടെ അമെന്‍ഡയും അവയ്‌ക്കായി ഭക്ഷണം നല്‍കിത്തുടങ്ങി. ഇതോടെ ഡേവിലെ സഹായമനോഭാവം പൂര്‍ണമായും ഉണര്‍ന്നു. പിന്നീട്‌ നിരാലംബരായ നിരവധി ജീവികളെയാണ്‌ ഡേവ്‌ വീടിന്റെ ചായ്‌പ്പിലെത്തിച്ചത്‌.

വിലമതിക്കാനാവാത്ത വജ്രം

എന്തിനും വിലയിടുന്നവരാണ്‌ പാശ്‌ചാത്യര്‍. എന്നാല്‍, കോറ സണ്‍ ഡ്രോപ്‌ എന്ന വജ്രത്തിനു വിലയിടാന്‍ അവര്‍ക്കു സാധിക്കുന്നില്ല. കാരണം മഞ്ഞനിറത്തിലുള്ള ലോകത്തെ ഏറ്റവും അപൂര്‍വമായ വജ്രമാണിത്‌. 110 കാരറ്റുണ്ട്‌ ഈ വജ്രം. ഇറ്റുവീഴുന്ന വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ളതാണിത്‌. അതിനാലാണ്‌ ഇറ്റുവീഴുന്ന സൂര്യകിരണമെന്ന്‌ അര്‍ഥത്തില്‍ സണ്‍ ഡ്രോപ്‌ എന്ന ഈ വജ്രത്തിനു പേരുനല്‍കിയത്‌. വജ്ര നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനിയായ കോറയാണ്‌ ഈ വജ്രത്തിന്റെ ഉടമസ്‌ഥര്‍. 100 കാരറ്റിലധികമുള്ള വജ്രങ്ങള്‍ വളരെഅപൂര്‍വമായതാണ്‌ കോറ സണ്‍ ഡ്രോപിന്റെ മൂല്യത്തിനുകാരണം. ആഫ്രിക്കയില്‍നിന്നാണ്‌ ഈ വജ്രം ഖനനം ചെയ്‌തെടുത്തത്‌. അത്യപൂര്‍വമായ ഈ വജ്രത്തിന്റെ പ്രദര്‍ശനം ലോകംമുഴുവന്‍ നടത്തുന്ന തിരക്കിലാണ്‌ കമ്പനി.

Monday, February 28, 2011

ഉന്നതനിലയില്‍ ജീവിച്ച കുറുക്കന്‍

ഉന്നതനിലയില്‍ ജീവിച്ചൊരു കുറുക്കനെ കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ പിടികൂടി. ബ്രിട്ടണിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തില്‍ താമസമാക്കിയ കുറുക്കനെയാണ്‌ പിടികൂടിയത്‌. 288 മീറ്റര്‍ ഉരത്തിലുള്ള കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവേ തന്നെ അനിധികൃതമായി ഈ കുറുക്കന്‍ കൈയേറുകയായിരുന്നെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. 72 നിലകളുള്ള ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്‌ കുറക്കന്‍ താമസിച്ചിരുന്നത്‌. മരങ്ങള്‍ നിറഞ്ഞ കാടല്ലെങ്കിലും നഗരമൊരു കോണ്‍ക്രീറ്റ്‌ വനമാണെന്നു ചിന്തിച്ചിരുന്ന പുരോഗമന ചിന്തകനായിരുന്നു ഈ കുറുക്കന്‍.

നിര്‍മാണ തൊഴിലാളികളുടെ ഭക്ഷണാവശിഷ്‌ടങ്ങളായിരുന്നു ഈ വിരുതന്‍ കഴിച്ചിരുന്നത്‌. ലോകത്തെ ഏറ്റവും ഉന്നതനിലയില്‍ ജീവിക്കുന്ന കുറുക്കനെന്ന അഹങ്കാരമൊന്നും ഈ പാവത്തിനില്ലായിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും കൂവുന്നൊരു സ്വഭാവദൂഷ്യം പാരമ്പര്യമായി കുറുക്കന്മാര്‍ക്കുണ്ടല്ലോ. എന്നാല്‍, ഈ പാവത്തിനു അതുമില്ലായിരന്നു. ലണ്ടന്‍ ബ്രിഡ്‌ജിനു സമീപത്തുയരുന്ന ആകാശഗോപുരത്തിന്റെ 72-ാം നിലയില്‍ നഗരകാഴ്‌ചകള്‍ കണ്ട്‌ സന്തോഷപൂര്‍വമായിരുന്നു ഇവന്റെ താമസം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഏതോ പണിക്കാരന്‍ മുകളിലത്തെ നിലയില്‍ എത്തിയപ്പോള്‍ ഇവനെ കണ്ടുപിടിക്കുകയായിരുന്നു. പിന്നീട്‌ ഒരു കൂട്ടിലടച്ച്‌ ഇവനെ മൃഗസംരക്ഷകര്‍ക്കു കൈമാറി. കെട്ടിടം പണിയുന്നവര്‍ ഈ സുന്ദരനായ കുറക്കനു ഒരു പേരുമിട്ടു. റോമിയോ. എന്തായാലും റോമിയോ ഇപ്പോള്‍ ലണ്ടനിലെ ഒരു മൃഗശാലയിലാണ്‌.

Sunday, February 27, 2011

റോബോവി: റോബോട്ടുകളിലെ ഓട്ടക്കാരന്‍

ജപ്പാനില്‍ നടത്തിയ റോബോട്ടുകളുടെ മാരത്തണില്‍ റോബോവി-പി.സിക്ക്‌ ജയം. രണ്ടു ദിവസം നീണ്ടുനിന്ന മത്സരത്തില്‍ തൊട്ടടുത്ത എതിരാളിയെ സെക്കന്റുകളുടെ വ്യത്യാസത്തിലാണ്‌ റോബോവി പരാജയപ്പെടുത്തിയത്‌. ഒസാകയിലെ ഇന്‍ഡോര്‍ ട്രാക്കിലാണ്‌ മത്സരം നടന്നത്‌. 42 കിലോമീറ്റര്‍ ദൂരമാണ്‌ മത്സരാര്‍ഥികള്‍ക്ക്‌ താണ്ടാനുണ്ടായിരുന്നത്‌. മത്സരാര്‍ഥികളില്‍ ഏറ്റവും ഉയരമുണ്ടായിരുന്ന റോബോവി തന്നെ വിജയിക്കുമെന്നായിരുന്നു ടെക്‌നീഷ്യന്മാരുടെ പ്രവചനം. 40 സെന്റിമീറ്റര്‍ ഉയരമുള്ള റോബോവിക്‌ 2.4 കിലോഗ്രാമാണ്‌ തൂക്കം.

മത്സരത്തിനിടെ ബാറ്ററി ചാര്‍ജ്‌ ചെയ്യാനും മോട്ടോര്‍ മാറ്റുന്നതിനും സംഘാടകര്‍ റോബോട്ട്‌ ഉടമകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. ഓട്ടത്തിനിടെ ഉരുണ്ടുവീഴുന്ന റോബോട്ടുകള്‍ തനിയെ എഴുന്നേറ്റ്‌ പൊടിത്തട്ടിക്കളഞ്ഞ്‌ ഓട്ടം തുടര്‍ന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. രാജ്യാന്തര തലത്തില്‍ റോബോട്ട്‌ ഓട്ടമത്സരം പ്രചരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ്‌ ജപ്പാനില്‍ ഈ മത്സരം സംഘടിപ്പിച്ചത്‌.

കളിത്തോക്കുകള്‍ ഇല്ലാത്ത രാജ്യം

ഇറാഖില്‍ തോക്കുകള്‍ക്കു പഞ്ഞമില്ല. അമേരിക്കന്‍ സൈനികരുടെയും തീവ്രവാദികളുടെയും പോരാളികളുടെയുമെല്ലാമായി ലക്ഷോപലക്ഷം തോക്കുകളുള്ള രാജ്യമാണ്‌ ഇറാഖ്‌. കൈത്തോക്കുകള്‍ മുതല്‍ വിമാനവേധതോക്കുകള്‍ വരെ ഇറാഖില്‍ സുലഭം.

എന്നാല്‍, അവിടെ ലഭിക്കാത്തൊരു തോക്കുണ്ട്‌. സദാം ഹുസൈന്റെ കാലത്തുണ്ടായിരുന്നതും അമേരിക്കന്‍ അധിനിവേശകാലത്തു ലഭിക്കാത്തതുമായ തോക്കുകളാണിവ. കളിത്തോക്കുകള്‍. കളിത്തോക്കുകളാണ്‌ ഇപ്പോള്‍ ഇറാഖിലെ അപൂര്‍വ വസ്‌തുക്കള്‍. സുരക്ഷാഭീഷണിയുടെ പേരിലാണ്‌ കളിത്തോക്കുകള്‍ ഇറാഖില്‍ ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നത്‌. പക്ഷേ, കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നവര്‍ ഇപ്പോഴും കളിത്തോക്കുള്‍ രഹസ്യമായി വില്‍ക്കുന്നുണ്ട്‌. നൂറിരട്ടി ലാഭമുള്ള ബിസിനസാണ്‌ കളിത്തോക്കുകളുടേതെന്നാണ്‌ കച്ചവടക്കാര്‍ പറയുന്നത്‌.

കുട്ടികള്‍ തോക്കുമായി കളിക്കുന്നത്‌ സുരക്ഷാ സൈനികര്‍ക്കു ഭീഷണി സൃഷ്‌ടിക്കുമെന്നാണ്‌ അമേരിക്ക കളിത്തോക്കു നിരോധിക്കാന്‍ പറഞ്ഞന്യായം. സ്‌ഥലം ഇറാഖാണ്‌ കുട്ടികളുടെ കൈയിലുള്ളത്‌ കളിത്തോക്കാണോ അതോ ഒറിജിനല്‍ തോക്കാണോ എന്ന്‌ എങ്ങനെ അറിയാനാണ്‌ എന്നാണ്‌ അമേരിക്കന്‍ സൈനികരുടെ ചോദ്യം. കളിത്തോക്കുകാണിച്ചു പേടിപ്പിക്കുന്ന കുട്ടികളെ വെടിവച്ചാല്‍ അതുമതി അടുത്തപൊല്ലാപ്പിന്നെന്ന്‌ അമേരിക്കയ്‌ക്കറിയാം. അതിലും നല്ലത്‌ കളിത്തോക്കുകള്‍ നിരോധിക്കുന്നതാണെന്നതായിരുന്നു അമേരിക്കന്‍ ബുദ്ധി.

കണ്ണില്‍ ഘടിപ്പിക്കാവുന്ന കംപ്യൂട്ടര്‍

ലോകത്തെ ഏറ്റവും ചെറിയ കംപ്യൂട്ടര്‍ സംവിധാനം നിര്‍മിച്ചിരിക്കുകയാണ്‌ അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാല. അന്ധതയ്‌ക്കു കാരണമാകാവുന്ന ഗ്ലൂക്കോമ എന്ന നേത്രരോഗത്തിന്റെ ചികിത്സാര്‍ഥമാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടര്‍ നിര്‍മിച്ചിരിക്കുന്നത്‌. ഒരു ചതുരശ്രമില്ലീമീറ്ററാണ്‌ ഇതിന്റെ വിലുപ്പം. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ ഈ കംപ്യൂട്ടറിനെ കണാനാവൂ. ഗ്ലൂക്കോമ രോഗം പിടിപെട്ടയാളുടെ കണ്ണില്‍ ഘടിപ്പിക്കാനാണ്‌ ഈ കംപ്യൂട്ടര്‍. കണ്ണിന്റെ മര്‍ദം അളക്കാനുള്ള ഉപകരണമായാണ്‌ ഇതിനെ ഉപയോഗിക്കുന്നത്‌.

സാദാ കംപ്യൂട്ടറെ വെല്ലുന്നവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടര്‍. തീരെച്ചെറിയ മൈക്രോപ്രൊസസറാണ്‌ ഇതിലുള്ളത്‌. കണ്ണിന്റെ മര്‍ദം അളക്കാനുള്ള സെന്‍സര്‍, മെമ്മറി, ബാറ്ററി, സോളാര്‍സെല്‍, വയര്‍ലെസ്‌ റേഡിയോ, ഇതിന്റെ ആന്റിന തുടങ്ങിയവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടറിലുള്ളത്‌. പുറത്തുള്ള റേഡിയോ ഉപകരണത്തിലേക്ക്‌ വിവരങ്ങള്‍ കൈമാറാനാണ്‌ ഈ റേഡിയോയും ആന്റിനയും.

വയര്‍ലെസ്‌ നെറ്റ്‌വര്‍ക്ക്‌ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാവുന്നവയാണ്‌ ഈ പൊടിയന്‍ കംപ്യൂട്ടറെന്നാണ്‌ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. കംപ്യൂട്ടര്‍ രംഗത്തെ ഭാവിതന്നെ മാറ്റിമറിക്കാവുന്ന കണ്ടുപിടിത്തമായാണ്‌ ശാസ്‌ത്രലോകം ഇതിനെ വിലയിരുത്തുന്നത്‌. എന്നാല്‍, ഇവ വിപണിയില്‍ ലഭ്യമാകണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഈ കംപ്യൂട്ടറിനു ശാസ്‌ത്രജ്‌ഞര്‍ പേരു നല്‍കിയിട്ടില്ല.

മരണം പ്രവചിക്കുന്ന പൂച്ച

പോത്തിന്റെ പുറത്തേറി വരുന്ന കാലനാണ്‌ ഭാരതത്തില്‍ മരണത്തിന്റെ പ്രതീകം. എന്നാല്‍, ഇംഗ്ലണ്ടില്‍ അതൊരു പൂച്ചയാണ്‌. ജീവനുള്ള ഒരു പൂച്ചയാണ്‌ ഇംഗ്ലണ്ടിലെ മരണങ്ങള്‍ പ്രവചിക്കുന്നത്‌. അഞ്ചുവയസുള്ള ഓസ്‌കര്‍ എന്നു പേരുള്ള ഈ പൂച്ച ഇതുവരെയും 50 മരണങ്ങള്‍ പ്രവചിച്ചിട്ടുണ്ടെന്നാണ്‌ ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഓസ്‌കറിന്റെ മരണ പ്രവചനങ്ങളില്‍ ഒന്നുപോലും തെറ്റിയിട്ടുമില്ല. ന്യൂഇംഗ്ലണ്ടിലെ സ്‌റ്റീര്‍ ഹൗസ്‌ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ സെന്ററിലാണ്‌ ഈ പൂച്ചയുടെ താമസം. പ്രായമായ രോഗികളെ ചികിത്സിക്കുന്ന കേന്ദ്രമാണിത്‌.

സ്‌മൃതിഭ്രംശം സംഭവിച്ച രോഗികളും മരണം കാത്തു കഴിയുന്നവരുമാണ്‌ ഇവരില്‍ ഭൂരിപക്ഷവും. ഇവര്‍ കഴിയുന്ന വാര്‍ഡുകളിലൂടെ ഡോക്‌ടര്‍മാര്‍ക്കൊപ്പമോ അല്ലെങ്കില്‍ പരിചരിക്കാനെത്തുന്ന നഴ്‌സുമാര്‍ക്കൊപ്പമോ ആണ്‌ ഓസ്‌കര്‍ സഞ്ചരിക്കുന്നത്‌്. ഈ സഞ്ചാരത്തില്‍ ഏതെങ്കിലും രോഗിയുടെ കട്ടിലില്‍ ഓസ്‌കര്‍ കയറി ഇരുന്നാല്‍ ഉറപ്പിക്കാം 24 മണിക്കൂറിനുള്ളില്‍ അയാള്‍ മരിക്കുമെന്ന്‌. ഓസ്‌കര്‍ രോഗിയുടെ കട്ടിലില്‍ കയറി ഇരുന്നാല്‍ ആശുപത്രി അധികൃതര്‍ ഉടനെ അവരുടെ കുടുംബാംഗങ്ങളെ വിവരമറിയിക്കും. കാരണം, ഓസ്‌കറിന്റെ പ്രവചനങ്ങള്‍ കടുകിട തെറ്റാറില്ലെന്ന്‌ അവര്‍ക്കറിയാം. ചിലപ്പോള്‍ മരിക്കുന്നതുവരെയും ഓസ്‌കര്‍ രോഗിക്കു കൂട്ടിരിക്കാറുണ്ട്‌.

മണം പിടിക്കാനുള്ള കഴിവായിരിക്കാം ഓസ്‌കറിനെ ഈ പ്രത്യേക ശേഷിക്കു കാരണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. കോശങ്ങള്‍ നശിക്കുന്നതും അതേത്തുടര്‍ന്നുണ്ടാകുന്ന ചില പ്രത്യേക ഘടകങ്ങളുടെ മണം തിരിച്ചറിയാനുള്ള കഴിവായിരിക്കാം ഓസ്‌കറിനെ മരണ പ്രവചനത്തിലേക്കു നയിക്കുന്നതെന്നാണ്‌ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഓസ്‌കറിന്റെ കഥ സിനിമയാക്കാനുള്ള തയാറെടുപ്പിലാണ്‌ ഹോളിവുഡ്‌.

മുലപ്പാല്‍ ഐസ്‌ക്രീം

വിവിധ തരത്തിലും വര്‍ണത്തിലുമുള്ള ഐസ്‌ക്രീമുകള്‍ സുലഭമാണ്‌. എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായൊരു ഐസ്‌ക്രീമുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഒരു ലണ്ടന്‍കാരന്‍. ബേബി ഗാഗ എന്നാണ്‌ ഐസ്‌ക്രീമിന്റെ പേര്‌.

മുലപ്പാലുകൊണ്ടാണ്‌ ഈ ഐസ്‌ക്രീമുണ്ടാക്കിയിരിക്കുന്നത്‌. മാതൃത്വത്തിന്റെ മാന്ത്രികത എന്നാണ്‌ ഈ ഐസ്‌ക്രീമിനെ വിശേഷിപ്പിക്കുന്നത്‌. മാറ്റ്‌ ഓകോണര്‍ എന്ന ഐസ്‌ക്രീം വിദഗ്‌ധനാണ്‌ ബേബി ഗാഗയ്‌ക്കു പിന്നിലുള്ളത്‌.

രൂപ ആയിരം കൊടുക്കണം ഒരു ബേബി ഗാഗ ഐസ്‌ക്രീം കിട്ടണമെങ്കില്‍. ലണ്ടനിലെ കോണ്‍വന്റ്‌ ഗാര്‍ഡനിലുള്ള മാറ്റിന്റെ റസ്‌റ്റോറന്റിലാണ്‌ ബേബി ഗാഗ ഐസ്‌ക്രീം കിട്ടുന്നത്‌. മുലപ്പാല്‍ ആവശ്യമുണ്ടെന്ന്‌ ഇന്റര്‍നെറ്റില്‍ മാറ്റ്‌ പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ട്‌ വിളിച്ച സ്‌ത്രീകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 15 പേരാണ്‌ ഐസ്‌ക്രീമിനായി മുലപ്പാല്‍ നല്‍കുന്നത്‌.

ഏറ്റവും പരിശുദ്ധമായ ഐസ്‌ക്രീമായിരിക്കും ഇതെന്നാണ്‌ മാറ്റ്‌ പറയുന്നത്‌. വാനില, ലെമണ്‍ ഫ്‌ളേവറുകള്‍ ചേര്‍ത്ത രുചികരമായ ഐസ്‌ക്രീമാണിതെന്നാണ്‌ രുചിച്ചു നോക്കിയവര്‍ പറയുന്നത്‌. ഒരു ലിറ്റര്‍ മുലപ്പാലിനു 3200 രൂപയാണ്‌ മാറ്റിന്റെ റസേ്‌റ്റാറന്റ്‌ നല്‍കുന്നത്‌.
::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...