Tuesday, May 24, 2011

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളുമില്ല

ഹെല്‍മെറ്റ്‌ ധരിക്കുന്നതെന്തിനാണെന്ന്‌ ഭോപ്പാലുകാരോട്‌ ചോദിച്ചാല്‍ പെട്രോള്‍ ലഭിക്കാനാണ്‌ എന്നായിരിക്കും ഉത്തരം. കാരണം, ഹെല്‍മെറ്റ്‌ ധരിക്കാത്ത മോട്ടോര്‍ സൈക്കിളുകാര്‍ക്ക്‌ ഇന്ധനം നല്‍കരുതെന്നാണ്‌ പെട്രോള്‍ പമ്പ്‌ ഉടമകള്‍ക്ക്‌ ഭോപ്പാല്‍ ജില്ലാ അധികൃതര്‍ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌. മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിക്കണമെന്നാണ്‌ നിയമം. എന്നാല്‍, ഭോപ്പാലുകാര്‍ക്ക്‌ ഇതത്ര ഇഷ്‌ടമുള്ള കാര്യമല്ല. കാരണം, ഹെല്‍മെറ്റുധരിച്ച്‌ യാത്ര ചെയ്‌താല്‍ സുന്ദരന്മാരായ തങ്ങളെ സുന്ദരിമാര്‍ കാണുകയില്ലെന്നാണ്‌ ഇവരുടെ പരാതി. പക്ഷേ, ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെയാണ്‌ മോട്ടോര്‍സൈക്കിളുകാരെ ഹെല്‍മെറ്റ്‌ ധരിപ്പിക്കാന്‍ ജില്ലാ അധികൃതര്‍ രംഗത്തെത്തിയത്‌.

ഹെല്‍മെറ്റ്‌ ധരിക്കാത്തവരില്‍നിന്ന്‌ പിഴ ഈടാക്കുകയായിരുന്നു ആദ്യനടപടി. മേയ്‌ 10ന്‌ ആരംഭിച്ച ഈ നടപടികൊണ്ടു കാര്യമായി പ്രയോജനമുണ്ടായില്ല. കഴിഞ്ഞ പത്തു ദിവസത്തിനിടെ 45,000 പേരെയാണ്‌ ഹെല്‍മെറ്റില്ലാതെ പിടികൂടിയത്‌. ഒടുവില്‍ കടുത്ത നടപടിയെന്ന നിലയിലാണ്‌ ഇന്ധനനിഷേധ മാര്‍ഗം പോലീസും ജില്ലാ അധികൃതരും പരീക്ഷിക്കുന്നത്‌. ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ പെട്രോള്‍ നല്‍കരുതെന്ന ജില്ലാ കളക്‌ടറുടെ ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പമ്പുടമകളില്‍നിന്ന കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...