Wednesday, March 23, 2011

പഠനത്തിനു പണം കണ്ടെത്താന്‍ ചൈനീസ്‌ വിദ്യാര്‍ഥികളുടെ ബീജദാനം

ബീജദാനം മഹാദാനമെന്നാണ്‌ ചൈനീസ്‌ ആരോഗ്യരംഗത്തെ മുദ്രാവാക്യം. കാരണം ചൈനീസ്‌ ദമ്പതികളില്‍ 10 ശതമാനപേരും കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ്‌. ഇവരുടെ ദുഃഖത്തിനുള്ള പരിഹാരം കൃത്രിമ ഗര്‍ഭധാരണമാണ്‌. എന്നാല്‍, ഈ കൃത്രിമ ഗര്‍ഭധാരണത്തിനു ആവശ്യമായ പുരുഷബീജം നല്‍കുന്നതോ കോളജ്‌ വിദ്യാര്‍ഥികളും. ചൈനയില്‍ ബീജദാനം നടത്തുന്നവരില്‍ 95 ശതമാനവും വിദ്യാര്‍ഥികളാണെന്ന്‌ കണക്ക്‌.

22നും 45നും മധ്യേപ്രായമുള്ളവര്‍ക്കെ ചൈനയില്‍ ബീജദാനം ചെയ്യാന്‍ അര്‍ഹതയുള്ളൂ. മൂന്നു ഘട്ടങ്ങളിലുള്ള പരിശോധനകളിലൂടെയാണ്‌ ഇവരെ തെരഞ്ഞെടുക്കുന്നത്‌. ഒരിക്കല്‍ ബീജദാനം ചെയ്‌താല്‍ ഇരുപതിനായിരത്തിലേറെ രൂപയാണ്‌ ലഭിക്കുക. ജീവിത ചെലവും പഠനച്ചെലവും വര്‍ധിച്ച സാഹചര്യത്തില്‍ പണം കണ്ടെത്താനാണ്‌ വിദ്യാര്‍ഥികള്‍ ബീജദാനത്തിനു തയാറാകുന്നത്‌.

കാടിന്റെ മകള്‍

അമീലിയ ഫോര്‍മാന്‍ എന്ന പതിനൊന്നു വയസുകാരി താമസിക്കുന്നത്‌ കൂറ്റന്‍ കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കു നടുവിലാണ്‌. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന അവള്‍ പക്ഷേ അറിയപ്പെടുന്നത്‌ കാടിന്റെ മകളായിട്ടാണ്‌. കാരണം, അവളുടെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം കാട്ടുമൃഗങ്ങളാണ്‌. ആന, ഗൊറില്ല, ചിമ്പാന്‍സി, ജിറാഫ്‌, കരടി, സിംഹം, പുലി എന്നിങ്ങനെ പോകുന്നു അമേലിയയുടെ കൂട്ടുകാരുടെ നിര. വന്യജീവി ഫോട്ടോഗ്രാഫറായ റോബിനാണ്‌ അമേലിയയുടെ മാതാവ്‌. അമ്മയ്‌ക്കൊപ്പം മൂന്നാം വയസുമുതല്‍ കാടുകയറിയതാണ്‌ അമേലിയ.

മകളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ റോബിന്‍ മകളെയും തന്റെ ഫോട്ടോയാത്രകളില്‍ കൂട്ടിത്തുടങ്ങിയത്‌. ആദ്യ യാത്രയില്‍തന്നെ മകള്‍ക്കു മൃഗങ്ങളെ ഇഷ്‌ടപ്പെട്ടു തുടങ്ങിയെന്നാണ്‌ റോബിന്‍ പറയുന്നത്‌. പിന്നീട്‌ ഇരുവരുമൊരുമിച്ചായിരുന്നു ഫോട്ടോയാത്രകളെല്ലാം. അതോടൊപ്പം അമേരിക്കയിലെ സ്വകാര്യമൃഗശാലികളിലെയും ഫോട്ടോഗ്രാഫറാണ്‌ റോബിന്‍.

ഏതു മൃഗത്തെയും ഇണക്കാന്‍ അമേലിയയ്‌ക്കു പ്രത്യേക കഴിവാണുള്ളത്‌. ഭയമേതുമില്ലാതെ വന്യമൃഗങ്ങളെ സമീപിക്കാനുള്ള ധൈര്യമാണ്‌ അമേലി ചെറുപ്രായത്തിലേ സ്വന്തമാക്കിയിട്ടുള്ളത്‌.

അമേലിയയുടെ ഈ കഴിവിപ്പോള്‍ ലോകശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്‌. നൂറുകണക്കിനു മൃഗസുഹൃത്തുക്കളാണ്‌ അമേലിയയ്‌ക്കുള്ളത്‌.

ഭാഗ്യം കൊണ്ടുവരുന്ന നായയ്‌ക്കു മുടക്കിയത്‌ 7 കോടി

കോടികള്‍ വിലമതിക്കുന്ന കാറുകളും ബംഗ്ലാവുകളുമൊക്കെയായി ഇന്ത്യയിലെ കോടീശ്വരര്‍ തങ്ങളുടെ സമ്പത്ത്‌ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചൈനീസ്‌ സമ്പന്നര്‍ ചിന്തിക്കുന്നത്‌ വ്യത്യസ്‌തരീതിയിലാണ്‌. ഇന്ത്യയിലുള്ളതിനേക്കാള്‍ കോടീശ്വരന്മാരുള്ള രാജ്യമാണ്‌ ചൈന. അവിടെ തങ്ങളുടെ സ്‌റ്റാറ്റസ്‌ പ്രകടിപ്പിക്കാന്‍ കാറുകളും കൂറ്റന്‍ കെട്ടിടങ്ങളും പോരെന്ന്‌ ചൈനക്കാര്‍ക്കറിയാം. നായകളാണ്‌ ഇപ്പോള്‍ ചൈനീസ്‌ സമ്പന്നരുടെ സ്‌റ്റാറ്റസ്‌ നിര്‍ണയിക്കുന്ന ഘടകം. സമ്പത്ത്‌ വര്‍ധിക്കുംതോറും വിലകൂടിയ ഇനം നായകളെ വളര്‍ത്തുന്ന പതിവ്‌ ചൈനക്കാര്‍ക്കിടയില്‍ വര്‍ധിക്കുകയാണ്‌.

ടിബറ്റന്‍ മസ്‌റ്റിഫ്‌ എന്ന അപൂര്‍വയിനം നായകളാണ്‌ ചൈനീസ്‌ സമ്പന്നര്‍മാരുടെ പ്രിയയിനം. കഴിഞ്ഞ ദിവസം 7 കോടി രൂപമുടക്കിയാണ്‌ ഈ ഇനത്തില്‍പ്പെട്ട നായയെ ഒരു ചൈനീസ്‌ കോടീശ്വരന്‍ വാങ്ങിയത്‌. ചുവന്ന നിറത്തിലുള്ള 11 മാസം പ്രായമായ നായയാണ്‌ റെക്കോഡ്‌ വിലയ്‌ക്കു വിറ്റുപോയത്‌. ടിബറ്റന്‍ മസ്‌റ്റിഫ്‌ എന്ന നായകള്‍ ഭാഗ്യവും സമ്പത്തുംകൊണ്ടുവരുമെന്നാണ്‌ വിശ്വാസം. ടിബറ്റന്‍ ബുദ്ധസന്യാസിമാരുടെ പ്രിയതോഴനായാണ്‌ ഈ നായകള്‍ അറിയപ്പെടുന്നത്‌. ബുദ്ധസന്യാസിമാരുടെ ആത്മാക്കള്‍ ഈ നായ്‌ക്കളോടൊപ്പമുണ്ടെന്നാണ്‌ ചൈനക്കാര്‍ വിശ്വസിക്കുന്നത്‌. ഇതുകൊണ്ട്‌ ഈ നായ്‌ക്കള്‍ക്ക്‌ ഉടമസ്‌ഥര്‍ക്കു സ്വര്‍ഗഭാഗ്യം പ്രദാനംചെയ്യാനാവുമെന്ന്‌ ഇവര്‍ കരുതുന്നു. 80 സെന്റീമീറ്ററോളം ഉയരം വയ്‌ക്കുന്ന ടിബറ്റന്‍ മസ്‌റ്റിഫ്‌ നായ്‌ക്കള്‍ നൂറുകിലോയിലേറെ ഭാരം വയ്‌ക്കുന്നവയാണ്‌.

മോഡലിന്റെ മാറിടത്തില്‍ കടിച്ച പാമ്പ്‌ ചത്തു

പാമ്പു കടിയേറ്റു മനുഷ്യന്‍ മരിക്കുകയാണ്‌ പതിവ്‌. എന്നാല്‍, മനുഷ്യനെ കടിച്ച പാമ്പ്‌ ചത്തിരിക്കുകയാണ്‌. ഇസ്രയേലിലാണ്‌ സംഭവം. ഓറിറ്റ ഫോക്‌സ് എന്ന മോഡലിന്റെ മാറിടത്തില്‍ കടിച്ച പാമ്പാണ്‌ മരിച്ചത്‌. ശാസ്‌ത്രക്രിയയിലൂടെ മാറിടത്തിന്റെ വലിപ്പം വര്‍ധിപ്പിച്ചതിലൂടെ ശ്രദ്ധനേടിയ ഇസ്രയേലി മോഡലാണ്‌ ഓറിറ്റ ഫോക്‌സ്. സിലിക്കണ്‍ ഉപയോഗിച്ചാണ്‌ ഓറിറ്റയുടെ മാറിടത്തിന്റെ വലുപ്പം ശസ്‌ത്രക്രിയയിലൂടെ വര്‍ധിപ്പിച്ചത്‌.

ഇസ്രയേലിലെ ടെല്‍അവീവില്‍ ഒരു ഫോട്ടോഷൂട്ടിനിടയിലായിരുന്നു സംഭവം. പാമ്പിനെ ശരീരത്തില്‍ ചുറ്റി പരിധിയിലേറെ ഗ്ലാമറസായാണ്‌ ഓറിറ്റ കാമറയ്‌ക്കു മുമ്പില്‍ പോസ്‌ചെയ്‌തത്‌. ഫോട്ടോയ്‌ക്കായി മാറിടമേതാണ്ട്‌ പൂര്‍ണമായിത്തന്നെ ഓറിറ്റ പ്രര്‍ശിപ്പിച്ചിരുന്നു. കഴുത്തില്‍ ചുറ്റിയ പാമ്പിനെ അല്‌പം ബലമായി പിടിച്ചു മാറ്റുന്നതിനിടെയായിരുന്നു സംഭവം. ഓറിറ്റ പാമ്പിന്റെ കഴുത്തില്‍ ശക്‌തിയോടെ പിടിച്ചത്‌ പാമ്പിനിഷ്‌ടപ്പെട്ടില്ല.

സ്വാഭാവിക പ്രതികരണമെന്നോണം പാമ്പ്‌ തന്റെ വിഷപ്പല്ലുകള്‍ ഓറിറ്റയുടെ മാറിടത്തില്‍ ആഴ്‌ത്തി. പാമ്പു കടിയേറ്റതോടെ ഓറിറ്റ അലറിക്കരഞ്ഞു. ഓറിറ്റയുടെ മാറിടത്തില്‍നിന്നു പാമ്പിനെ മല്‍പ്പിടുത്തത്തിലൂടെയാണ്‌ ഷുട്ടിംഗിനെത്തിയവര്‍ വിടുവിച്ചത്‌. ഉടനെ ഓറിറ്റയെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ഇതെല്ലാം കഴിഞ്ഞു ഷൂട്ടിംഗ്‌ സംഘം തിരിച്ചെത്തിയപ്പോഴാണ്‌ പാമ്പു ചത്തു കിടക്കുന്നതു കാണുന്നത്‌.

ഓറിറ്റയെ കടിച്ചതോടെ പാമ്പിന്റെ ശരീരത്തില്‍ മാറിടത്തിലെ സിലിക്കണ്‍ കടന്നുകൂടിയതായും ഇതാണ്‌ പാമ്പിന്റെ ജീവനെടുക്കാന്‍ കാരണമെന്നുമാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

കുട്ടികളുടെ വികൃതിമാറ്റാന്‍ നായ

കുട്ടികളുടെ വികൃതികൊണ്ടു പൊറുതിമുട്ടിയിട്ടാണോ അവരെ സ്‌കൂളുകളിലേക്ക്‌ അയയ്‌ക്കുന്നതെന്നാണ്‌ അധ്യാപകര്‍ മാതാപിതാക്കളോട്‌ ചോദിക്കുന്നത്‌. കാരണം, സ്‌കൂളില്‍ ഇവര്‍കാട്ടിക്കൂട്ടുന്ന തല്ലുകൊള്ളിത്തരങ്ങള്‍ അനുഭവിക്കുന്നത്‌ അധ്യാപകരല്ലേ. കുട്ടികളും അധ്യാപകരും തമ്മിലുള്ള ഈ പ്രശ്‌നത്തിനു പരിഹാരം കണാന്‍ ബ്രിട്ടണിലെ ഒരു സ്‌കൂള്‍ കണ്ടെത്തിയ വഴി വ്യത്യസ്‌തമായിരുന്നു. ക്ലാസ്‌ മുറികളില്‍ അവര്‍ ഒരു നായയെ നിയമിച്ചു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഓസ്‌കര്‍ എന്ന നായയാണ്‌ കൂട്ടികളെ മര്യാദ പഠിപ്പിക്കാന്‍ ഈ സ്‌കൂളില്‍ എത്തിയത്‌. സൗത്താംപ്‌ടണിലെ കാന്റല്‍ മാത്സ്‌ ആന്‍ഡ്‌ കംപ്യൂട്ടിംഗ്‌ കോളജിലാണ്‌ ഓസ്‌കര്‍ ചുറ്റിക്കറങ്ങുന്നത്‌. ഓസ്‌കര്‍ എത്തിയിട്ട്‌ ഒരു മാസമേ ആയുള്ളൂവെങ്കിലും വിദ്യാര്‍ഥികളുടെ വികൃതിത്തരങ്ങളില്‍ 40 ശതമാനത്തോളം കുറവുണ്ടായെന്നാണ്‌ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്‌.

കൂട്ടികള്‍ക്കു അവരുടെ പ്രവൃത്തികള്‍ക്കായി ഒരു മുറി അനുവദിച്ചിട്ടുണ്ട്‌. അവിടെവച്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ അവരുടെ പഠനപ്രവര്‍ത്തനങ്ങള്‍ നടത്താം. ഇവര്‍ക്കുകൂട്ടായി ഓസ്‌കറും കാണും. ഓസ്‌കര്‍ എത്തിയതോടെ കുട്ടികള്‍ തമ്മിലുള്ള വഴക്കുകള്‍ കുറഞ്ഞതായും മര്യാദക്കാരായി വരുന്നതായും അധ്യാപകര്‍ പറയുന്നു.

കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ ഓസ്‌കര്‍ എത്തിയാല്‍ രംഗംശാന്തമാകും. ഒരു കൂറ്റന്‍ ലാബ്രഡോര്‍ നായയുമായി കുട്ടികള്‍ വഴക്കുണ്ടാക്കാന്‍ തയാറല്ലാത്തതാണ്‌ ഇതിനുകാരണമെന്നാണ്‌ ആധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്‌. തങ്ങള്‍ക്കൊരു അടിപൊളികൂട്ടുകാരനെ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ്‌ തങ്ങള്‍ അടങ്ങിയൊതുക്കിയിരിക്കുന്നതെന്നാണ്‌ വിദ്യാര്‍ഥികള്‍ പറയുന്നത്‌.

മാന്‍ഹാട്ടണിലെ രാത്രിദേവത

ഇരുപത്തിയൊന്നുകാരിയായ ഐറിന്‍ തോമസിനെ വിളിക്കുന്നത്‌ രാത്രിയുടെ ദേവതയെന്നാണ്‌. കാരണം അമേരിക്കയിലെ മാന്‍ഹാട്ടണിലാണ്‌ രാത്രിയില്‍ കാവല്‍നില്‍ക്കുന്ന ഈ യുവതിയുള്ളത്‌. മാന്‍ഹാട്ടണിലെ ഭവനരഹിതരെയാണ്‌ രാത്രി സൂപ്പര്‍ഹീറോയായ ഐറിന്‍ സംരക്ഷിക്കുന്നത്‌. ഇവര്‍ക്കു ഭക്ഷണമുള്‍പ്പെടെയുള്ളവ എത്തിച്ചുകൊടുക്കാനും ഐറിന്‍ പരിശ്രമിക്കുന്നു. സൂപ്പര്‍ഹീറോ എന്ന വിശേഷണം പേരിലും പ്രവര്‍ത്തിയിലും മാത്രമല്ല വേഷവിധാനത്തിലും ഐറിന്‍ പ്രകടിപ്പിക്കുന്നു.

സൂപ്പര്‍ഹീറോ കഥാപാത്രമായ ക്യാറ്റ്‌ വുമണിന്റെ വസ്‌ത്രധാരണ ശൈലിയിലാണ്‌ ഐറിന്‍ അനുകരിക്കുന്നത്‌. മുഖംമറച്ച്‌, ലെതര്‍ വസ്‌ത്രങ്ങള്‍ ധരിച്ചാണ്‌ മാന്‍ഹാട്ടണിലെ രാത്രി സംരക്ഷണത്തിനായി ഐറിന്‍ രംഗത്തിറങ്ങുന്നത്‌. മാന്‍ഹാട്ടണിലെ തെരുവുകളില്‍ കിടന്നുറങ്ങുന്ന ഭവനരഹിതരായവര്‍ക്കെതിരേയുള്ള അതിക്രമങ്ങളെ ചെറുക്കാനാണ്‌ ഐറിന്‍ സൂപ്പര്‍ ഹീറോയായി വേഷം ധരിച്ചത്‌.

ജീവിതം ബോറടിച്ചതിനെത്തുടര്‍ന്നാണ്‌ ഐറിന്‍ വ്യത്യസ്‌തമായെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ തെരുവിലെത്തിയത്‌. നിക്‌സ് എന്നാണ്‌ തന്റെ സൂപ്പര്‍ ഹീറോ അവതാരത്തിന്റെ പേരായി ഐറിന്‍ സ്വീകരിച്ചിട്ടുള്ളത്‌. ഗ്രീക്ക്‌ വിശ്വാസമനുസരിച്ച്‌ രാത്രിയുടെ ദേവതയാണ്‌ നിക്‌്സ്‌.

ഐറിനു കൂട്ടായി റിയല്‍ ലൈഫ്‌ സൂപ്പര്‍ ഹീറോ പ്രോജക്‌ടുമുണ്ട്‌. സൂപ്പര്‍ ഹീറോയായി വേഷം ധരിച്ച്‌ കുറ്റകൃത്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്‌മയാണ്‌ റിയല്‍ ലൈഫ്‌ സൂപ്പര്‍ ഹീറോ പ്രോജക്‌ട്. സൂപ്പര്‍ഹീറോയായി വസ്‌ത്രം ധരിച്ച്‌ അക്രമത്തിനെതിരേ പോരാടുന്നത്‌ മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കുമെന്നാണ്‌ ഐറിന്‍ പറയുന്നത്‌.

പ്രണയചിഹ്നമുള്ള പെന്‍ഗ്വിന്‍

നെഞ്ചില്‍ ഹൃദയചിഹ്നമുള്ള പെന്‍ഗ്വിന്‍ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ്‌ സൂ ഫ്‌ളൂഡ്‌ എന്ന പ്രകൃതി ഫോട്ടോഗ്രാഫര്‍. എംപറര്‍ പെന്‍ഗ്വിന്‍ ഇനത്തില്‍പ്പെട്ടതാണ്‌ പ്രണയ ചിഹ്നധാരിയായ ഈ കുഞ്ഞന്‍ പെന്‍ഗ്വിന്‍. 20 വര്‍ഷമായി പെന്‍ഗ്വിനുകളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫറാണ്‌ സൂ. ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും മഞ്ഞിലൂടെ ദിവസങ്ങളോളം പെന്‍ഗ്വിനുകളുടെ ചിത്രങ്ങള്‍ എടുക്കാനായി സൂ അലഞ്ഞു നടന്നിട്ടുണ്ട്‌. എന്നാല്‍, ആദ്യമായാണ്‌ ഹൃദയ ചിഹ്നം ശരീരത്തിലുള്ള ഒരു പെന്‍ഗ്വിനിനെ കാണുന്നത്‌.

ഹൃദയചിഹ്നധാരിയായ ഈ പെന്‍ഗ്വിനാണ്‌ ജന്തുശാസ്‌ത്ര ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. പ്രകൃതിയുടെ അപൂര്‍വമായ പ്രതിഭാസമായാണ്‌ ശാസ്‌ത്രജ്‌ഞര്‍ ഇതിനെ നിരീക്ഷിക്കുന്നത്‌.

എസ്‌.എം.എസ്‌ പുലി

എസ്‌.എം.എസുകള്‍ ടൈപ്പ്‌ ചെയ്യുന്നതില്‍ ലോകറെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഓസ്‌ട്രേലിയക്കാരനായ ഒരു കൗമാരക്കാരന്‍. ഒരു മിനിട്ട്‌ 17.03 സെക്കന്‍ഡുകൊണ്ട്‌ 264 അക്ഷരങ്ങള്‍ മൊബൈല്‍ ഫോണ്‍ കീപാഡില്‍ ടൈപ്പ്‌ ചെയ്‌താണ്‌ ചെയോങ്‌ കിറ്റ്‌ ഒയു എന്ന പതിനാറുകാരന്‍ ലോകറിക്കോഡ്‌ സൃഷ്‌ടിച്ചത്‌. ന്യൂയോര്‍ക്കില്‍ ജനുവരിയില്‍ നടന്ന ഒരു മത്സരത്തിലായിരുന്നു ചെയോങ്ങിന്റെ റെക്കോഡ്‌ പ്രകടനം. എന്നാല്‍, കഴിഞ്ഞ ദിവസം മാത്രമാണ്‌ ഗിന്നസ്‌ റെക്കോഡ്‌ അധികൃതര്‍ ചെയോങ്ങിന്റെ പ്രകടനം ഔദ്യോഗികമായി അംഗീകാരം നല്‍കിയത്‌.

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയാണ്‌ ചെയോങ്‌. കണ്ണുകെട്ടിയും മൊബൈല്‍ തലതിരിച്ചുപിടിച്ചുമൊക്കെ വളരെ വേഗതയില്‍ എസ്‌.എം.എസുകള്‍ അയയ്‌ക്കാന്‍ ചെയോങിനു സാധിക്കും.

ദ്രുതഗതിയില്‍ ടൈപ്പ്‌ ചെയ്യാന്‍ ഈ വിദ്യാര്‍ഥിക്കു പ്രത്യേക പരിശീലന പദ്ധതിയുമൊന്നുമില്ല. ദിവസവും 200 എസ്‌.എം.എസുകളാണ്‌ ഈ വിരുതന്‍ അയയ്‌ക്കുന്നത്‌. ക്ലാസ്‌ റൂമില്‍വച്ച്‌ അധ്യാപകര്‍ കാണാതെ എസ്‌.എം.എസുകള്‍ അയച്ചയച്ചാണ്‌ തനിക്കീ വേഗത ലഭിച്ചതെന്നാണ്‌ ചെയോങ്‌ പറയുന്നത്‌.

സഹോദരന്റെ ചുണ്ടെലിയെ കൊന്ന കൗമാരക്കാരിക്കു രണ്ടു വര്‍ഷം ജയില്‍ ശിക്ഷ

ഒരു എലിയെ കൊന്നാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷയോ. സംഭവം അമേരിക്കയിലാണ്‌. സഹോദരനുമായുണ്ടായ വഴക്കില്‍ കലിപൂണ്ട സഹോദരി ദേഷ്യം തീര്‍ത്തത്‌ സഹോദരന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ചുണ്ടെലിയെ കൊന്നായിരുന്നു. എന്നിട്ടും കലി തീരാത്ത സഹോദരി എലിയെ റോഡിലേക്കു വലിച്ചെറിഞ്ഞു. സഹോദരന്‍ ഉടനെ മൃഗസംരക്ഷണ വകുപ്പില്‍ വിളിച്ചു പരാതിപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തുകയും ചുണ്ടെലിയുടെ ശരീരം കണ്ടെടുക്കുകയും ചെയ്‌തു.

ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനിലായിരുന്നു സംഭവം.

മോണിക്വി സ്‌മിത്ത്‌ എന്ന പത്തൊമ്പതുകാരിക്കെതിരെ ജന്തുക്കളെ കൊലപ്പെടുത്തിയ കുറ്റം ചുമത്തിയാണ്‌ കേസെടുത്തിരിക്കുന്നത്‌. രണ്ടുവര്‍ഷം തടവു ശിക്ഷയും 22,500 രൂപ പിഴയുമാണ്‌ മോണിക്വിയെക്കാത്തിരിക്കുന്നത്‌.

രോഗപ്രതിരോധത്തിനു മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍

മുട്ടകള്‍ ആരോഗ്യത്തിനു നല്ലതാണ്‌. എന്നാല്‍, മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നതോ? രോഗങ്ങള്‍ തടയുമെന്നാണ്‌ ചൈനക്കാര്‍ പറയുന്നത്‌. കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങിയ മുട്കള്‍ക്കേ ഈ ഗുണമുള്ളൂ. കിഴക്കന്‍ ചൈനയുടെ ഷെജിയാംങ്‌ പ്രവശ്യയിലെ ഡോംഗ്‌്യാംഗിലാണ്‌ കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങിയ മുട്ടകള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്നത്‌.

നൂറുകണക്കിനു വര്‍ഷങ്ങളായി കുട്ടികളുടെ മൂത്രത്തില്‍ പുഴുങ്ങുന്ന മുട്ടകള്‍ ഈ പ്രദേശവാസികള്‍ ഉപയോഗിക്കുന്നുണ്ട്‌. പക്ഷേ, ഇപ്പോള്‍ ഇത്‌ ചൈനീസ്‌ സംസ്‌കാരത്തിന്റെ ഭാഗമായി ലോകം മുഴുവന്‍ പ്രചാരത്തിലാക്കാന്‍ തയാറെടുക്കുകയാണ്‌ അധികൃതര്‍.
10 വയസില്‍ താഴെയുള്ള കുട്ടികളുടെ മൂത്രത്തിലാണ്‌ ഈ മുട്ടകള്‍ പുഴുങ്ങുന്നത്‌. സ്‌കൂളുകളില്‍നിന്നു രാവിലെയാണ്‌ ഇവിടത്തുകാര്‍ മൂത്രം ശേഖരിക്കുന്നത്‌. മൂത്രത്തില്‍ പുഴുങ്ങിയെടുക്കുന്ന മുട്ട പിന്നീട്‌ തൊടുപൊളിച്ച്‌ ഒരു ദിവസം സൂക്ഷിക്കും. ഇതിനുശേഷമേ ഉപയോഗിക്കൂ. ഈ മുട്ടകള്‍ ആരോഗ്യത്തിനു നല്ലതാണെന്നുമാത്രമല്ല രുചികരവുമാണെന്നാണ്‌ ഡോംഗ്‌യാംഗുകാര്‍ പറയുന്നത്‌. പനിപോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത്‌ ഉചിതമാണെന്നും ഇത്തരം മുട്ടകള്‍ ദിവസവും കഴിക്കുന്നത്‌ ഉറക്കത്തിനു നല്ലതാണെന്നും ഇവിടത്തുകാര്‍ വിശ്വസിക്കുന്നു. ഇത്തരം മുട്ടകള്‍ ലോകമെങ്ങും വന്‍തോതില്‍ കയറ്റുമതി ചെയ്യാനുള്ള തയാറെടുപ്പിലാണ്‌ ഡോംഗ്‌യാംഗുകാര്‍.

Thursday, March 10, 2011

ബര്‍ഗര്‍ കഴിക്കൂ; 14,000 രൂപ സ്വന്തമാക്കൂ‍

ഭക്ഷണം കഴിക്കാന്‍ കാശ്‌ ഹോട്ടലുകാര്‍ക്കു കൊടുക്കുന്നതാണ്‌ പതിവ്‌. എന്നാല്‍, ഭക്ഷണം കഴിച്ചാല്‍ പണം നല്‍കാമെന്നാണ്‌ ഒരു ഹോട്ടലുടമ പറയുന്നത്‌. ബ്രിട്ടണിലുള്ള ഇന്ത്യന്‍ വംശജനാണ്‌ ഉപഭോക്‌താക്കള്‍ക്കു കാശു വാഗ്‌ദാനംചെയ്‌തിരിക്കുന്നത്‌. സുദീപ്‌ ദീ എന്ന റെസേ്‌റ്റാറന്റ്‌ ഉടമ ഒരു ബര്‍ഗര്‍ ഉണ്ടാക്കി. 30 സെന്‍ീമീറ്റര്‍ വലുപ്പമുള്ള ഈ ബര്‍ഗര്‍ മുഴുവനും തിന്നുതീര്‍ത്താല്‍ 14,000 രൂപ നല്‍കാമെന്നാണ്‌ സുദീപിന്റെ വാഗ്‌ദാനം.

2100 രൂപയാണ്‌ ഈ ഭീമന്‍ ബര്‍ഗറിന്റെ വില. വീട്ടില്‍ ഭാര്യയ്‌ക്കും കുട്ടികള്‍ക്കും കഴിക്കാനായാണ്‌ സുദീപ്‌ ഈ ഭീമന്‍ ബര്‍ഗര്‍ തയാറാക്കിയത്‌. സുദീപും ഭാര്യയും രണ്ടുകുട്ടികളും കഴിച്ചിട്ടും ബര്‍ഗറിന്റെ പകുതിപോലും തീര്‍ക്കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ്‌ സൂദീപ്‌ തന്റെ റെസേ്‌റ്റാറന്റിന്റെ പ്രചരണാര്‍ഥം ഈ ഭീമന്‍ വാഗ്‌ദാനം നല്‍കിയത്‌. ഒരാള്‍ക്ക്‌ ഒരു ആഴ്‌ച ജീവിക്കാനുള്ള കലോറി അടങ്ങിയതാണ്‌ സുദീപ്‌ തയാറാക്കിയ ഈ ഭീമന്‍ ബര്‍ഗര്‍.

മൂന്നു കിലോ ഇറച്ചി, 30 ബണ്ണുകള്‍, ചീസ്‌, തക്കാളി, സവാള തുടങ്ങിയവയാണ്‌ ഈ ഭീമന്‍ ബര്‍ഗറിലുള്ളത്‌. രണ്ടു മണിക്കൂര്‍ കൊണ്ടു ബര്‍ഗര്‍ തിന്നു തീര്‍ത്താല്‍ മതിയെന്നാണ്‌ സുദീപ്‌ പറയുന്നത്‌.

മനുഷ്യമുഖം

മനുഷ്യനു പൊതുവായ ഒരു മുഖമുണ്ടോ? ഉണ്ടെന്നാണ്‌ ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. ചൈനയിലെ ഹാന്‍ പ്രവശ്യയിലെ 28 വയസുള്ള ഒരു യുവാവിന്റെ ചിത്രമാണ്‌ ലോകത്തെ കോടിക്കണക്കിനു ജനങ്ങളുടെ മുഖമായി നാഷണല്‍ ജോഗ്രഫിക്‌ മാസിക തെരഞ്ഞെടുത്തിരിക്കുന്നത്‌.

ഈ യുവാവിന്റെ മുഖസാദൃശ്യമുള്ള 90 ലക്ഷം ചൈനാക്കാരുണ്ടെന്നു ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ മനുഷ്യവംശത്തിന്റെ പൊതുമുഖമായി ഈ മുഖം നാഷണല്‍ ജോഗ്രഫിക്‌ മാസിക തെരഞ്ഞെടുത്തത്‌. ലക്ഷക്കണക്കിനു ചൈനീസ്‌ ഫോട്ടോകള്‍ പരിശോധിച്ചശേഷമാണ്‌ ഈ യുവാവിന്റെ പൊതുമുഖം ശാസ്‌ത്രജ്‌ഞര്‍ സൃഷ്‌ടിച്ചത്‌.

2030 ആകുമ്പോള്‍ ലോകത്തെ പൊതുമുഖമായി തെരഞ്ഞെടുക്കപ്പെടുക ഒരു ഇന്ത്യക്കാരനായിരിക്കുമെന്നും നാഷണല്‍ ജോഗ്രഫിക്‌ മാസിക ചൂണ്ടിക്കാട്ടുന്നു. ബീജിംഗിലെ ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സാണ്‌ ഈ മുഖം സൃഷ്‌ടിച്ചത്‌.

10 വര്‍ഷം നീണ്ടുനിന്ന ഗവേഷണങ്ങളെ തുടര്‍ന്നാണ്‌ ഈ പൊതുമുഖത്തെ ശാസ്‌ത്രജ്‌ഞര്‍ നിര്‍മിച്ചത്‌. പൊതുവായ മനുഷ്യന്‍ വലങ്കൈയനായിരിക്കുമെന്നും മൊബൈല്‍ ഫോണുണ്ടെങ്കിലും ഇയാള്‍ക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ കാണില്ലെന്നും നാഷണല്‍ ജോഗ്രഫിക്‌ മാസിക പറയുന്നു.

ജൂണ്‍റി ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍

ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ എന്ന ബഹുമതി ജൂണ്‍ മുതല്‍ ഫിലിപ്പീന്‍സുകാരനായ ജൂണ്‍റി ബലാവിംഗിനു സ്വന്തം. വെറും ഇരുപത്തിരണ്ട്‌ ഇഞ്ച്‌ മാത്രമാണു ജൂണ്‍റിയുടെ ഉയരം.

പതിനേഴുകാരനായ ജൂണ്‍റിക്ക്‌ ഒരു വയസുള്ള കുട്ടിയുടെ അത്ര ഉയരംപോലുമില്ലെന്നു ചുരുക്കം. ജൂണില്‍ പതിനെട്ടു തികയുമ്പോള്‍ ജൂണ്‍റി ഗിന്നസ്‌ ബുക്കില്‍ ഇടംപിടിക്കും. 26.4 ഇഞ്ച്‌ ഉയരവുമായി നേപ്പാളിലെ ഖജേന്ദ്ര താപ്പ മാഗറാണു നിലവിലെ റെക്കോഡ്‌ ഉടമ. ജൂണ്‍റിയേക്കാള്‍ അഞ്ച്‌ ഇഞ്ച്‌ ഉയരക്കൂടുതല്‍. ഒന്നാം പിറന്നാളിനുശേഷം ജൂണ്‍റി വളര്‍ന്നിട്ടേയില്ല. നടക്കുന്നതിനും നേരേ നില്‍ക്കുന്നതിനും ഏറെനാള്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനാണെങ്കിലും താന്‍ ഏറെ സന്തോഷവാനാണെന്നു ജൂണ്‍റി പറയു

Monday, March 7, 2011

പ്രേമിച്ചോളൂ, വിവാഹം കഴിക്കരുത്‌!

പ്രേമിച്ചോളു, പക്ഷേ, വിവാഹം കഴിക്കരുത്‌. കാരണം പ്രേമ വിവാഹങ്ങള്‍ക്കു ആയൂസ്‌ കുറയും. ലോകപ്രസിദ്ധമായ ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി വര്‍ഷങ്ങളോളം നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയതാണിത്‌. എന്നാല്‍, മാതാപിതാക്കളും മറ്റു ചേര്‍ന്നു നിശ്‌ചിക്കുന്ന വിവാഹമാകാം. കാരണം, ഈ വിവാഹബന്ധം ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്നും ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി പറയുന്നു. ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഡോ. റോബര്‍ട്ട്‌ എപ്‌സ്റ്റിന്‍ എട്ടു വര്‍ഷത്തോളം വിവിധ രാജ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങളിലാണ്‌ പ്രേമവിവാഹങ്ങള്‍ അല്‌പായൂസുകളാണെന്നു കണ്ടെത്തിയത്‌.

പ്രേമവിവാഹങ്ങള്‍ അഭിനിവേശത്തിന്റെ ആവേശത്താല്‍ നടക്കുന്നവയാണെന്നും വിവാഹശേഷം ദമ്പതികള്‍ക്കിടയില്‍ പ്രണയം കുറയുകയും അകല്‍ച്ചയുണ്ടാവുകയും ചെയ്യുമെന്നാണ്‌ ഡോ. റോബര്‍ട്ട്‌ പറയുന്നത്‌. ഇത്‌ വിവാഹബന്ധത്തിന്റെ തകര്‍ച്ചയിലേക്കു നയിക്കുമെന്നും ഡോ. റോബര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ, അറേഞ്ച്‌ഡ് മാരേജില്‍ കാര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. കുടുംബ ബന്ധം, ജോലി, സാമ്പത്തികം, സാമൂഹികാവസ്‌ഥ, വിദ്യാഭ്യാസം, ജോലി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ്‌ അറേഞ്ച്‌ഡ് മാരേജ്‌.

ഈ വിവാഹത്തിലൂടെ ഒരുമിക്കുന്ന ദമ്പതികള്‍ മെല്ലെമെല്ലെ അടുക്കുകയും പരസ്‌പരം മനസിലാക്കുകയും ചെയ്യും. ഇത്‌ നാള്‍ക്കുനാള്‍ ഇവരുടെ ബന്ധത്തെ സുദൃഢമാക്കുമെന്നുമാണ്‌ ഡോ. റോബര്‍ട്ടിന്റെ ഗവേഷണം പറയുന്നത്‌.

ഇന്ത്യ, പാക്കിസ്‌താന്‍ തുടങ്ങിയ രാജ്യങ്ങളെ വിവാഹത്തില്‍ മാതൃകയാക്കണമെന്നാണ്‌ ഡോ. റോബര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നത്‌. ഈ രാജ്യങ്ങളില്‍ അറേഞ്ച്‌ഡ് മാരേജുകളാണെന്നതാണ്‌ കാരണം.

ബാറ്ററിയില്‍ ഓടുന്ന ഒറ്റചക്രവാഹനം

നഗരത്തിരക്കുകളില്‍ കുടുങ്ങാതെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ഒരു ഒറ്റചക്രവാഹനം. സോളോവീല്‍ എന്നാണ്‌ ഇതിന്റെ പേര്‌. ചക്രവും അതിന്റെ മുകളില്‍ ഒരാള്‍ക്കു കയറിനിന്നു സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലുമാണ്‌ ഈ വാഹനം തയാറാക്കിയിരിക്കുന്നത്‌. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സോളോവീലിനു കഴിയും. ആയിരം വാട്ടിന്റെ ബാറ്ററിയുടെ സഹായത്തോടെയാണ്‌ ഇവന്റെ സഞ്ചാരം. ഈ ഒറ്റവീല്‍ വാഹനത്തില്‍ കയറി മുന്നോട്ട്‌ ആഞ്ഞാല്‍ ഇവന്‍ ഓടിത്തുടങ്ങും. പുറകോട്ടാഞ്ഞാലോ ഇവന്‍ നില്‍ക്കും. തിരിയുകയും വളയുകയുമൊക്കെ ചെയ്യാം. പക്ഷേ, അല്‌പം ബാലന്‍സുണ്ടാകണമെന്നാണ്‌ കമ്പനി പറയുന്നത്‌.

45 മിനിട്ട്‌ ചാര്‍ജു ചെയ്‌താല്‍ രണ്ടു മണിക്കൂര്‍ ഈ ഒറ്റ ചക്രവാഹനത്തില്‍ സഞ്ചരിക്കാമെന്നാണ്‌ കമ്പനിയുടെ വാഗ്‌ദാനം. അത്യാവശ്യം കയറ്റങ്ങളൊക്കെ ഈ കുഞ്ഞന്‍ കയറിക്കോളും. ഷേന്‍ ചെന്‍ എന്ന അമ്പത്തിനാലുകാരനായ ഈ ഒറ്റചക്രവാഹനം വികസിപ്പിച്ചെടുത്തത്‌. ഒമ്പതു കിലോമാത്രം ഭാരമുള്ള ഇവനെ ഒരു ചെറിയ ബാഗു കണക്കേ എവിടെയും കൈയില്‍ തൂക്കി കൊണ്ടുനടക്കാനാവും.

പക്ഷേ, ഏതാണ്ട്‌ 70,000 രൂപയാണ്‌ ഇവന്റെ വില. അമേരിക്കയില്‍ മാത്രമാണ്‌ ഇപ്പോള്‍ സോളോവീല്‍ ലഭിക്കുന്നത്‌

ലക്‌ചര്‍ നോട്ടെഴുതാന്‍ സെക്‌സ്‌ ബുക്ക്‌

ഷെറിദാന്‍ സിമോവ്‌- ഈ പേരിപ്പോള്‍ ഇംഗ്ലണ്ടില്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഒന്നാമതാണ്‌. ഹാരിപോട്ടറെയും മറ്റു വിഖ്യാത പുസ്‌തകങ്ങളെയുമൊക്കെ കടത്തിവെട്ടി മുന്നേറുന്ന പുസ്‌തകത്തിന്റെ രചയിതാവാണ്‌ സിമോവ്‌. വാട്ട്‌ എവരി മാന്‍ തിങ്ക്‌ എബൗട്ട്‌ എപ്പാര്‍ട്ട്‌ ഫ്രം സെക്‌സ് എന്നാണ്‌ പുസ്‌തകത്തിന്റെ പേര്‌്. ലൈംഗികതയെ മാറ്റിനിര്‍ത്തിയാല്‍ പുരുഷന്‍ എന്താണു ചിന്തിക്കുന്നത്‌ എന്നതിനെക്കുറിച്ചാണ്‌ തന്റെ പുസ്‌കതമെന്നാണ്‌ സിമോവിന്റെ അവകാശവാദം.

200 പേജുള്ള ഈ പുസ്‌കത്തിന്റെ വില 330 രൂപയാണ്‌. പക്ഷേ, ഈ 200 പേജുകളിലും ഒരു വാക്കുപോലും അച്ചടിച്ചിട്ടില്ലെന്നതാണ്‌ പ്രത്യേകത. നിരവധി വര്‍ഷങ്ങളായി ഈ വിഷയത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടും പഠിച്ചിട്ടും ഒന്നു കണ്ടെത്താനായിട്ടില്ലെന്നും അതിനാലാണ്‌ പുസ്‌തകത്തിന്റെ പേജുകള്‍ ശൂന്യമാക്കിയിട്ടിരിക്കുന്നതെന്നാണ്‌ സിമോവ്‌ പറയുന്നത്‌.

സിമോവിന്റെ പുസ്‌തകം കോളജ്‌ വിദ്യാര്‍ഥികള്‍ ലക്‌ചര്‍ നോട്ട്‌ എഴുതാനാണ്‌ വാങ്ങിക്കുട്ടുന്നതെന്നാണ്‌ പ്രസാധകര്‍ പറയുന്നത്‌. ബ്രിട്ടണിലെ കോളജ്‌ കാമ്പസുകളില്‍ ഈ ബുക്ക്‌ വാങ്ങി നോട്ടെഴുതുന്നതാണ്‌ ഇപ്പോഴത്തെ ഫാഷന്‍. വന്‍തോതില്‍ കോളജ്‌ വിദ്യാര്‍ഥികള്‍ ബുക്ക്‌ വാങ്ങിക്കൂട്ടുന്നതിനാല്‍ വില്‍പ്പനയില്‍ റിക്കോഡ്‌ സൃഷ്‌ടിച്ച്‌ സിമോവിന്റെ ബുക്ക്‌ മുന്നേറുകയാണെന്നാണ്‌ പുസ്‌തക വില്‍പ്പനക്കാര്‍ പറയുന്നത്‌.

ജീവനില്‍ കൊതിയില്ലാത്തവര്‍ക്കായി ഒരു വിനോദയാത്ര

മാനസികോല്ലാസത്തിനു വേണ്ടിയാണ്‌ ആളുകള്‍ വിനോദയാത്രകള്‍ നടത്തുന്നത്‌. മലയും കാടും പുഴയും മൃഗങ്ങളുമൊക്കെ കണ്ട്‌ മനസുകുളിര്‍ക്കാമെന്നാണ്‌ ടൂര്‍ സംഘാടകര്‍ വിനോദസഞ്ചാരികള്‍ക്കു നല്‍കുന്ന വാഗ്‌ദാനം. എന്നാല്‍, ഇതില്‍നിന്നെല്ലാം വ്യത്യസ്‌തമായി ഒരു വിനോദയാത്ര സംഘടിപ്പിക്കാന്‍ തയാറെടുക്കുകയാണ്‌ ഒരു ബ്രിട്ടീഷ്‌ ടൂര്‍ ഓപ്പറേറ്റര്‍. ലോകത്തെ ഒരു ടൂര്‍ ഓപ്പറേറ്റര്‍മാരും കൈകടത്താത്ത പ്രദേശത്തേക്കാണ്‌ ട്രയല്‍ റൈഡിംഗ്‌ യുകെ എന്ന ബ്രിട്ടീഷ്‌ കമ്പനി വിനോദയാത്രക്കാരെ ക്ഷണിക്കുന്നത്‌. 2.1 ലക്ഷം രൂപ മുടക്കാന്‍ തയാറുള്ള ജീവനില്‍ കൊതിയില്ലാത്തവരെ ആറു ദിവസം ഇറഖ്‌ ചുറ്റി കാണിക്കാമെന്നാണ്‌ ഇവരുടെ വാഗ്‌ദാനം.

ഇറാഖില്‍ ആറുവര്‍ഷത്തോളം സേവനം അനുഷ്‌്ഠിച്ച ബ്രിട്ടീഷ്‌ സൈനികനായ സ്‌റ്റീവ്‌ അസ്‌കിനാണ്‌ ഈ ആശയം അവതരിപ്പിച്ചത്‌. 1500 കിലോമീറ്റര്‍ ദൂരത്തില്‍ ഇറാക്കിന്റെ വ്യത്യസ്‌ത ഭൂവിഭാഗങ്ങളിലൂടെ നിങ്ങള്‍ക്കു സഞ്ചരിക്കാമെന്നാണ്‌ സ്‌റ്റീവിന്റെ വാഗ്‌ദാനം. യാത്രയ്‌ക്ക് എ.കെ 47 തോക്കുകള്‍ ഏന്തിയ സുരക്ഷാഭടന്മാര്‍ കാവലുണ്ടാകുമെന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. പോരാട്ടങ്ങളും ആളുകള്‍ മരിച്ചുവീഴുന്നതും തീവ്രവാദികളെയുമൊക്കെ കണ്ട്‌ കടുത്ത ചൂടിലൂടെ ഒരു അവിസ്‌മരണീയ യാത്രയെന്നാണ്‌ ഈ ഇറാഖ്‌ വിനോദയാത്രയെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വിശേഷിപ്പിക്കുന്നത്‌.

ഇരുപതുവര്‍ഷത്തിലേറെയായി വിനോദസഞ്ചാരികള്‍ എത്താത്ത പ്രദേശമാണ്‌ ഇറാഖ്‌. ലോകത്തെ ഏറ്റവും അപകടം പിടിച്ച സ്‌ഥലമെന്നാണ്‌ ഇറാഖിനെ വിശേഷിപ്പിക്കുന്നത്‌. അടുത്ത വര്‍ഷം ആദ്യമാണ്‌ ഇറാഖിലേക്കു വിനോദയാത്ര നടത്താന്‍ സ്‌റ്റീവിന്റെ കമ്പനി ഒരുങ്ങുന്നത്‌.

ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍...

അന്തരിച്ച മലയാള സിനിമാ താരം ജയന്റെ കൈയില്‍ ഒരു മുതലയെ കിട്ടിയാല്‍ എന്തു സംഭവിക്കും. ജയന്‍ അതുമായി ഗുസ്‌തിപിടിക്കും. ലോകത്ത്‌ ജയനുമാത്രം സാധിക്കുന്നൊരു ജോലിയാണ്‌ മുതലയുമായുള്ള ഗുസ്‌തിപിടിത്തമെന്നാണ്‌ മലയാളികള്‍ കരുതിയിരുന്നത്‌. എന്നാല്‍, തായ്‌്ലന്‍ഡിലെ ഒരു മൃഗശാലയില്‍ ഒറിജിനല്‍ മുതല ഗുസ്‌തിക്കാരുണ്ട്‌. ബാംങ്കോഗിലെ സാംഫ്രാന്‍ എലിഫന്റ്‌ ഗ്രൗണ്ട്‌ ആന്‍ഡ്‌ സൂ എന്ന മൃഗശാലയിലാണ്‌ മുതല ഗുസ്‌തിക്കാരുള്ളത്‌. 1985 മുതല്‍ ഇവിടെ മുതലയും മനുഷ്യരും തമ്മിലുള്ള ഗുസ്‌തി സന്ദര്‍ശകര്‍ക്കായി നടത്തി വരുന്നുണ്ട്‌.

സോംഫ്‌പൊ എന്ന ഇരുപത്തിരണ്ടുകാരനാണ്‌ ഇപ്പോള്‍ ഈ മൃഗശാലയിലെ ജയന്‍. മുതലയുമായി കരണം മറിയുക. മുതലയുടെ വായ്‌ ബലമായി പിടിച്ചു തുറക്കുക, തുറന്നിരിക്കുന്ന മുതല വായില്‍ തലവയ്‌ക്കുക തുടങ്ങിയ ഞെട്ടിക്കല്‍ ഐറ്റങ്ങളാണ്‌ ഈ തായ്‌്ലന്‍ഡ്‌ ജയന്‍ ചെയ്യുന്നത്‌. ഒരു മണിക്കൂറോളം നേരം നീണ്ടുനില്‍ക്കുന്നതാണ്‌ ഈ ഗുസ്‌തി.

34 വര്‍ഷം പഴക്കുള്ള കാറിന്റെ വില 11.25 കോടി!

ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നെജാദ്‌ അമേരിക്കയുടെ കണ്ണിലെ കരടാണ്‌. എന്നാല്‍, നെജാദിന്റെ കാറ്‌ അമേരിക്കക്കാരുടെ കണ്ണിലെ കൃഷ്‌ണമണിയാണ്‌. 34 വര്‍ഷമായി അഹമ്മദി നെജാദ്‌ ഉപയോഗിച്ച വെള്ള പോഷേ കാര്‍ ലേലത്തില്‍വച്ചപ്പോള്‍ അതുവാങ്ങാന്‍ എതിരാളികളായ അമേരിക്കക്കാരും മുമ്പിലുണ്ടായിരുന്നു. എഴുപതിനായിരും രൂപമാത്രം വിലയുള്ള ഈ പാട്ടവണ്ടിക്കായി കോടികള്‍ മുടക്കാനാണ്‌ അമേരിക്കക്കാര്‍ തയാറായത്‌.

കഴിഞ്ഞ നവംബറിലാണ്‌ നെജാദ്‌ കാര്‍ ലേലത്തില്‍വച്ചത്‌. വരുമാനം കുറഞ്ഞ വിഭാഗങ്ങള്‍ക്കായുള്ള വീടുനിര്‍മാണത്തിനുള്ള ധനശേഖരണാര്‍ഥമാണ്‌ നെജാദ്‌ 34 വര്‍ഷം പഴക്കുള്ള കാര്‍ ലേലത്തില്‍വച്ചത്‌. ടെഹ്‌റാന്‍ മേയറായിരുന്നപ്പോഴും ഇറാന്‍ പ്രസിഡന്റായപ്പോഴും നെജാദ്‌ തന്റെ പഴയ കാര്‍ ഉപേക്ഷിച്ചിരുന്നില്ല. പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായും നെജാദ്‌ ഈ കാര്‍ ഉപയോഗിച്ചിരുന്നു. 11.25 കോടി രൂപയ്‌ക്കാണ്‌ കാര്‍ ലേലത്തില്‍ പോയത്‌. എന്നാല്‍, ആരാണ്‌ കാര്‍ ലേലത്തില്‍ കരസ്‌ഥമാക്കിയതെന്നു ഇറാന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഏതോ അമേരിക്കക്കാരനാണ്‌ കാര്‍ ലേലത്തില്‍ പിടിച്ചതെന്നും അതുകൊണ്ടാണ്‌ ഉടമസ്‌ഥനെക്കുറിച്ച്‌ ഇറാന്‍ അധികൃതര്‍ വെടിപ്പെടുത്താന്‍ തയാറാകാത്തതെന്നാണ്‌ ദോഷൈകദൃക്കുകള്‍ പറയുന്നത്‌.

8.5 കോടിയുടെ വയലിന്‍ വിറ്റത്‌ 7,000 രൂപയ്‌ക്ക്‌

പഴകുംതോറും മൂല്യമേറുന്നവയാണ്‌ പുരാവസ്‌തുക്കള്‍. എന്നാല്‍, മോഷ്‌ടാക്കള്‍ക്കു പുരാവസ്‌തുവെന്നോ പുതിയവസ്‌തുവെന്നോ വ്യത്യാസമില്ല. വിറ്റാല്‍ പണം കിട്ടുന്ന എന്തും അവര്‍ മോഷ്‌ടിച്ചു വില്‍ക്കും. അയര്‍ലന്‍ഡുകാരനായ ജോണ്‍ മഗാനും അത്തരമൊരു മോഷ്‌ടാവായിരുന്നു. ലണ്ടനില്‍ വച്ച്‌ ജോണ്‍ ഒരു വയലിന്‍ മോഷ്‌ടിച്ചു വിറ്റത്‌ 7,000 രൂപയ്‌ക്കാണ്‌. ഒരു മോഷ്‌ടാവിനെ സംബന്ധിച്ച്‌ വയലിന്‌ ഏഴായിരം രൂപ ലഭിക്കുമെന്നുള്ളത്‌ ലോട്ടറിയാണ്‌. എന്നാല്‍, മോഷ്‌ടിച്ചുവിറ്റ ആ വയലിന്റെ യഥാര്‍ഥ വില കേട്ടാല്‍ ജോണിനു ഹൃദയാഘാതമുണ്ടാകുമായിരുന്നു. കാരണം, 8.5 കോടിരൂപയാണ്‌ ആ വയലിന്റെ വില.

300 വര്‍ഷം പഴക്കമുള്ള അപൂര്‍വം വയലിനുകളിലൊന്നായിരുന്നു ജോണ്‍ മോഷ്‌ടിച്ചത്‌. അന്താരാഷ്ര്‌ട പ്രശസ്‌തയായ വയലിനിസ്‌റ്റായ മിന്‍ ജിന്‍ കിമിന്റെ വയലിനാണ്‌ ജോണ്‍ മോഷ്‌ടിച്ചത്‌. ലണ്ടനിലെ ഒരു പാര്‍ക്കില്‍ കാമുകനുമായുള്ള സല്ലാപത്തില്‍ മിന്‍ മതിമറന്നിരിക്കെയാണ്‌ ജോണ്‍ വയലിന്‍ മോഷ്‌ടിച്ചത്‌. എന്നാല്‍, പിന്നീട്‌ പോലീസ്‌ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.

Tuesday, March 1, 2011

സ്‌ത്രീശേഖരത്തില്‍ അണിയാത്ത വസ്‌ത്രങ്ങളും

വസ്‌ത്രങ്ങളോടുള്ള സ്‌ത്രീകളുടെ ഭ്രമം പുരുഷന്മാര്‍ക്കു ചില്ലറ തലവേദനയല്ല സൃഷ്‌ടിക്കുന്നത്‌. വസ്‌ത്രങ്ങള്‍ എത്രവാങ്ങിയാലും സ്‌ത്രീകള്‍ക്കു മതിയാവില്ലെന്നാണ്‌ പുരുഷന്മാര്‍ പരാതി പറയുന്നത്‌. എന്നാല്‍, സ്‌ത്രീകളുടെ വസ്‌ത്രശേഖരത്തില്‍ അവര്‍ ധരിക്കാത്ത 22 വസ്‌ത്രങ്ങളെങ്കിലും കാണുമെന്നാണ്‌ അന്താരാഷ്ര്‌ടതലത്തില്‍ നടത്തിയ ഒരു സര്‍വേ കണ്ടെത്തിയിരിക്കുന്നത്‌.

വസ്‌ത്രങ്ങളോട്‌ ഭ്രമമുള്ള ഭൂരിപക്ഷം സ്‌ത്രീകളും ഇങ്ങനെയുള്ളവരാണെന്നാണ്‌ സര്‍വേ റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട്‌ പ്രകാരം ബ്രട്ടീഷ്‌ സ്‌ത്രീകള്‍ ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന വസ്‌ത്രങ്ങളുടെ മൂല്യം 11250 കോടി രൂപയാണ്‌. 50 കോടി വസ്‌ത്രങ്ങളാണ്‌ ബ്രട്ടീഷ്‌ സ്‌ത്രീകള്‍ തങ്ങളുടെ വസ്‌ത്രശേഖരത്തില്‍ ഉപക്ഷിച്ചിരിക്കുന്നത്‌. പ്രമുഖരുടെ ഫാഷന്‍ അനുകരിച്ചു വാങ്ങിയവയാണ്‌ ഇത്തരത്തില്‍ ഉപയോഗശൂന്യമാക്കപ്പെട്ടവയില്‍ അധികവും.

എട്ടു പേരില്‍ ഒരാള്‍ മാത്രമേ സ്‌ഥിരമായി വസ്‌ത്രശേഖരം വൃത്തിയാക്കുന്നുള്ളെന്നും അമ്പതു പേരില്‍ ഒരാള്‍ 10 വര്‍ഷം കൂടുമ്പോഴാണ്‌ തങ്ങളുടെ വസ്‌ത്രശേഖരം അടുക്കിവച്ച അലമാരി വൃത്തിയാക്കുന്നുതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

കള്ളനെ പിടികൂടിയ ഫേസ്‌ബുക്ക്‌

സൗഹൃദങ്ങള്‍ പുതുക്കാനും കണ്ടെത്താനും മാത്രമല്ല കള്ളനെ പിടിക്കാനും ഫേസ്‌ബുക്ക്‌ സഹായിക്കുമെന്നാണ്‌ അമേരിക്കന്‍ പോലീസ്‌ പറയുന്നത്‌. മസാച്ചുസെറ്റ്‌സിലെ സ്വാന്‍സിയിലെ സിനിമാ തീയറ്ററില്‍ മോഷണം നടത്തിയ കള്ളനെ പിടികൂടിയത്‌ ഫേസ്‌ബുക്കിന്റെ സാഹയത്തോടെയാണ്‌.

ഇരുപത്തിയഞ്ചുകാരനായ ഡാനിയല്‍ ബോയ്‌സിയെന്ന യുവാവ്‌ തീയറ്റര്‍ കെട്ടിടത്തില്‍ ആരുമറിയാതെ കടന്ന്‌ പണപ്പെട്ടി മോഷ്‌ടിക്കുകയായിരുന്നു. എന്നാല്‍, ഡാനിയല്‍ പണം മോഷ്‌ടിക്കുന്നതിന്റെ ചിത്രങ്ങള്‍ തീയറ്ററിലെ രഹസ്യകാമറകള്‍ പകര്‍ത്തിയിരുന്നു. ഈ കാമറാ ദൃശ്യങ്ങള്‍ കണ്ട തീയറ്ററിലെ ഒരു ജീവനക്കാരന്‍ ഇയാളെ പരിചയമുണ്ടെന്നു തറപ്പിച്ചു പറഞ്ഞു. ഫേസ്‌ബുക്കില്‍ ഏറെ സമയം ചെലവഴിക്കുന്നയാളായിരുന്നു ഈ ജീവനക്കാരന്‍. ഫേസ്‌ബുക്കില്‍ ഇയാളെ കണ്ടിട്ടുണ്ടെ ജീവനക്കാരന്റെ മൊഴി സ്വീകരിച്ച പോലീസ്‌ വിശദമായി ഫേസ്‌ബുക്കില്‍ പരതി മോഷ്‌ടാവിനെ കണ്ടെത്തുകയായിരുന്നു.

നല്ല ശമരിയാക്കാരനായ നായ

ശമരിയാക്കാരന്റെ കഥ ഡേവ്‌ എന്ന നായ്‌ക്കറിയാമോ എന്നറിയില്ല. എന്നാല്‍, മൃഗങ്ങള്‍ക്കിടയിലെ നല്ല ശമരിയാക്കാരനാണ്‌ ഡേവ്‌ എന്ന റോട്ട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ. ആറു വയസുള്ള ഡേവിന്റെ സംരക്ഷണത്തില്‍ നിരവധി ജീവികളാണ്‌ കഴിയുന്നത്‌. നാലു താറാവുകള്‍, മൂന്നു വാത്തകള്‍, അഞ്ചു മുയലുകള്‍, 13 കോഴിക്കുഞ്ഞുങ്ങള്‍, അഞ്ചു നായക്കുട്ടികള്‍ എന്നിങ്ങനെപോകുന്നു ഈ മൃഗസ്‌നേഹിയുടെ സംരക്ഷണയിലുള്ളവയുടെ ലിസ്‌റ്റ്.

വീടിന്റെ പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും ചുറ്റിനടക്കുന്നതാണ്‌ ഡേവിന്റെ ഇഷ്‌ടം. ശാന്തസ്വഭാവമുള്ളതിനാല്‍ ഡേവിനെ അവന്റെ ഇഷ്‌ടത്തിനു ചുറ്റക്കറങ്ങാന്‍ ഉടമസ്‌ഥന്‍ അനുവദിക്കാറുണ്ട്‌. ഇങ്ങനെയുള്ള ചുറ്റിത്തിരിയലിലാണ്‌ ഡേവ്‌ അനാഥരായ സഹജീവികളെ കണ്ടെത്തുന്നത്‌. ഒരിക്കല്‍ വീടിനു പിറകിലുള്ള ചായ്‌പ്പില്‍ ഡേവ്‌ പതിവില്ലാതെ ചുറ്റിത്തിരിയുന്നതു കണ്ട ഉടമസ്‌ഥയായ അമെന്‍ഡ കോളിന്‍ നോക്കുമ്പോഴാണ്‌ നിരവധി ജീവികളെ കണ്ടെത്തുന്നത്‌. തന്റെ ഭക്ഷണത്തില്‍നിന്നു ഒരു പങ്ക്‌ നല്‍കിയാണ്‌ ഡേവ്‌ ഇവയെ സംരക്ഷിച്ചിരുന്നത്‌.

ഡേവിന്റെ ഈ ശീലം കണ്ടെത്തിയതോടെ അമെന്‍ഡയും അവയ്‌ക്കായി ഭക്ഷണം നല്‍കിത്തുടങ്ങി. ഇതോടെ ഡേവിലെ സഹായമനോഭാവം പൂര്‍ണമായും ഉണര്‍ന്നു. പിന്നീട്‌ നിരാലംബരായ നിരവധി ജീവികളെയാണ്‌ ഡേവ്‌ വീടിന്റെ ചായ്‌പ്പിലെത്തിച്ചത്‌.

വിലമതിക്കാനാവാത്ത വജ്രം

എന്തിനും വിലയിടുന്നവരാണ്‌ പാശ്‌ചാത്യര്‍. എന്നാല്‍, കോറ സണ്‍ ഡ്രോപ്‌ എന്ന വജ്രത്തിനു വിലയിടാന്‍ അവര്‍ക്കു സാധിക്കുന്നില്ല. കാരണം മഞ്ഞനിറത്തിലുള്ള ലോകത്തെ ഏറ്റവും അപൂര്‍വമായ വജ്രമാണിത്‌. 110 കാരറ്റുണ്ട്‌ ഈ വജ്രം. ഇറ്റുവീഴുന്ന വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ളതാണിത്‌. അതിനാലാണ്‌ ഇറ്റുവീഴുന്ന സൂര്യകിരണമെന്ന്‌ അര്‍ഥത്തില്‍ സണ്‍ ഡ്രോപ്‌ എന്ന ഈ വജ്രത്തിനു പേരുനല്‍കിയത്‌. വജ്ര നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനിയായ കോറയാണ്‌ ഈ വജ്രത്തിന്റെ ഉടമസ്‌ഥര്‍. 100 കാരറ്റിലധികമുള്ള വജ്രങ്ങള്‍ വളരെഅപൂര്‍വമായതാണ്‌ കോറ സണ്‍ ഡ്രോപിന്റെ മൂല്യത്തിനുകാരണം. ആഫ്രിക്കയില്‍നിന്നാണ്‌ ഈ വജ്രം ഖനനം ചെയ്‌തെടുത്തത്‌. അത്യപൂര്‍വമായ ഈ വജ്രത്തിന്റെ പ്രദര്‍ശനം ലോകംമുഴുവന്‍ നടത്തുന്ന തിരക്കിലാണ്‌ കമ്പനി.
::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...