Tuesday, May 24, 2011

12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പല്‍ വലിച്ചു നീക്കി റെക്കോഡിട്ടു

20,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ കപ്പല്‍ വലിച്ചു നീക്കി ലോകറെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു സംഘം എസ്‌റ്റോണിയാക്കാര്‍. 20 പേരടങ്ങിയ സംഘമാണ്‌ കപ്പല്‍ വടം ഉപയോഗിച്ച്‌ വലിച്ചു നീക്കിയത്‌. 12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലാണ്‌ എസേ്‌റ്റാണിയാക്കാര്‍ വലിച്ചുനീക്കിയത്‌. ബാള്‍ട്ടിക്ക്‌ ക്യൂന്‍ എന്നാണ്‌ കപ്പലിന്റെ പേര്‌. 212 മീറ്ററാണ്‌് ഈ കപ്പലിന്റെ നീളം.

അന്താരാഷ്ര്‌ടതലത്തിലെ ശക്‌തി മത്സരങ്ങളില്‍ കരുത്തുതെളിയിച്ചിട്ടുള്ളവര്‍ അടങ്ങിയതാണ്‌ ഈ സംഘം. 40 ടണ്‍ ഭാരമുള്ള കൂറ്റന്‍ ബോയിംഗ്‌ 737-500 വിമാനം ഒറ്റക്കൈകൊണ്ട്‌ തള്ളിനീക്കി ലോകറെക്കോഡ്‌ സ്വന്തമാക്കിയ ആന്‍ഡ്രസ്‌ മുറുമെറ്റ്‌സാണ്‌ സംഘത്തെ നയിച്ചത്‌. കഴിഞ്ഞവര്‍ഷം 200 ടണ്‍ ഭാരമുള്ള ഒരു കൂറ്റന്‍ ട്രെയിന്‍ വലിച്ചു നീക്കിയും ഈ സംഘം ലോകശ്രദ്ധനേടിയിരുന്നു.

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളുമില്ല

ഹെല്‍മെറ്റ്‌ ധരിക്കുന്നതെന്തിനാണെന്ന്‌ ഭോപ്പാലുകാരോട്‌ ചോദിച്ചാല്‍ പെട്രോള്‍ ലഭിക്കാനാണ്‌ എന്നായിരിക്കും ഉത്തരം. കാരണം, ഹെല്‍മെറ്റ്‌ ധരിക്കാത്ത മോട്ടോര്‍ സൈക്കിളുകാര്‍ക്ക്‌ ഇന്ധനം നല്‍കരുതെന്നാണ്‌ പെട്രോള്‍ പമ്പ്‌ ഉടമകള്‍ക്ക്‌ ഭോപ്പാല്‍ ജില്ലാ അധികൃതര്‍ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌. മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിക്കണമെന്നാണ്‌ നിയമം. എന്നാല്‍, ഭോപ്പാലുകാര്‍ക്ക്‌ ഇതത്ര ഇഷ്‌ടമുള്ള കാര്യമല്ല. കാരണം, ഹെല്‍മെറ്റുധരിച്ച്‌ യാത്ര ചെയ്‌താല്‍ സുന്ദരന്മാരായ തങ്ങളെ സുന്ദരിമാര്‍ കാണുകയില്ലെന്നാണ്‌ ഇവരുടെ പരാതി. പക്ഷേ, ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെയാണ്‌ മോട്ടോര്‍സൈക്കിളുകാരെ ഹെല്‍മെറ്റ്‌ ധരിപ്പിക്കാന്‍ ജില്ലാ അധികൃതര്‍ രംഗത്തെത്തിയത്‌.

ഹെല്‍മെറ്റ്‌ ധരിക്കാത്തവരില്‍നിന്ന്‌ പിഴ ഈടാക്കുകയായിരുന്നു ആദ്യനടപടി. മേയ്‌ 10ന്‌ ആരംഭിച്ച ഈ നടപടികൊണ്ടു കാര്യമായി പ്രയോജനമുണ്ടായില്ല. കഴിഞ്ഞ പത്തു ദിവസത്തിനിടെ 45,000 പേരെയാണ്‌ ഹെല്‍മെറ്റില്ലാതെ പിടികൂടിയത്‌. ഒടുവില്‍ കടുത്ത നടപടിയെന്ന നിലയിലാണ്‌ ഇന്ധനനിഷേധ മാര്‍ഗം പോലീസും ജില്ലാ അധികൃതരും പരീക്ഷിക്കുന്നത്‌. ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ പെട്രോള്‍ നല്‍കരുതെന്ന ജില്ലാ കളക്‌ടറുടെ ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പമ്പുടമകളില്‍നിന്ന കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്‌.

ഒബാമയ്‌ക്ക്‌ ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പ്‌ നല്‍കിയ പതിമൂന്നുകാരന്‍ കുടുങ്ങി

വിറ്റോ ലാപിന്റോ എന്ന പതിമൂന്നുകാരന്‍ ഇന്റര്‍നെറ്റിലെ സൗഹൃദശൃംഖല വെബ്‌സൈറ്റായ ഫേസ്‌ബുക്കില്‍ സജീവമാണ്‌. അമേരിക്കന്‍ സൈനികര്‍ ഒസാമയെ വധിച്ച ദിവസം വിറ്റോ ഫേസ്‌ബുക്കില്‍ എഴുതി. ഒസാമ മരിച്ചു. എന്നാല്‍, ഒബാമ കരുതിയിരിക്കണം. ചാവേര്‍ ബോംബാക്രമണങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്‌.

കൗമാരക്കാരന്‍ നടത്തിയ നിരുപദ്രവമായൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു ഇത്‌. എന്നാല്‍, അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ഇതിനെ അത്ര ചെറുതായല്ല കണ്ടത്‌. അവര്‍ സ്‌കൂളിലെത്തി വിറ്റോയെ ചോദ്യം ചെയ്‌തു. അല്‍ ക്വയ്‌ദയുടെ ഏതെങ്കിലും കുട്ടിക്കൂട്ടാളിയായിരിക്കും വിറ്റോ എന്നു കരുതിയാണ്‌ അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോഴേ വിറ്റോ കരഞ്ഞുതുടങ്ങി. ഒടുവില്‍ ഇനി ഫേസ്‌ബുക്കില്‍ പ്രവേശിക്കില്ലെന്ന്‌ സത്യം ചെയ്‌തതോടെയാണ്‌ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു മടങ്ങിയത്‌.

ഫേസ്‌ബുക്ക്‌ പ്രേമികളായ ദമ്പതികള്‍ മകള്‍ക്ക്‌ പേരിട്ടു... ലൈക്ക്‌

സൗഹൃദ വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്റെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണ്‌. ടുണീഷ്യയിലെയും ഈജിപ്‌തിലെയും ലിബിയയിലെയും ജനകീയ വിപ്ലവങ്ങളില്‍ ഫേസ്‌ബുക്കിനുള്ള സ്‌ഥാനം തള്ളിക്കളയാനാവില്ല. എന്നാല്‍, ഫേസ്‌ബുക്കിനോടുള്ള പ്രേമം തലയ്‌ക്കു പിടിച്ച്‌ ഈ വെബ്‌സൈറ്റിലെ ഒരു ടാബിന്റെ പേര്‌ മകള്‍ക്കിട്ടാലോ. ഇസ്രേലി ദമ്പതികളായ ലിയോറും വാര്‍ദിത്‌ ആഡ്‌ലറുമാണ്‌ മകള്‍ ലൈക്ക്‌ എന്നു പേരിട്ട്‌ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചത്‌.

ഫേസ്‌ബുക്കില്‍ ഓരോ ഫോട്ടോയുടെയും കമന്റിന്റെയും ചുവടെ ലൈക്ക്‌ എന്നൊരു ടാബും കാണും. വലതുകൈ ചുരട്ടി തള്ളവിരല്‍ മാത്രം ഉയര്‍ത്തി പിടിച്ചുള്ള ചിഹ്നത്തോടൊപ്പം ലൈക്ക്‌ എന്ന്‌ എഴുതിയിട്ടുണ്ടാവും. ഫോട്ടോയും കമന്റുമൊക്കെ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഈ ലൈക്ക്‌ ടാബില്‍ ക്ലിക്ക്‌ ചെയ്യാം. ഈ ലൈക്ക്‌ ടാബ്‌ ഇഷ്‌ടപ്പെട്ടാണ്‌ ലിയോറും വാര്‍ദിതും തങ്ങളുടെ മൂന്നാമത്തെ പുത്രിക്ക്‌ ലൈക്ക്‌ എന്നു പേരിട്ടത്‌. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക്‌ ഇസ്രേലി പേരുകളാണ്‌ ഇവര്‍ നല്‍കിയത്‌. മൂന്നാമത്തെ കുട്ടി ജനിച്ചപ്പോള്‍ വ്യത്യസ്‌തമായൊരു പേരു നല്‍കണമെന്ന ആഗ്രഹത്താലാണ്‌ ഇവര്‍ ലൈക്ക്‌ എന്നു പേരിട്ടത്‌. ഫേസ്‌ബുക്കിലെ ലൈക്ക്‌ എന്ന ടാബാണ്‌ കുഞ്ഞിന്‌ ഈ പേരു നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ ദമ്പതികള്‍ പറയുന്നത്‌.

ചന്ദ്രനിലേക്കൊരു വിനോദയാത്ര

ആകാശത്ത്‌ വിളങ്ങിനില്‍ക്കുന്ന ചന്ദ്രനിലേക്കൊരു യാത്ര നടത്താന്‍ ആഗ്രഹിക്കാത്താവരായി ആരുണ്ട്‌. ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങള്‍ നിധിപോലെ സൂക്ഷിച്ചുവച്ചായിരിക്കും ഇത്തരക്കാര്‍ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം നടത്തുന്നത്‌. എന്നാല്‍, ചന്ദ്രയാത്രയെന്നുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഒരു കമ്പനി രംഗത്തെത്തിയിരിക്കുകയാണ്‌. 17 ദിവസം നീളുന്നൊരു ബഹിരാകാശ യാത്ര. ഇന്റര്‍നാഷണല്‍ സ്‌പേസ്‌ സെന്ററിലെ താമസവും ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ ചുറ്റക്കറക്കവും ഉള്‍പ്പെടുന്നതാണ്‌ ഈ ട്രിപ്പ്‌.

ചെലവ്‌ അല്‌പം കൂടുമെന്നുമാത്രം. 675 കോടി രൂപ മുടക്കാന്‍ തയാറാകുന്ന ഏതൊരാള്‍ക്കും ചന്ദ്രനെ ചുറ്റിയടിച്ച്‌ ഭൂമിയിലെത്താം. സ്‌പേസ്‌ അഡ്‌വെഞ്ചര്‍ എന്ന കമ്പനിയാണ്‌ ട്രാവല്‍ ഏജന്റുമാര്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. റഷ്യന്‍ ബഹിരാകാശ വാഹത്തിലായിരിക്കും ചന്ദ്രനെ ചുറ്റിയടിച്ചുവരാന്‍ ബഹിരാകാശ വിനോദസഞ്ചാരികള്‍ യാത്രയാവുക.

2015 മുതല്‍ വിനോദസഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്‌ ഇവര്‍. നിലവില്‍ ഒരാള്‍ ചാന്ദ്രയാത്രയ്‌ക്കായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു കഴിഞ്ഞു. 2020തോടെ 140 വിനോദയാത്രക്കാരെയെങ്കിലും ചന്ദ്രന്‍ ചുറ്റിയടിച്ച്‌ കാണിക്കാനാണ്‌ കമ്പനിയുടെ പദ്ധതി.

യേശുവാണെന്ന്‌ അവകാശപ്പെട്ട്‌ ഓസ്‌ട്രേലിയക്കാരന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ആള്‍ ദൈവം വിവാദത്തിലേക്ക്‌ . അലന്‍ ജോണ്‍ മില്ലര്‍ - മേരി സൂസെയ്‌ന്‍ ലക്ക്‌ എന്നിവരാണ്‌ തങ്ങള്‍ യേശുക്രിസ്‌തുവും മര്‍ദ്ദല മറിയവുമാണെന്ന്‌ അവകാശപ്പെട്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌ . ഇതു വരെ 40 തോളം അനുയായികളെയും സംഘടിപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌ . 2007 മുതല്‍ വില്‍കേസ്‌ഡേലിലാണ്‌ ഇരുവരുടേയും താമസം. അനുയായികള്‍ മില്ലറിന്റെ വീടിനടുത്തുള്ള സ്‌ഥലം വാങ്ങിക്കുന്ന തിരക്കിലാണ്‌ .

ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളാണ്‌ മില്ലര്‍ക്കുള്ളത്‌ . മുന്‍ ജന്മത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ന്നപ്പോഴാണ്‌ ആദ്യ ഭാര്യയില്‍ നിന്ന്‌ വിവാഹ മോചനം തേടിയത്‌

92 കിലോ ഭാരമുള്ള ആറു വയസുകാരി

സുമന്‍ ഖാടനെന്ന പെണ്‍കുട്ടിയെ കണ്ടാല്‍ ഒരു കച്ചിത്തുറൂ ഉരുണ്ടുവരികയാണെന്നേ തോന്നൂ. മൂന്നടി അഞ്ചിഞ്ച്‌ പൊക്കമുള്ള സുമന്റെ ഭാരം 92 കിലോയാണ്‌. ലോകത്തെ ഏറ്റവും ഭാരമുള്ള ബാലികയാണ്‌ സുമന്‍. എന്തുകഴിച്ചാലും മതിവരാത്ത വിശപ്പാണ്‌ സുമന്റെ പ്രശ്‌നം. രാവിലെ ഏഴുമണിക്ക്‌ 20 ബിസ്‌ക്കറ്റും 12 ഏത്തപ്പഴവും കഴിക്കുന്ന സുമന്‍ 9.30 ആകുമ്പോള്‍ രണ്ടു പ്ലേറ്റ്‌ ചോറും 5 മുട്ടയും കഴിക്കും. പിന്നെ ഉച്ചഭക്ഷണത്തിനുമുമ്പ്‌ 15 ബിസ്‌ക്കറ്റും രണ്ടു പായ്‌ക്കറ്റ്‌ ചിപ്‌സും 10 ഏത്തപ്പഴവും കഴിക്കും. 12-നാണ്‌ ഉച്ചഭക്ഷണം. രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ടു പ്ലേറ്റ്‌ മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌കറിയും രണ്ട്‌ ഓംലൈറ്റുമാണ്‌ ഉച്ചയ്‌ക്ക് സുമന്‍ അകത്താക്കുന്നത്‌. വൈകുന്നേരം മധുരപലഹാരങ്ങളാണ്‌ സുമന്‌ പ്രിയം ഇതോടൊപ്പം 15 ബിസ്‌ക്കറ്റും 10 ഏത്തപ്പഴവും രണ്ട്‌ പായ്‌ക്കറ്റ്‌ ചിപ്‌സും സുമന്‍ കഴിക്കും. രാത്രി ഭക്ഷണത്തിന്‌ രണ്ട്‌ പ്ലേറ്റ്‌ ചോറും രണ്ട്‌ പാത്രം മീന്‍കറിയും ഉരുളന്‍കിഴങ്ങ്‌ കറിയും സുമനു വേണം.

ചില ദിവസങ്ങളില്‍ ഇത്രയൊക്കെക്കഴിച്ചാലും സുമന്റെ വിശപ്പ്‌ അടങ്ങില്ല. ഭക്ഷണം ചോദിച്ച്‌ വീട്ടുകാരോട്‌ അവള്‍ വഴക്കു തുടങ്ങും. വിശന്നാല്‍ അയല്‍വീടുകളില്‍പ്പോയി ഭക്ഷണം ചോദിച്ചുവാങ്ങിക്കഴിക്കാനും ഈ ആറു വയസുകാരിക്കു മടിയില്ല. ആരും ഭക്ഷണം തന്നില്ലെങ്കില്‍ മണ്ണുവാരിത്തിന്നായിരിക്കും സുമന്‍ വിശപ്പടക്കുക.

ആഴ്‌ചയില്‍ 14 കിലോ അരി, 8 കിലോ ഉരുളന്‍കിഴങ്ങ്‌, 8 കിലോ മീന്‍, 140 ഏത്തപ്പഴം എന്നിവ വേണ്ടിവരും. അതോടൊപ്പം മധുരപലഹാരങ്ങളും ചിപ്‌സുമൊക്കെ വേറെയും. ദിവസക്കൂലിക്കാരനായ സുമന്റെ പിതാവിനു ലഭിക്കുന്ന വേതനം മുഴുവന്‍ മകളുടെ ഭക്ഷണത്തിനായി ചെലവഴിക്കുകയാണ്‌. കുട്ടികള്‍ കളിയാക്കുന്നതിനാല്‍ സുമന്‍ സ്‌കൂളില്‍ പോകാറില്ല. സ്‌കൂളില്‍ ചെന്നാലും ആവശ്യത്തിന്‌ ഭക്ഷണം കഴിക്കാന്‍ തനിക്കു സാധിക്കില്ലെന്നാണ്‌ സുമന്‍ പറയുന്നത്‌. ആറു വസയുപ്രായമുള്ള സാധാരണകുട്ടികളേക്കാള്‍ അഞ്ചിരട്ടിയിലധികമാണ്‌ സുമന്റെ ഭാരം. അമിതഭാരമുള്ളതിനാല്‍ അധികനേരം നടക്കാന്‍ സുമനു സാധിക്കില്ല. ഏതാനും മിനിട്ടുകള്‍ നടന്നാല്‍ സുമന്‍ കുഴഞ്ഞു വീഴും.

എന്തുകൊണ്ടാണ്‌ സുമന്‌ അമിതമായ വിശപ്പ്‌ വരുന്നതെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ കണ്ടെത്തനായില്ല. സുമന്‍ ഇങ്ങനെ അമിതവണ്ണം വച്ചാല്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌.

കാന്തിക ബാലന്‍

ഇവാന്‍ സ്‌റ്റോയില്‍ജോകവിച്ച്‌ എന്ന ക്രൊയേഷ്യന്‍ ബാലന്‍ അന്നാട്ടിലെ ഒരു അത്ഭുത പ്രതിഭാസമാണ്‌. ആറു വയസുള്ള ഈ ബാലന്റെ കാന്തിക ശക്‌തിയാണ്‌ അവനെ വ്യത്യസ്‌തനാക്കുന്നത്‌. ലോഹവസ്‌തുക്കളെന്തും ഇവാന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കും. 25 കിലോഭാരമുള്ള ലോഹങ്ങള്‍ വരെ തടിമാടനായ ഇവാന്റെ ശരീരത്തില്‍ കാന്തികശക്‌തിയാല്‍ ഒട്ടിനില്‍ക്കും. കാന്തിക ശക്‌തിമാത്രമല്ല. രോഗങ്ങളും വേദനകളും സുഖപ്പെടുത്താനുള്ള സിദ്ധിയും ഇവാനുണ്ടെന്നാണ്‌ വടക്കന്‍ ക്രോയേഷ്യയിലെ കൊപ്രിവ്‌നിക ഗ്രാമത്തിലുള്ളവരുടെ വിശ്വാസം.

വേദനയുള്ള ഭാഗത്ത്‌ ഇവാന്റെ കൈയൊന്നുവച്ചാല്‍ മതി വേദന പമ്പകടക്കാനെന്നാണ്‌ ഗ്രാമവാസികള്‍ പറയുന്നത്‌. അതേപോലെ തന്നെ കരുത്തനാണ്‌ ഇവാനെന്നും ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടുന്നത്‌. തന്റെ പ്രായത്തിലുള്ള കുട്ടികളേക്കാളേറെ ഭാരം കൂളായി ചുമക്കാന്‍ ഈ വിരുതനു സാധിക്കുമെന്നാണ്‌ ഇവാന്റെ വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നത്‌.

വസ്‌ത്രം മാറ്റിയാല്‍ മാത്രമേ ഇവാന്റെ ശരീരത്തില്‍ ലോഹവസ്‌തുക്കള്‍ ഒട്ടിപ്പിടിക്കൂ. 25 കിലോ ഭാരമുള്ള സിമിന്റ്‌ ചാക്കൊക്കെ നിസാരമായി ചുമന്നു നടക്കാന്‍ ഈ കുഞ്ഞു തടിമാടനാവും.

13 കോടിയുടെ സൂപ്പര്‍ കാര്‍

സ്‌റ്റാര്‍ട്ട്‌ ചെയ്‌താലുടന്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന കാറുകള്‍ ഹോളിവുഡ്‌ ശാസ്‌ത്രസിനിമകളിലെ മാത്രം യാഥാര്‍ഥ്യമാണ്‌. എന്നാല്‍, ഈ ഭാവനകള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്‌ ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. ഭാവിയുടെ കാര്‍ ഡിസൈനെന്ന്‌ വിലയിരുത്തുന്ന രൂപക്ലപനയോടെയാണ്‌ ലംബോര്‍ഗിനി ലോകത്തെ ഏറ്റവും വിലകൂടിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. സെസ്‌റ്റോ എലിമെന്റോ എന്ന പേരിട്ടിരിക്കുന്ന ഈ കാര്‍ സ്വന്തമാക്കാന്‍ 13 കോടി രൂപയാണ്‌ മുടക്കേണ്ടത്‌. കാര്‍ബണ്‍ ഫബറിലാണ്‌ ഈ സൂപ്പര്‍ കാറിന്റെ ഷാസി നിര്‍മിച്ചിരിക്കുന്നത്‌. നിലവില്‍ കാര്‍ നിര്‍മിക്കാനുപയോഗിക്കുന്ന വസ്‌തുക്കളില്‍വച്ച്‌ ഏറ്റവും ശക്‌തിയേറിയതാണ്‌ കാര്‍ബണ്‍ ഫൈബറുകള്‍. ഈ സൂപ്പര്‍ കാറിനു 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ വെറും 2.5 സെക്കന്‍ഡുകള്‍ മതി. അതായത്‌ കാര്‍ സ്‌റ്റാര്‍ട്ട്‌ ചെയാല്‍ ഉടന്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഇസെസ്‌റ്റോ എലിമെന്റോയ്‌ക്കാവും. മണിക്കൂറില്‍ 320 കിലോമീറ്ററാണ്‌ പരമാവധി വേഗം.

വളരെ സുരക്ഷാ മുന്‍കരുതലോടും ആഢംബരത്തോടുമാണ്‌ ലംബോര്‍ഗിനി ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്‌. വെറും 20 എണ്ണം മാത്രമാണ്‌ ലംബോര്‍ഗിനി വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്‌. എന്നാല്‍, കാര്‍ പുറത്തിറക്കിയ ഉടനെ നൂറുകണക്കിനു കോടീശ്വരന്മാണ്‌ ഈ കാര്‍ വാങ്ങാനായി ക്യൂ നില്‍പ്പാരംഭിച്ചത്‌.

തൊണ്ണൂറുകാരനായ സൂപ്പര്‍ഹീറോ വീട്ടിലിരിക്കണമെന്ന്‌

91 വയസായെങ്കിലും ജോണ്‍ ബ്രേയ്‌ ഇപ്പോഴും ന്യൂസിലാന്‍ഡിലെ വൈപാവയില്‍ രാത്രിയില്‍ റോന്തു ചുറ്റാറുണ്ട്‌. വയസും പ്രായവുമൊക്കെയായപ്പോള്‍ ഉറക്കം കിട്ടാത്തതിനാല്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നതാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. നഗരത്തിലെ കുറ്റവാളികളെ തെരഞ്ഞ്‌ നടക്കുകയാണ്‌ ഈ വൃദ്ധന്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌ ജോണ്‍ ബ്രോയ്‌. സൈന്യത്തില്‍നിന്നു റിട്ടയറായി നാട്ടില്‍ തിരികെയെത്തിയപ്പോള്‍ മുതലാണ്‌ കുറ്റവാളികള്‍ക്കെതിരേ ജോണ്‍ കുരിശുയുദ്ധവുമായി തെരുവുകളില്‍ രാത്രി റോന്ത്‌ ചുറ്റല്‍ ആരംഭിച്ചത്‌.

അഭിനവ ബാറ്റ്‌്മാനാണ്‌ താനെന്നാണ്‌ ജോണ്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. രാത്രിയില്‍ ടോര്‍ച്ചും ആയുധങ്ങളുമൊക്കെയായിട്ടാണ്‌ ജോണിന്റെ റോന്തുചുറ്റല്‍. രാത്രിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെക്കുറിച്ചും പോലീസിനെ അറിയിക്കുകയാണ്‌ ജോണ്‍ ചെയ്യുന്നത്‌.

അതോടൊപ്പം അക്രമികളില്‍നിന്നു നിരപരാധികളെ രക്ഷിക്കാനും ജോണ്‍ തന്റെ കായികശേഷി പ്രകടിപ്പിക്കാറുണ്ട്‌. പ്രായമായതോടെ ഒരു സഹായിക്കൊപ്പമായിരുന്നു ജോണിന്റെ റോന്ത്‌ ചുറ്റല്‍. എന്നാല്‍, രാത്രിയിലുള്ള ഈ റോന്തു ചുറ്റല്‍ ജോണ്‍ അവസാനിപ്പിക്കണമെന്നാണ്‌ പോലീസ്‌ ആവശ്യപ്പെടുന്നത്‌. കാരണം, കുറ്റവാളികള്‍ ജോണിനെ കൈകാര്യം ചെയ്‌താല്‍ തങ്ങള്‍ ഉത്തരം പറയേണ്ടിവരുമെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

നിങ്ങള്‍ക്കും ലാദനെ വധിക്കാം

അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ച വാര്‍ത്ത സന്തോഷത്തോടെയാണ്‌ ലോകമെങ്ങും സ്വീകരിച്ചത്‌. എന്നാല്‍, ഈ സന്തോഷത്തിനിടയിലും ദുഃഖിക്കുന്ന ചിലരുണ്ട്‌. ലാദന്റെ അനുയായികളൊന്നുമല്ല ഇവര്‍. ലാദനെ വധിക്കുന്നത്‌ സ്വപ്‌നം കണ്ടു നടന്നവര്‍ക്കാണ്‌ ഈ വിഷമം. ലാദനെ ഒളിത്താവളത്തില്‍ വധിച്ച്‌ ആഗോള ഹീറോയാകുന്നത്‌ മനക്കണ്ണില്‍ കണ്ട്‌ ആസ്വദിച്ചവര്‍ക്ക്‌ തങ്ങളുടെ സ്വപ്‌നം തകര്‍ന്നതിന്റെ ദുഃഖം കാണുമല്ലോ. ഇങ്ങനെ വിഷമിക്കുന്നവരെ സന്തോഷിപ്പിക്കാന്‍ ഒരു വീഡിയോ ഗെയിം പുറത്തിറങ്ങിയിരിക്കുകയാണ്‌ കുമാ ഗെയിംസാണ്‌ ഈ വീഡിയോ ഗെയിം പുറത്തിറക്കിയിരിക്കുന്നത്‌. ദി ഡെത്ത്‌ ഓഫ്‌ ഒസാമ ബിന്‍ ലാദന്‍ എന്നു പേരിട്ടിരിക്കുന്ന വീഡിയോഗെയിമില്‍ നിങ്ങള്‍ക്കു ലാദനെ വധിക്കാന്‍ സാധിക്കും.

പാകിസ്‌താനിലെ അബോട്ടാബാദിലെ ഒളിത്താവളത്തില്‍ എത്തുന്ന സൈനികര്‍ ലാദന്റെ ഒളിത്താവളം വളഞ്ഞ്‌ അയാളെ വധിക്കുന്നതാണ്‌ ഗെയിമിന്റെ ഇതിവൃത്തം. ലോകത്തെമ്പാടും നടക്കുന്ന യഥാര്‍ഥ പോരാട്ടങ്ങള്‍ വീഡിയോഗെയിമാക്കി മാറ്റുന്നതില്‍ വിദഗ്‌ധരാണ്‌ കുമാ ഗെയിംസ്‌ കമ്പനി. ഇത്തരത്തില്‍ 106 ഗെയിമുകള്‍ ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്‌.

ലാദനെ വധിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളിലാണ്‌ ഗെയിം ഇന്റര്‍നെറ്റില്‍ പുറത്തിറക്കിയത്‌. ഇന്റര്‍നെറ്റിലൂടെ ഈ വീഡിയോ ഗെയിം ഡൗണ്‍ലോഡ്‌ ചെയ്യുകയുമാകാം.

റോബോട്ടുകള്‍ക്കായി ഒരു ലോകകപ്പ്‌

ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും മാതൃകയിലൊരു ലോകകപ്പിന്‌ ന്യൂസിലന്‍ഡ്‌ വേദിയാവുകയാണ്‌. എന്നാല്‍, ഏതെങ്കിലുമൊരു കായിക ഇനത്തിനുവേണ്ടിയുള്ളതല്ല ഈ ലോകകപ്പ്‌. ഏറ്റവും മികച്ച റോബോട്ടിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ്‌ ഈ ലോകമത്സരം നടത്തുന്നത്‌.

ന്യൂസിലന്‍ഡില്‍ ഒകേ്‌ടാബര്‍ 11 മുതല്‍ 13 വരെയാണ്‌ മത്സരം. ന്യൂസിലന്‍ഡിലെ ഓക്‌്ലാന്‍ഡില്‍ നടക്കുന്ന റഗ്‌ബി ലോകകപ്പിനോടനുബന്ധിച്ചാണ്‌ റോബോട്ട്‌ മത്സരവും അരങ്ങേറുന്നത്‌. ന്യൂസിലന്‍ഡ്‌, അമേരിക്ക, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ ഇപ്പോള്‍ തന്നെ മത്സരത്തില്‍ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു കഴിഞ്ഞു.

റോബോട്ടിക്‌ വേള്‍ഡ്‌ കപ്പെന്നാണ്‌ മത്സരത്തിന്റെ പേര്‌. റോബോട്ടുകളുടെ രൂപകല്‌്പന, നിര്‍മാണം, പ്രവര്‍ത്തനം, വേഗത, കഴിവ്‌ തുടങ്ങിയവയാണ്‌ മത്സരത്തില്‍ പ്രധാനമായും പരിശോധിക്കുന്നത്‌.

പുരുഷ ചിന്തകളില്‍ നിറയുന്നത്‌ ഭക്ഷണവും ഉറക്കവും

പുരുഷന്മാര്‍ ഓരോ ഏഴു സെക്കന്‍ഡിലും ലൈംഗികതയെക്കുറിച്ചു ചിന്തിക്കുമെന്നാണ്‌ ഫെമിനിസ്‌റ്റുകളുടെ വാദം. ഫെമിനിസ്‌റ്റുകള്‍ മാത്രമല്ല പുരുഷന്മാരെക്കുറിച്ച്‌ ലോകം കരുതിയിരിക്കുന്നതും ഈ രീതിയിലാണ്‌. എന്നാല്‍, പുരുഷന്മാരെക്കുറിച്ചുള്ള ഈ ധാരണകളെല്ലാം തെറ്റാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ഓഹിയോ സര്‍വകലാശാലയില്‍ നടത്തിയ പഠനങ്ങള്‍. പുരുഷന്‍ ലൈംഗികതയേക്കാള്‍ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തേക്കുറിച്ചുമാണ്‌ ചിന്തിക്കുന്നതെന്നാണ്‌ ഇവര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌.

മനശാസ്‌ത്രജ്‌ഞയായ പ്രഫസര്‍ ടെറി ഫിഷര്‍ നടത്തിയ പഠനങ്ങളിലാണ്‌ പുരുഷന്മാര്‍ ലോകം ആരോപിക്കുന്നതുപോലെ ലൈംഗിക ജീവികളെല്ലെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കിടയിലാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌. പ്രത്യേകം തയാറാക്കിയ ഒരു ചാര്‍ട്ട്‌് ടെറി തന്റെ വിദ്യാര്‍ഥികള്‍ക്കു നല്‍കി. എപ്പോഴൊക്കെ ലൈംഗികതയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ചിന്തകള്‍ വരുന്നുവോ അപ്പോള്‍ ഈ ചാര്‍ട്ടില്‍ രേഖപ്പെടുത്തണമെന്നു നിര്‍ദേശവും നല്‍കി. ഇങ്ങനെ വിദ്യാര്‍ഥികളില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ചാണ്‌ ടെറി തന്റെ പഠനം നടത്തിയത്‌.

വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തി നല്‍കിയ ചാര്‍ട്ടുപ്രകാരം പരുഷന്മാര്‍ ഭക്ഷണം, ഉറക്കം എന്നിവയെക്കുറിച്ചാണ്‌ ലൈംഗികതയേക്കാള്‍ ഏറെ ചിന്തിക്കുന്നതെന്നാണ്‌ കണ്ടെത്തിയത്‌. ആരോഗ്യത്തെക്കുറിച്ചും ക്ഷീണത്തെക്കുറിച്ചും പുരുഷന്മാര്‍ കൂടുതല്‍ ബോധവാന്മാരായതിനാലാണ്‌ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും കൂടുതലായി ചിന്തിക്കാന്‍ കാരണമെന്നാണ്‌ പ്രഫസര്‍ ടെറി പറയുന്നത്‌.

ഒരു കോടി രൂപ തിന്നുതീര്‍ത്ത ചിതലുകള്‍

ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലുള്ള എസ്‌ബിഐ ബാങ്കിലെ ചിതലുകള്‍ ഭാഗ്യവാന്മാരാണ്‌. കാരണം, അവര്‍ക്കു വിശപ്പടക്കാന്‍ കിട്ടയത്‌ ഒരു കോടിരൂപയുടെ നോട്ടുകളാണ്‌. ബാങ്കിലെ സ്‌ട്രോംങ്‌ റൂമില്‍ സൂക്ഷിച്ചിരുന്ന ഒരു കോടിരൂപയുടെ നോട്ടുകളാണ്‌ ചിതലുകള്‍ തിന്നത്‌.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ്‌ ചിതലുകള്‍ കാര്‍ന്നുതിന്ന നോട്ടുകളുടെ അവശിഷ്‌ടങ്ങള്‍ ബാങ്കധികൃതര്‍ കണ്ടെത്തിയത്‌. പഴക്കമുള്ള കെട്ടിടത്തിലായിരുന്നു ബാങ്ക്‌ പ്രവര്‍ത്തിച്ചിരുന്നതെന്നും അതാണ്‌ നോട്ടുകള്‍ ചിതലരിക്കാന്‍ കാരണമെന്നുമാണ്‌ അധികൃതര്‍ പറയുന്നത്‌. എന്തായാലും നോട്ടുകെട്ടുകളുടെ അവശിഷ്‌ടങ്ങള്‍ റിസര്‍വ്‌ ബാങ്കിനെ ഏല്‍പ്പിച്ചിരിക്കുകയാണ്‌ ബാങ്ക്‌ അധികൃതര്‍.

Monday, May 23, 2011

നായയെ പ്രസവിച്ച പൂച്ച

ചൈനയില്‍ കാര്യങ്ങളെല്ലാം തലതിരിഞ്ഞാണു നടക്കുന്നത്‌. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഒരു ആട്‌് പ്രസവിച്ചത്‌ നായയെ. കഴിഞ്ഞദിവസം ഒരു പൂച്ചജന്മം നല്‍കിയതു നായക്കുട്ടിക്കും. ചൈനയിലെ യാങ്‌ഷാന്‍ പ്രവിശ്യയിലാണ്‌ പ്രകൃതിനിയമങ്ങളെ വെല്ലുവിളിച്ച സംഭവമുണ്ടായത്‌. ഷുവു യാങ്‌ എന്ന വീട്ടമ്മയുടെ പൂച്ചയാണ്‌ നായക്കുഞ്ഞിനു ജന്മമേകിയത്‌. പൂച്ച പ്രസവിച്ചു കിടക്കുന്നതാണ്‌ ഷുവു കാണുന്നത്‌. രണ്ട്‌ കുഞ്ഞുങ്ങള്‍ക്കായിരുന്നു പൂച്ച ജന്മം നല്‍കിയത്‌. ഷുവു പരിശോധിച്ചപ്പോള്‍ ഒരു കുഞ്ഞു മരിച്ചിരിക്കുന്നു. രണ്ടാമത്തെ കുഞ്ഞ്‌ നായക്കുഞ്ഞിനെപ്പോലെയുമുണ്ട്‌.

ഷുവു അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തില്‍ പൂച്ച(നായ)ക്കുഞ്ഞുമായി എത്തി. അവിടത്തെ പരിശോധനയിലും കുഞ്ഞ്‌ നായക്കുഞ്ഞാണെന്ന്‌ സ്‌ഥിരീകരിച്ചു. പൂച്ചക്കുഞ്ഞ്‌ ഒരിക്കലും നായക്കുഞ്ഞിനു ജന്മം നല്‍കില്ലെന്നാണ്‌ മൃഗസംരക്ഷണകേന്ദ്രത്തിലെ ഡോക്‌ടര്‍ പറയുന്നത്‌. പ്രസവത്തെത്തുടര്‍ന്ന്‌ കുഞ്ഞ്‌ ചത്തപ്പോള്‍ പൂച്ച എവിടെനിന്നെങ്കിലും നായക്കുഞ്ഞിനെ എടുത്തുകൊണ്ടുവന്നതാകാമെന്നാണ്‌ മൃഗഡോക്‌ടര്‍ ചൂണ്ടിക്കാട്ടുന്നത്‌

ഡ്യൂപ്ലിക്കേറ്റ്‌ അമേരിക്കന്‍ സൈനിക യൂണിറ്റ്‌ സ്‌ഥാപിച്ച ചൈനാക്കാരന്‍

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുണ്ടാക്കുന്നവരാണ്‌ ചൈനക്കാര്‍. സ്വന്തം നാട്ടില്‍ മാത്രമല്ല കൂടിയേറിയ രാജ്യങ്ങളിലും വ്യാജന്മാരെ സൃഷ്‌ടിക്കുന്നതില്‍ ചൈനാക്കാര്‍ പിന്നിലല്ല. എന്നാല്‍, യുപെങ്‌ ഡെങ്‌ എന്ന ചൈനക്കാരന്‍ അമേരിക്കയില്‍ നടത്തിയ കള്ളത്തരത്തെ വെല്ലാന്‍ ഇവയ്‌ക്കൊന്നിനുമാവില്ല. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്വന്തമായി ഒരു സൈനിക യൂണിറ്റാണ്‌ യുപെങ്‌ സ്‌ഥാപിച്ചത്‌. അമേരിക്കന്‍ സൈന്യമാണെന്ന്‌ അവകാശപ്പെട്ടാണ്‌ യുപെങ്‌ ഉദ്യോഗാര്‍ഥികളെ പ്രവേശിപ്പിച്ചത്‌. സൈനിക യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്‌, പരിശീലനം, വ്യായാമം എന്തിന്‌ സൈനിക പരേഡുമുണ്ടായിരുന്നു. അമേരിക്കയില്‍ കുടിയേറിയ ചൈനീസ്‌ കുടിയേറ്റക്കാരെയാണ്‌ യുപെങ്‌ തന്റെ വ്യാജ സൈന്യത്തില്‍ അംഗങ്ങളാക്കിയത്‌.

സൈന്യത്തില്‍ സുപ്രീം കമാന്‍ഡറാണ്‌ താനെന്നാണ്‌ യുപെങ്‌ അവകാശപ്പെട്ടിരുന്നത്‌. അമേരിക്കന്‍ പൗരത്വം നേടിത്തരാമെന്നു പറഞ്ഞായിരുന്നു സൈന്യത്തില്‍ യുപെങ്‌ അംഗങ്ങളെ ചേര്‍ത്തിരുന്നത്‌. 12500 രൂപ വീതം യുപെങ്‌ സൈന്യത്തില്‍ ചേര്‍ന്നവരില്‍നിന്നു വാങ്ങിയിരുന്നു. പ്രത്യേക സൈനികരാണെന്നു വിശ്വസിപ്പിച്ചായിരുന്നു യുപെങിന്റെ കബളിപ്പിക്കല്‍. ഞായാറാഴ്‌ചകളിലായിരുന്നു സൈനികര്‍ക്ക്‌ യുപെങ്‌ പരിശീലനം നല്‍കിയിരുന്നത്‌. പൊതുനിരത്തില്‍ ഇവര്‍ പരേഡും നടത്തിയിരുന്നു. എന്നാല്‍, ഒടുവില്‍ കടുവയെ പിടിച്ച കിടുവ കുടുങ്ങുകയായിരുന്നു. ഇപ്പോള്‍ വ്യാജ സൈനിക കമാന്‍ഡര്‍ ജയില്‍ലഴികള്‍ എണ്ണിക്കഴിയുകയാണ്‌.
::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...