Monday, January 31, 2011

അവധിയെടുക്കാതെ 43 വര്‍ഷം!

ജോലി കിട്ടിയിട്ടുവേണം അവധിയെടുക്കാന്‍ എന്നാണ്‌ പലരുടെ ചിന്ത. എന്നാല്‍, 43 വര്‍ഷം ജോലി ചെയ്‌തിട്ടും ഒരു അവധിപോലും എടുക്കാതെ റെക്കാഡിട്ടിരിക്കുകയാണ്‌ ബ്രിട്ടീഷുകാരനായ ജിം ഓവന്‍. എസ്‌്സെക്‌സിലെ ബസില്‍ഡണ്‍ കൗണ്‍സിലില്‍ സര്‍വേയറായി ജോലി നോക്കിവരികയാണ്‌ 66 വയസുള്ള ജിം. 1968ലാണ്‌ ജിം ജോലിയില്‍ പ്രവേശിക്കുന്നത്‌. രോഗബാധിതനായിപ്പോലും ഒരു ദിവസം തനിക്ക്‌ അവധിയെടുക്കേണ്ടിവന്നിട്ടില്ലെന്നാണ്‌ ജിം പറയുന്നത്‌.

പ്രായമേറെയായെങ്കിലും ജോലിയില്‍നിന്നു വിരമിക്കാന്‍ തത്‌ക്കാലം ഈ മുത്തച്‌ഛന്‌ ഉദ്ദേശമില്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതങ്ങളിലൂടെ ജീവിച്ചവരായിരുന്നു ജിമ്മിന്റെ മാതാപിതാക്കള്‍. യുദ്ധാനന്തര ബ്രിട്ടീണില്‍ ദിവസവേതനക്കാരായി ജോലി ചെയ്‌ത ഇവര്‍ ഒരു ദിവസം തൊഴിലെടുത്തില്ലായിരുന്നെങ്കില്‍ കുടുംബം പട്ടിണിയിലാകുമായിരുന്നു. അതുകൊണ്ടു ചെറുപ്രായത്തില്‍തന്നെ ജിമ്മിനെ അവര്‍ ജോലിക്കായി നിര്‍ബന്ധപൂര്‍വം അയച്ചിരുന്നു.

തണുപ്പാണെങ്കിലും മഴയാണെങ്കിലും രോഗമാണെങ്കിലും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ജിമ്മും എന്നും ജോലിക്കായി പോയിരുന്നു. ഈ ശീലമാണ്‌ തന്നെ അവധിയെടുക്കാതെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്‌ ജിം പറയുന്നത്‌.

ഭാര്യയും രണ്ടു മക്കളും മൂന്നു കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ കാരണവരായ ജിമ്മിനെക്കുറിച്ച്‌ സ്‌ഥാപന മേധാവികള്‍ക്കു നല്ലതേ പറയാനുള്ളൂ.

തൊഴിലാളികള്‍ അവധിയെടുക്കാതെ പണിയെടുക്കണമെന്നാണ്‌ മുതലാളിമാരുടെ ആഗ്രഹമെന്നും അതുകൊണ്ടാണ്‌ ജിമ്മിനെ അവര്‍ അഭിനന്ദിക്കുന്നതെന്നുമാണ്‌ ജിമ്മിനോട്‌ അസൂയയുള്ള ചിലരുടെ ആരോപണം.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...