Sunday, January 23, 2011

ആരാണ്‌ ഒന്നാമന്‍; ഫോട്ടോ ഫിനിഷും തോറ്റു

ഓട്ടമത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുമ്പോള്‍ തര്‍ക്കരഹിതമായി വിജയിയെ തെരഞ്ഞെടുക്കാനാണ്‌ ഫോട്ടോ ഫിനിഷിംഗ്‌ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌. എന്നാല്‍, ചരിത്രത്തിലാദ്യമായി ഫോട്ടോ ഫിനിഷിംഗ്‌ വിദ്യ തോല്‍വി സമ്മതിച്ചിരിക്കുകയാണ്‌. മനുഷ്യന്റെ മുന്നിലല്ല. നായകളാണ്‌ ഈ സാങ്കേതിക വിദ്യയെ തോല്‍പ്പിച്ചത്‌. ലണ്ടനിലെ റോംഫോര്‍ഡ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രേഹണ്ട്‌ നായ്‌ക്കളുടെ ഓട്ടമത്സരമായിരുന്നു വേദി. 950 മീറ്ററാണ്‌ ട്രാക്കിന്റെ നീളം.

ഉശിരന്മാരായ ആറു ഗ്രേഹണ്ട്‌ നായ്‌ക്കളാണ്‌ മത്സരാര്‍ഥികള്‍. ഓട്ടം ആരംഭിച്ചു. ഇഞ്ചോടിഞ്ച്‌ പോരാട്ടം. നായ്‌ക്കളെല്ലാം ഫിനിഷിംഗ്‌ ലൈന്‍ കടന്നു പാഞ്ഞു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഏതു നായയാണ്‌ വിജയിച്ചതെന്നു പറയാന്‍ സംഘാടകര്‍ക്കു കഴിഞ്ഞില്ല. കാരണം, മൂന്നു നായ്‌ക്കള്‍ ഒരേപോലെയാണ്‌ ഫിനിഷിംഗ്‌ ലൈന്‍ കടന്നുപോയത്‌.

59.53 സെക്കന്‍ഡുകളാണ്‌ ഈ മൂന്നു നായ്‌ക്കളും ഓട്ടം പൂര്‍ത്തിയാക്കാന്‍ എടുത്തത്‌. ഫോട്ടോ ഫിനിഷിംഗ്‌ സാങ്കേതിക വിദ്യയിലും ഇതുതന്നെയായിരുന്നു ഫലം. ആദ്യം ഫിനിഷിംഗ്‌ ലൈന്‍ തൊട്ടത്‌ ഏതു നായയാണെന്നു കണ്ടെത്താനായി ഫോട്ടോ ഫിനിംഷിംഗ്‌ സാങ്കേതിക വിദ്യയിലൂടെ എടുത്ത ഫോട്ടോ നോക്കുമ്പോള്‍ മൂന്നു നായ്‌ക്കള്‍ ഒരേപോലെയാണ്‌ ലൈനില്‍ എത്തിയിരിക്കുന്നത്‌. ഒടുവില്‍ മൂന്നു നായ്‌ക്കളെയും വിജയികളായി പ്രഖ്യാപിച്ച്‌ സംഘാടകര്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...