Monday, January 31, 2011

അവധിയെടുക്കാതെ 43 വര്‍ഷം!

ജോലി കിട്ടിയിട്ടുവേണം അവധിയെടുക്കാന്‍ എന്നാണ്‌ പലരുടെ ചിന്ത. എന്നാല്‍, 43 വര്‍ഷം ജോലി ചെയ്‌തിട്ടും ഒരു അവധിപോലും എടുക്കാതെ റെക്കാഡിട്ടിരിക്കുകയാണ്‌ ബ്രിട്ടീഷുകാരനായ ജിം ഓവന്‍. എസ്‌്സെക്‌സിലെ ബസില്‍ഡണ്‍ കൗണ്‍സിലില്‍ സര്‍വേയറായി ജോലി നോക്കിവരികയാണ്‌ 66 വയസുള്ള ജിം. 1968ലാണ്‌ ജിം ജോലിയില്‍ പ്രവേശിക്കുന്നത്‌. രോഗബാധിതനായിപ്പോലും ഒരു ദിവസം തനിക്ക്‌ അവധിയെടുക്കേണ്ടിവന്നിട്ടില്ലെന്നാണ്‌ ജിം പറയുന്നത്‌.

പ്രായമേറെയായെങ്കിലും ജോലിയില്‍നിന്നു വിരമിക്കാന്‍ തത്‌ക്കാലം ഈ മുത്തച്‌ഛന്‌ ഉദ്ദേശമില്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതങ്ങളിലൂടെ ജീവിച്ചവരായിരുന്നു ജിമ്മിന്റെ മാതാപിതാക്കള്‍. യുദ്ധാനന്തര ബ്രിട്ടീണില്‍ ദിവസവേതനക്കാരായി ജോലി ചെയ്‌ത ഇവര്‍ ഒരു ദിവസം തൊഴിലെടുത്തില്ലായിരുന്നെങ്കില്‍ കുടുംബം പട്ടിണിയിലാകുമായിരുന്നു. അതുകൊണ്ടു ചെറുപ്രായത്തില്‍തന്നെ ജിമ്മിനെ അവര്‍ ജോലിക്കായി നിര്‍ബന്ധപൂര്‍വം അയച്ചിരുന്നു.

തണുപ്പാണെങ്കിലും മഴയാണെങ്കിലും രോഗമാണെങ്കിലും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ജിമ്മും എന്നും ജോലിക്കായി പോയിരുന്നു. ഈ ശീലമാണ്‌ തന്നെ അവധിയെടുക്കാതെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്‌ ജിം പറയുന്നത്‌.

ഭാര്യയും രണ്ടു മക്കളും മൂന്നു കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ കാരണവരായ ജിമ്മിനെക്കുറിച്ച്‌ സ്‌ഥാപന മേധാവികള്‍ക്കു നല്ലതേ പറയാനുള്ളൂ.

തൊഴിലാളികള്‍ അവധിയെടുക്കാതെ പണിയെടുക്കണമെന്നാണ്‌ മുതലാളിമാരുടെ ആഗ്രഹമെന്നും അതുകൊണ്ടാണ്‌ ജിമ്മിനെ അവര്‍ അഭിനന്ദിക്കുന്നതെന്നുമാണ്‌ ജിമ്മിനോട്‌ അസൂയയുള്ള ചിലരുടെ ആരോപണം.
പതിനാലാം വയസില്‍ അച്‌ഛന്‍, 29-ാം വയസില്‍ മുത്തച്‌ഛന്‍

ഇരുപത്തിയൊമ്പതാം വയസില്‍ മുത്തച്‌ഛനായിരിക്കുകയാണ്‌ തൊഴില്‍രഹിതനായ ബ്രിട്ടീഷുകാരന്‍. സൗത്ത്‌വെയില്‍സിലുള്ള ഈ യുവാവ്‌ 14-ാം വയസിലാണ്‌ പിതാവായത്‌. ഇയാളുടെ 15 വയസുള്ള മകള്‍ സഹപാഠിയില്‍നിന്നും ഗര്‍ഭം ധരിച്ചിരിക്കുകയാണ്‌.

ഓഗസ്‌റ്റില്‍ മകള്‍ പ്രസവിക്കുമെന്ന സന്തോഷത്തിലാണ്‌ ഇയാള്‍. ഭാര്യയില്‍നിന്നും പിരിഞ്ഞു കഴിയുകയാണ്‌ ഇയാള്‍. ജോലിക്കൊന്നും പോകാത്തതിനെത്തുടര്‍ന്ന്‌ ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പമാണ്‌ ഇപ്പോള്‍ ജീവിക്കുന്നത്‌.

മകള്‍ ചെറുപ്പമാണെങ്കിലും കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമെന്നാണ്‌ യുവാവായ ഈ മുത്തച്‌ഛന്‍ പറയുന്നത്‌. മകള്‍ ഗര്‍ഭം ധരിച്ചത്‌ നല്ലകാര്യമാണെന്നും ഒരിക്കലും ഇക്കാര്യത്തില്‍ അവളെ കുറ്റപ്പെടുത്തില്ലെന്നുമാണ്‌ പിതാവ്‌ പറയുന്നത്‌.

എന്നാല്‍, മകളുടെ കാമുകന്‍ പറയന്നത്‌ ഇയാള്‍ ലോകചരിത്രത്തിലെ തന്നെ മോശം പിതാവാണെന്നാണ്‌. ജീവിതത്തില്‍ ഒരിക്കലും ജോലിക്കുപോകാത്ത ഇയാള്‍ മക്കള്‍ക്കായി ചില്ലിപൈസാ പോലും ചെലവഴിച്ചില്ലെന്നാണ്‌ കാമുകന്റെ പരാതി.

Sunday, January 23, 2011

ആരാണ്‌ ഒന്നാമന്‍; ഫോട്ടോ ഫിനിഷും തോറ്റു

ഓട്ടമത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുമ്പോള്‍ തര്‍ക്കരഹിതമായി വിജയിയെ തെരഞ്ഞെടുക്കാനാണ്‌ ഫോട്ടോ ഫിനിഷിംഗ്‌ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌. എന്നാല്‍, ചരിത്രത്തിലാദ്യമായി ഫോട്ടോ ഫിനിഷിംഗ്‌ വിദ്യ തോല്‍വി സമ്മതിച്ചിരിക്കുകയാണ്‌. മനുഷ്യന്റെ മുന്നിലല്ല. നായകളാണ്‌ ഈ സാങ്കേതിക വിദ്യയെ തോല്‍പ്പിച്ചത്‌. ലണ്ടനിലെ റോംഫോര്‍ഡ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രേഹണ്ട്‌ നായ്‌ക്കളുടെ ഓട്ടമത്സരമായിരുന്നു വേദി. 950 മീറ്ററാണ്‌ ട്രാക്കിന്റെ നീളം.

ഉശിരന്മാരായ ആറു ഗ്രേഹണ്ട്‌ നായ്‌ക്കളാണ്‌ മത്സരാര്‍ഥികള്‍. ഓട്ടം ആരംഭിച്ചു. ഇഞ്ചോടിഞ്ച്‌ പോരാട്ടം. നായ്‌ക്കളെല്ലാം ഫിനിഷിംഗ്‌ ലൈന്‍ കടന്നു പാഞ്ഞു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഏതു നായയാണ്‌ വിജയിച്ചതെന്നു പറയാന്‍ സംഘാടകര്‍ക്കു കഴിഞ്ഞില്ല. കാരണം, മൂന്നു നായ്‌ക്കള്‍ ഒരേപോലെയാണ്‌ ഫിനിഷിംഗ്‌ ലൈന്‍ കടന്നുപോയത്‌.

59.53 സെക്കന്‍ഡുകളാണ്‌ ഈ മൂന്നു നായ്‌ക്കളും ഓട്ടം പൂര്‍ത്തിയാക്കാന്‍ എടുത്തത്‌. ഫോട്ടോ ഫിനിഷിംഗ്‌ സാങ്കേതിക വിദ്യയിലും ഇതുതന്നെയായിരുന്നു ഫലം. ആദ്യം ഫിനിഷിംഗ്‌ ലൈന്‍ തൊട്ടത്‌ ഏതു നായയാണെന്നു കണ്ടെത്താനായി ഫോട്ടോ ഫിനിംഷിംഗ്‌ സാങ്കേതിക വിദ്യയിലൂടെ എടുത്ത ഫോട്ടോ നോക്കുമ്പോള്‍ മൂന്നു നായ്‌ക്കള്‍ ഒരേപോലെയാണ്‌ ലൈനില്‍ എത്തിയിരിക്കുന്നത്‌. ഒടുവില്‍ മൂന്നു നായ്‌ക്കളെയും വിജയികളായി പ്രഖ്യാപിച്ച്‌ സംഘാടകര്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
കുറ്റം മയക്കുമരുന്നു കടത്ത്‌; പ്രതി പ്രാവ്‌

മയക്കുമരുന്നു കടത്തിയ കുറ്റത്തിനു അപൂര്‍വമായൊരു പ്രതിയെ കൊളംബിയന്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കാലുകളില്‍ 45 ഗ്രാം മയക്കുമരുന്നുകള്‍ കെട്ടിവച്ച നിലയിലായിരുന്നു പ്രതി. ബുകാരമങ്കയിലെ മോഡെലോ ജയിലില്‍ മയക്കുമരുന്ന്‌ എത്തിക്കാന്‍ ശ്രമിക്കവേയാണ്‌ പ്രതി പോലീസ്‌ പിടിയിലാവുന്നത്‌. ജയിലിനുള്ളില്‍ പ്രവേശിച്ച്‌ മയക്കുമരുന്ന്‌ കടത്താന്‍ കഴിവുള്ള ഈ വിരുതന്‍ ആരാണെന്നല്ലേ. തൂവെള്ള നിറത്തിലുള്ള ഒരു പ്രാവാണ്‌ കുറ്റവാളി.

ജയിലിനുള്ളില്‍ പറന്നുയരാന്‍ പറ്റാതെ കുടുങ്ങിയതായിരുന്നു പ്രതി. പ്രാവിനെ രക്ഷിച്ച്‌ ജയിലിനു പുറത്തേക്ക്‌ പറത്തിവിടാമല്ലോ എന്നു കരുതി സമീപിച്ചതാണ്‌ ജയില്‍ അധികൃതര്‍. എന്നാല്‍, പ്രാവിന്റെ കാലില്‍ ചെറിയൊരു പൊതി കെട്ടിവച്ചിരിക്കുന്നത്‌ അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അത്‌ അഴിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ പോലീസുകാര്‍ അത്ഭുതപ്പെട്ടത്‌. 40 ഗ്രാം മരിജുവാനയും 5 ഗ്രാം കൊക്കെയിനുമായിരുന്നു ആ പൊതിയില്‍.

തടവുപുള്ളികള്‍ക്ക്‌ പുറത്തുനിന്നും മയക്കുമരുന്നു കടത്താനായിരുന്നു പ്രാവിനെ ഉപയോഗിച്ചിരുന്നത്‌. കസ്‌റ്റഡിയിലെത്ത പ്രാവിനെ മൃഗസ്‌നേഹികളുടെ സംഘടനയുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ്‌ പോലീസ്‌

ഇനിയും കുട്ടികള്‍ വേണമെന്ന് 94കാരന്‍!!


Ramjit Raghav and Shankuntala Devi
ബാംഗ്ലൂര്‍: തൊണ്ണൂറ്റി നാലാം വയസ്സില്‍ പിതാവായി ചരിത്രം കുറിച്ച ഹരിയാനക്കാരന്‍രാംജിത്ത് രാഘവിന് ഇനിയും കുട്ടികള്‍ വേണമെന്ന്ആഗ്രഹം.

അടുത്ത കുട്ടിയ്ക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ആറുമാസത്തിനുശേഷം ആരംഭിക്കുമെന്നാണ് രാംജിത് പറഞ്ഞിരിക്കുന്നത്.
ദ സണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

താന്‍ ഈ പ്രായത്തിലും ദാമ്പത്യം നന്നായി ആസ്വദിക്കുന്നുണ്ടെന്നാണ് രാംജിത്ത് പറയുന്നത്. ദിവസത്തില്‍ മൂന്നു തവണയെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമത്രേ ഇദ്ദേഹം.

എന്നാല്‍, തൊണ്ണൂറ്റി നാലാം വയസ്സില്‍ കുഞ്ഞ് പിറന്നതോടെ നിത്യേനയുള്ള ലൈംഗിക ജീവിതത്തിന് താല്‍ക്കാലിക
അവധി നല്‍കിയിരിക്കുകയാണ് താനെന്നും ഈ കര്‍ഷകന്‍ പറയുന്നു. മാത്രമല്ല ലൈംഗികതയാണ് വിവാഹജീവിതത്തിന്റെ അടിത്തറയെന്നും ഇദ്ദേഹം പുതുതലമുറയെ ഉപദേശിക്കുന്നു.

ഭര്‍ത്താവിന് ശരിക്കും ഒരു ഇരുപത്തിയഞ്ചുകാരന്റെ ചുറുചുറുക്ക് ഉണ്ടെന്നാണ് അമ്പതുകാരിയായ ഭാര്യ ശകുന്തളുടെയും അഭിപ്രായം . പിതാവിന്റെ റോളിലും രാംജിത്ത് തകര്‍ക്കുന്നുണ്ടെന്നാണ ഇവരുടെ അഭിപ്രായം.

ഇക്കഴിഞ്ഞ ഡിസംബറിലാണ് രാംജിത്ത് -ശകുന്തള ദമ്പതികള്‍ക്ക് ഒരു ആണ്‍കുട്ടി പിറന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ സുഖ പ്രസവമായിരുന്നു ശകുന്തളയുടേത്. കരംജിത്ത് എന്നാണ് ദമ്പതികള്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

Friday, January 21, 2011

PRO
അമ്മ വഴക്കുപറഞ്ഞു, അച്ഛന്‍ ആജ്ഞാപിച്ചു, കാമുകിയാവട്ടെ കരഞ്ഞപേക്ഷിച്ചു. പക്ഷേ ജോഷ് ആരാ മോന്‍. ജീന്‍സ് കഴുകില്ല എന്നുപറഞ്ഞാല്‍ കഴുകില്ല. കഴുകാതെ ഇട്ടുനടന്നത് രണ്ടോ മൂന്നോ ദിവസമല്ല. 15 മാസമാണ്(2009 സെപ്റ്റംബര്‍ 10 മുതല്‍ 2010 ഡിസംബര്‍ 17 വരെ). ഈ കാലയളവില്‍ ജീന്‍സിന്‍റെ അടുത്തുകൂടെപ്പോലും വെള്ളം കൊണ്ടുപോയില്ല.

കാനഡയിലെ ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായ ജോഷ്‌ ലെ(20)യുടെ ഒരു പരീക്ഷണമായിരുന്നു ഇത്. ജീന്‍സ് കുറച്ചുദിവസം അലക്കാതെ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ രോഗാണുക്കള്‍ ഉണ്ടാകുമെന്നും അവ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള ആരോപണങ്ങളെ വെല്ലുവിളിക്കാനായിരുന്നു ജോഷിന്‍റെ പരീക്ഷണം.

കൃത്യം 15 മാസം തികഞ്ഞപ്പോള്‍ ജീന്‍സുമായി യൂണിവേഴ്‌സിറ്റിയിലെ ടെക്‌സ്റ്റയില്‍സ്‌ പ്രഫസറായ റേച്ചല്‍ മക് ക്വീനെ ജോഷ് കാണാനെത്തി. താന്‍ ഉപയോഗിച്ച ജീന്‍സില്‍ രോഗാണുക്കള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പ്രൊഫസര്‍ പരിശോധിച്ചപ്പോള്‍ അതില്‍ കോടിക്കണക്കിന് ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ അവയൊന്നും ശരീരത്തെ ദോഷകരമായി ബാധിക്കുന്നതായിരുന്നില്ല.

അവിടം കൊണ്ടും തീര്‍ന്നില്ല ജോഷിന്‍റെ പരീക്ഷണം. ജീന്‍സ് അലക്കിയതിനു ശേഷം വീണ്ടും ഉപയോഗിച്ചു. 13 ദിവസം മാത്രമാണ് ഇത്തവണ ജോഷ് ജീന്‍സ് അലക്കാതെ തുടര്‍ച്ചയായി ഉപയോഗിച്ചത്. അതിനുശേഷം ബാക്ടീരിയകളുണ്ടോ എന്ന് കണ്ടെത്താനായി പ്രൊഫസറെ ഏല്‍പ്പിച്ചു. ഇത്തവണയാണ് പ്രൊഫസര്‍ ഞെട്ടിപ്പോയത്. 15 മാസം അലക്കാതിരുന്നപ്പോഴും 13 ദിവസം അലക്കാതിരുന്നപ്പോഴും ഒരേ അളവിലാണ് ജീന്‍സില്‍ ബാക്ടീരിയകള്‍ രൂപം കൊണ്ടത്. ഇനി പറയൂ, രണ്ടു ദിവസം കൂടുമ്പോള്‍ ജീന്‍സ് അലക്കുന്നവര്‍ മണ്ടന്‍‌മാരല്ലേ?

വാല്‍ക്കഷണം: 15 മാസം തുടര്‍ച്ചയായി ജോഷ് എങ്ങനെ ജീന്‍സ് ഉപയോഗിച്ചു? ദുര്‍ഗന്ധമുണ്ടാകില്ലേ? ഇങ്ങനെയൊരു ചോദ്യം സ്വാഭാവികമായും ഉണ്ടാകാം. അതിനുള്ള മറുപടിയും ജോഷ് തന്നെ നല്‍കുന്നു. ദുര്‍ഗന്ധമുണ്ടായി എന്നതു സത്യമാണ്. അപ്പോള്‍ ഞാന്‍ ജീന്‍സ് എടുത്ത് ഫ്രീസറില്‍ വച്ചു. ദുര്‍ഗന്ധം പോയേ പോച്ച്. എങ്ങനെയുണ്ട്?
::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...