Thursday, June 9, 2011

മത്സ്യബന്ധനം ഒഴിവാക്കൂ; പ്ലാസ്‌റ്റിക്‌ പെറുക്കൂ

ഫ്രാന്‍സിലെ മത്സ്യബന്ധനതൊഴിലാളികളോട്‌ മീന്‍ പിടിക്കരുതെന്നാണ്‌ യൂറോപ്യന്‍ യൂണിയന്റെ ഉത്തരവ്‌. കടലില്‍പോയി മീന്‍ പിടിക്കേണ്ട പകരം പ്ലാസ്‌റ്റിക്‌് പെറുക്കാനാണ്‌ യൂറോപ്യന്‍ യൂണിയന്‍ ഇവരോട്‌ പറയുന്നത്‌. മെഡിറ്ററേനിയന്‍ കടലില്‍ പ്ലാസ്‌റ്റിക്കിന്റെ ആധിക്യം കുറയ്‌ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ മത്സ്യബന്ധന തൊഴിലാളികളോട്‌ കടലില്‍നിന്ന്‌ പ്ലാസ്‌റ്റിക്ക്‌ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഇതിനു പ്രതിഫലവും ഇവര്‍ക്ക്‌ ലഭിക്കും.

കൂടുതല്‍ മീന്‍ പിടിച്ചാല്‍ കൂടുതല്‍ പണം ലഭിക്കുമെന്നതുപോലെയാണ്‌ കൂടുതല്‍ പ്ലാസ്‌റ്റിക്കുകള്‍ കടലില്‍നിന്നുശേഖരിച്ചാല്‍ കൂടുതല്‍ വേതനം ഇവര്‍ക്ക്‌ നല്‍കുന്നത്‌. വിനോദസഞ്ചാരികള്‍ കടലിലേക്കു വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളാണ്‌ മെഡിറ്ററേനിയനിലെ മത്സ്യസമ്പത്ത്‌ നേരിടുന്ന പ്രധാന ഭീഷണിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ പുതിയ പദ്ധതി.

റെക്കോര്‍ഡ്‌ സൃഷ്‌ടിക്കാന്‍ ശരീരത്തില്‍ തറച്ചത്‌ 3,200 സൂചികള്‍

ശരീരത്തില്‍ സൂചി ചെറുതായൊന്ന്‌ തൊട്ടാല്‍ പോലും കഠിനമായ വേദനയെടുക്കും. എങ്കില്‍ ഈ സൂചി തൊലിപ്പുറത്ത്‌ കുത്തിക്കയറ്റിയാലോ. വേദന അസഹനീയമായിരിക്കും. എന്നാല്‍, വേദന കടിച്ചമര്‍ത്തി ശരീരത്തില്‍ 3,200 സൂചികള്‍ തറച്ച്‌ റെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു അമേരിക്കന്‍ യുവതി. ഒറ്റയിരിപ്പില്‍ ശരീരത്തില്‍ കൂടുതല്‍ സൂചി തറച്ചു കയറ്റിയെന്ന റെക്കോഡാണ്‌ സറ്റ്യഷ റാന്‍ഡല്‍ എന്ന ഇരുപത്തിരണ്ടുകാരി സ്വന്തമാക്കിയത്‌. ഒമ്പതിഞ്ച്‌ നീളമുള്ള 3,200 വമ്പന്‍ സൂചികളാണ്‌ തൊലിപ്പുറത്തുകൂടി സറ്റ്യഷ തറച്ചു കയറ്റിയത്‌.

ലാസ്‌വേഗസിലായിരുന്നു സറ്റ്യഷയുടെ പ്രകടനം. പുറംഭാഗത്തും തുടയിലുമാണ്‌ സറ്റ്യഷ സൂചി തുളച്ചു കയറ്റിയത്‌. ബില്‍ റോബിന്‍സണ്‍ എന്നയാളും സഹായികളുമാണ്‌ ഈ സറ്റ്യയുടെ ശരീരത്തില്‍ സൂചികള്‍ തുളച്ചുകയറ്റിയത്‌. ആറു മണിക്കൂറും 15 മിനിട്ടുമെടുത്തു ഇത്രയും സൂചികള്‍ തുളച്ചു കയറ്റാന്‍.

3,600 സൂചികള്‍ തുളച്ചു കയറ്റാനായിരുന്നു ലക്ഷ്യം. എന്നാല്‍, മുന്‍ റെക്കോഡായ 3,100 എന്നത്‌ തിരുത്തിയതോടെ സറ്റ്യക്ഷ വേദന സഹിക്കവയ്യാതെ പ്രകടനം നിറുത്തുകയായിരുന്നു. സൂചി ഓരോ തവണ തൊലിയില്‍ കയറുമ്പോഴും സറ്റ്യഷയുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ വരുമായിരുന്നു. ചിലപ്പോള്‍ വേദന സഹിക്കവയ്യാതെ സറ്റ്യഷ അലറിക്കരയും. അപ്പോഴെല്ലാം സഹായികള്‍ സറ്റ്യഷയെ ബലമായി പിടിച്ചായിരുന്നു സൂചികള്‍ കയറ്റിയിരുന്നത്‌.

Tuesday, May 24, 2011

12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പല്‍ വലിച്ചു നീക്കി റെക്കോഡിട്ടു

20,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ കപ്പല്‍ വലിച്ചു നീക്കി ലോകറെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു സംഘം എസ്‌റ്റോണിയാക്കാര്‍. 20 പേരടങ്ങിയ സംഘമാണ്‌ കപ്പല്‍ വടം ഉപയോഗിച്ച്‌ വലിച്ചു നീക്കിയത്‌. 12 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലാണ്‌ എസേ്‌റ്റാണിയാക്കാര്‍ വലിച്ചുനീക്കിയത്‌. ബാള്‍ട്ടിക്ക്‌ ക്യൂന്‍ എന്നാണ്‌ കപ്പലിന്റെ പേര്‌. 212 മീറ്ററാണ്‌് ഈ കപ്പലിന്റെ നീളം.

അന്താരാഷ്ര്‌ടതലത്തിലെ ശക്‌തി മത്സരങ്ങളില്‍ കരുത്തുതെളിയിച്ചിട്ടുള്ളവര്‍ അടങ്ങിയതാണ്‌ ഈ സംഘം. 40 ടണ്‍ ഭാരമുള്ള കൂറ്റന്‍ ബോയിംഗ്‌ 737-500 വിമാനം ഒറ്റക്കൈകൊണ്ട്‌ തള്ളിനീക്കി ലോകറെക്കോഡ്‌ സ്വന്തമാക്കിയ ആന്‍ഡ്രസ്‌ മുറുമെറ്റ്‌സാണ്‌ സംഘത്തെ നയിച്ചത്‌. കഴിഞ്ഞവര്‍ഷം 200 ടണ്‍ ഭാരമുള്ള ഒരു കൂറ്റന്‍ ട്രെയിന്‍ വലിച്ചു നീക്കിയും ഈ സംഘം ലോകശ്രദ്ധനേടിയിരുന്നു.

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളുമില്ല

ഹെല്‍മെറ്റ്‌ ധരിക്കുന്നതെന്തിനാണെന്ന്‌ ഭോപ്പാലുകാരോട്‌ ചോദിച്ചാല്‍ പെട്രോള്‍ ലഭിക്കാനാണ്‌ എന്നായിരിക്കും ഉത്തരം. കാരണം, ഹെല്‍മെറ്റ്‌ ധരിക്കാത്ത മോട്ടോര്‍ സൈക്കിളുകാര്‍ക്ക്‌ ഇന്ധനം നല്‍കരുതെന്നാണ്‌ പെട്രോള്‍ പമ്പ്‌ ഉടമകള്‍ക്ക്‌ ഭോപ്പാല്‍ ജില്ലാ അധികൃതര്‍ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌. മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ്‌ ധരിക്കണമെന്നാണ്‌ നിയമം. എന്നാല്‍, ഭോപ്പാലുകാര്‍ക്ക്‌ ഇതത്ര ഇഷ്‌ടമുള്ള കാര്യമല്ല. കാരണം, ഹെല്‍മെറ്റുധരിച്ച്‌ യാത്ര ചെയ്‌താല്‍ സുന്ദരന്മാരായ തങ്ങളെ സുന്ദരിമാര്‍ കാണുകയില്ലെന്നാണ്‌ ഇവരുടെ പരാതി. പക്ഷേ, ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ധിച്ചതോടെയാണ്‌ മോട്ടോര്‍സൈക്കിളുകാരെ ഹെല്‍മെറ്റ്‌ ധരിപ്പിക്കാന്‍ ജില്ലാ അധികൃതര്‍ രംഗത്തെത്തിയത്‌.

ഹെല്‍മെറ്റ്‌ ധരിക്കാത്തവരില്‍നിന്ന്‌ പിഴ ഈടാക്കുകയായിരുന്നു ആദ്യനടപടി. മേയ്‌ 10ന്‌ ആരംഭിച്ച ഈ നടപടികൊണ്ടു കാര്യമായി പ്രയോജനമുണ്ടായില്ല. കഴിഞ്ഞ പത്തു ദിവസത്തിനിടെ 45,000 പേരെയാണ്‌ ഹെല്‍മെറ്റില്ലാതെ പിടികൂടിയത്‌. ഒടുവില്‍ കടുത്ത നടപടിയെന്ന നിലയിലാണ്‌ ഇന്ധനനിഷേധ മാര്‍ഗം പോലീസും ജില്ലാ അധികൃതരും പരീക്ഷിക്കുന്നത്‌. ഹെല്‍മെറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക്‌ പെട്രോള്‍ നല്‍കരുതെന്ന ജില്ലാ കളക്‌ടറുടെ ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പമ്പുടമകളില്‍നിന്ന കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്‌.

ഒബാമയ്‌ക്ക്‌ ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പ്‌ നല്‍കിയ പതിമൂന്നുകാരന്‍ കുടുങ്ങി

വിറ്റോ ലാപിന്റോ എന്ന പതിമൂന്നുകാരന്‍ ഇന്റര്‍നെറ്റിലെ സൗഹൃദശൃംഖല വെബ്‌സൈറ്റായ ഫേസ്‌ബുക്കില്‍ സജീവമാണ്‌. അമേരിക്കന്‍ സൈനികര്‍ ഒസാമയെ വധിച്ച ദിവസം വിറ്റോ ഫേസ്‌ബുക്കില്‍ എഴുതി. ഒസാമ മരിച്ചു. എന്നാല്‍, ഒബാമ കരുതിയിരിക്കണം. ചാവേര്‍ ബോംബാക്രമണങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്‌.

കൗമാരക്കാരന്‍ നടത്തിയ നിരുപദ്രവമായൊരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു ഇത്‌. എന്നാല്‍, അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ഇതിനെ അത്ര ചെറുതായല്ല കണ്ടത്‌. അവര്‍ സ്‌കൂളിലെത്തി വിറ്റോയെ ചോദ്യം ചെയ്‌തു. അല്‍ ക്വയ്‌ദയുടെ ഏതെങ്കിലും കുട്ടിക്കൂട്ടാളിയായിരിക്കും വിറ്റോ എന്നു കരുതിയാണ്‌ അമേരിക്കന്‍ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോഴേ വിറ്റോ കരഞ്ഞുതുടങ്ങി. ഒടുവില്‍ ഇനി ഫേസ്‌ബുക്കില്‍ പ്രവേശിക്കില്ലെന്ന്‌ സത്യം ചെയ്‌തതോടെയാണ്‌ രഹസ്യാന്വേഷകര്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു മടങ്ങിയത്‌.

ഫേസ്‌ബുക്ക്‌ പ്രേമികളായ ദമ്പതികള്‍ മകള്‍ക്ക്‌ പേരിട്ടു... ലൈക്ക്‌

സൗഹൃദ വെബ്‌സൈറ്റായ ഫേസ്‌ബുക്കിന്റെ സ്വാധീനം ആഗോളതലത്തില്‍ വര്‍ധിച്ചുവരികയാണ്‌. ടുണീഷ്യയിലെയും ഈജിപ്‌തിലെയും ലിബിയയിലെയും ജനകീയ വിപ്ലവങ്ങളില്‍ ഫേസ്‌ബുക്കിനുള്ള സ്‌ഥാനം തള്ളിക്കളയാനാവില്ല. എന്നാല്‍, ഫേസ്‌ബുക്കിനോടുള്ള പ്രേമം തലയ്‌ക്കു പിടിച്ച്‌ ഈ വെബ്‌സൈറ്റിലെ ഒരു ടാബിന്റെ പേര്‌ മകള്‍ക്കിട്ടാലോ. ഇസ്രേലി ദമ്പതികളായ ലിയോറും വാര്‍ദിത്‌ ആഡ്‌ലറുമാണ്‌ മകള്‍ ലൈക്ക്‌ എന്നു പേരിട്ട്‌ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചത്‌.

ഫേസ്‌ബുക്കില്‍ ഓരോ ഫോട്ടോയുടെയും കമന്റിന്റെയും ചുവടെ ലൈക്ക്‌ എന്നൊരു ടാബും കാണും. വലതുകൈ ചുരട്ടി തള്ളവിരല്‍ മാത്രം ഉയര്‍ത്തി പിടിച്ചുള്ള ചിഹ്നത്തോടൊപ്പം ലൈക്ക്‌ എന്ന്‌ എഴുതിയിട്ടുണ്ടാവും. ഫോട്ടോയും കമന്റുമൊക്കെ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഈ ലൈക്ക്‌ ടാബില്‍ ക്ലിക്ക്‌ ചെയ്യാം. ഈ ലൈക്ക്‌ ടാബ്‌ ഇഷ്‌ടപ്പെട്ടാണ്‌ ലിയോറും വാര്‍ദിതും തങ്ങളുടെ മൂന്നാമത്തെ പുത്രിക്ക്‌ ലൈക്ക്‌ എന്നു പേരിട്ടത്‌. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക്‌ ഇസ്രേലി പേരുകളാണ്‌ ഇവര്‍ നല്‍കിയത്‌. മൂന്നാമത്തെ കുട്ടി ജനിച്ചപ്പോള്‍ വ്യത്യസ്‌തമായൊരു പേരു നല്‍കണമെന്ന ആഗ്രഹത്താലാണ്‌ ഇവര്‍ ലൈക്ക്‌ എന്നു പേരിട്ടത്‌. ഫേസ്‌ബുക്കിലെ ലൈക്ക്‌ എന്ന ടാബാണ്‌ കുഞ്ഞിന്‌ ഈ പേരു നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ ദമ്പതികള്‍ പറയുന്നത്‌.

ചന്ദ്രനിലേക്കൊരു വിനോദയാത്ര

ആകാശത്ത്‌ വിളങ്ങിനില്‍ക്കുന്ന ചന്ദ്രനിലേക്കൊരു യാത്ര നടത്താന്‍ ആഗ്രഹിക്കാത്താവരായി ആരുണ്ട്‌. ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങള്‍ നിധിപോലെ സൂക്ഷിച്ചുവച്ചായിരിക്കും ഇത്തരക്കാര്‍ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണം നടത്തുന്നത്‌. എന്നാല്‍, ചന്ദ്രയാത്രയെന്നുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഒരു കമ്പനി രംഗത്തെത്തിയിരിക്കുകയാണ്‌. 17 ദിവസം നീളുന്നൊരു ബഹിരാകാശ യാത്ര. ഇന്റര്‍നാഷണല്‍ സ്‌പേസ്‌ സെന്ററിലെ താമസവും ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ ചുറ്റക്കറക്കവും ഉള്‍പ്പെടുന്നതാണ്‌ ഈ ട്രിപ്പ്‌.

ചെലവ്‌ അല്‌പം കൂടുമെന്നുമാത്രം. 675 കോടി രൂപ മുടക്കാന്‍ തയാറാകുന്ന ഏതൊരാള്‍ക്കും ചന്ദ്രനെ ചുറ്റിയടിച്ച്‌ ഭൂമിയിലെത്താം. സ്‌പേസ്‌ അഡ്‌വെഞ്ചര്‍ എന്ന കമ്പനിയാണ്‌ ട്രാവല്‍ ഏജന്റുമാര്‍. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ചാണ്‌ ഇവരുടെ പ്രവര്‍ത്തനം. റഷ്യന്‍ ബഹിരാകാശ വാഹത്തിലായിരിക്കും ചന്ദ്രനെ ചുറ്റിയടിച്ചുവരാന്‍ ബഹിരാകാശ വിനോദസഞ്ചാരികള്‍ യാത്രയാവുക.

2015 മുതല്‍ വിനോദസഞ്ചാരികളെ ചന്ദ്രനില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ്‌ ഇവര്‍. നിലവില്‍ ഒരാള്‍ ചാന്ദ്രയാത്രയ്‌ക്കായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു കഴിഞ്ഞു. 2020തോടെ 140 വിനോദയാത്രക്കാരെയെങ്കിലും ചന്ദ്രന്‍ ചുറ്റിയടിച്ച്‌ കാണിക്കാനാണ്‌ കമ്പനിയുടെ പദ്ധതി.
::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...