Thursday, June 9, 2011

മത്സ്യബന്ധനം ഒഴിവാക്കൂ; പ്ലാസ്‌റ്റിക്‌ പെറുക്കൂ

ഫ്രാന്‍സിലെ മത്സ്യബന്ധനതൊഴിലാളികളോട്‌ മീന്‍ പിടിക്കരുതെന്നാണ്‌ യൂറോപ്യന്‍ യൂണിയന്റെ ഉത്തരവ്‌. കടലില്‍പോയി മീന്‍ പിടിക്കേണ്ട പകരം പ്ലാസ്‌റ്റിക്‌് പെറുക്കാനാണ്‌ യൂറോപ്യന്‍ യൂണിയന്‍ ഇവരോട്‌ പറയുന്നത്‌. മെഡിറ്ററേനിയന്‍ കടലില്‍ പ്ലാസ്‌റ്റിക്കിന്റെ ആധിക്യം കുറയ്‌ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ മത്സ്യബന്ധന തൊഴിലാളികളോട്‌ കടലില്‍നിന്ന്‌ പ്ലാസ്‌റ്റിക്ക്‌ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഇതിനു പ്രതിഫലവും ഇവര്‍ക്ക്‌ ലഭിക്കും.

കൂടുതല്‍ മീന്‍ പിടിച്ചാല്‍ കൂടുതല്‍ പണം ലഭിക്കുമെന്നതുപോലെയാണ്‌ കൂടുതല്‍ പ്ലാസ്‌റ്റിക്കുകള്‍ കടലില്‍നിന്നുശേഖരിച്ചാല്‍ കൂടുതല്‍ വേതനം ഇവര്‍ക്ക്‌ നല്‍കുന്നത്‌. വിനോദസഞ്ചാരികള്‍ കടലിലേക്കു വലിച്ചെറിയുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളാണ്‌ മെഡിറ്ററേനിയനിലെ മത്സ്യസമ്പത്ത്‌ നേരിടുന്ന പ്രധാന ഭീഷണിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ പുതിയ പദ്ധതി.

റെക്കോര്‍ഡ്‌ സൃഷ്‌ടിക്കാന്‍ ശരീരത്തില്‍ തറച്ചത്‌ 3,200 സൂചികള്‍

ശരീരത്തില്‍ സൂചി ചെറുതായൊന്ന്‌ തൊട്ടാല്‍ പോലും കഠിനമായ വേദനയെടുക്കും. എങ്കില്‍ ഈ സൂചി തൊലിപ്പുറത്ത്‌ കുത്തിക്കയറ്റിയാലോ. വേദന അസഹനീയമായിരിക്കും. എന്നാല്‍, വേദന കടിച്ചമര്‍ത്തി ശരീരത്തില്‍ 3,200 സൂചികള്‍ തറച്ച്‌ റെക്കോഡ്‌ സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു അമേരിക്കന്‍ യുവതി. ഒറ്റയിരിപ്പില്‍ ശരീരത്തില്‍ കൂടുതല്‍ സൂചി തറച്ചു കയറ്റിയെന്ന റെക്കോഡാണ്‌ സറ്റ്യഷ റാന്‍ഡല്‍ എന്ന ഇരുപത്തിരണ്ടുകാരി സ്വന്തമാക്കിയത്‌. ഒമ്പതിഞ്ച്‌ നീളമുള്ള 3,200 വമ്പന്‍ സൂചികളാണ്‌ തൊലിപ്പുറത്തുകൂടി സറ്റ്യഷ തറച്ചു കയറ്റിയത്‌.

ലാസ്‌വേഗസിലായിരുന്നു സറ്റ്യഷയുടെ പ്രകടനം. പുറംഭാഗത്തും തുടയിലുമാണ്‌ സറ്റ്യഷ സൂചി തുളച്ചു കയറ്റിയത്‌. ബില്‍ റോബിന്‍സണ്‍ എന്നയാളും സഹായികളുമാണ്‌ ഈ സറ്റ്യയുടെ ശരീരത്തില്‍ സൂചികള്‍ തുളച്ചുകയറ്റിയത്‌. ആറു മണിക്കൂറും 15 മിനിട്ടുമെടുത്തു ഇത്രയും സൂചികള്‍ തുളച്ചു കയറ്റാന്‍.

3,600 സൂചികള്‍ തുളച്ചു കയറ്റാനായിരുന്നു ലക്ഷ്യം. എന്നാല്‍, മുന്‍ റെക്കോഡായ 3,100 എന്നത്‌ തിരുത്തിയതോടെ സറ്റ്യക്ഷ വേദന സഹിക്കവയ്യാതെ പ്രകടനം നിറുത്തുകയായിരുന്നു. സൂചി ഓരോ തവണ തൊലിയില്‍ കയറുമ്പോഴും സറ്റ്യഷയുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ വരുമായിരുന്നു. ചിലപ്പോള്‍ വേദന സഹിക്കവയ്യാതെ സറ്റ്യഷ അലറിക്കരയും. അപ്പോഴെല്ലാം സഹായികള്‍ സറ്റ്യഷയെ ബലമായി പിടിച്ചായിരുന്നു സൂചികള്‍ കയറ്റിയിരുന്നത്‌.
::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...